മഴയത്ത് ഹസാർഡ് ലൈറ്റ് മിന്നിച്ച് വാഹനം ഓടിക്കണോ? വണ്ടിയോടിക്കുന്ന പലർക്കും ഇതറിയില്ല!
മഴയത്ത് കാറിൽ ഒരു ഡ്രൈവ് പോവാൻ ഇഷ്‌ടമുള്ളവരാണല്ലോ നമ്മളിൽ പലരും. കോരിച്ചൊരിയുന്ന മഴയത്ത് ഇഷ്‌ടപ്പെട്ട പാട്ടൊക്കെയിട്ട് വണ്ടിയോടിച്ചുകൊണ്ട് പോവുന്നത് വശ്യമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഇതൊരു അടിപൊളി ഫീലാണെങ്കിലും മറുവശത്ത് ഇതിൽ കുറച്ച് റിസ്‌ക് എലമെന്റുകളും ഉണ്ടെന്ന് വേണം പറയാൻ. മഴ തകർത്ത് പെയ്യുമ്പോൾ കാഴ്ച്ചമറയുന്നതാണ് അതിൽ പ്രധാന സംഗതി. എല്ലാം വ്യക്തമായി കണ്ടുകൊണ്ട് ഡ്രൈവ് ചെയ്യാനാവില്ലെന്നതാണ് ഇതിലെ വെല്ലുവിളി. മഴ പെയ്യുമ്പോഴേ ചിലർ കാറിൽ ചെയ്യുന്ന ആദ്യ കാര്യമായിരിക്കും ഹസാർഡ് ലൈറ്റ് (Hazard Light) ഓൺ ചെയ്യുക എന്നത്.
കാറുകളിൽ മാത്രമല്ല, ഇപ്പോഴത്തെ ന്യൂജെൻ ബൈക്കുകളിലും ഹസാർഡ് ലൈറ്റുകൾ ആവശ്യമില്ലാതെ നൽകാറുണ്ട്. ചിലരിത് നാല് റോഡുകൾ ചേരുന്നിടത്ത് നേരേ പോകാനുള്ള സിഗ്നൽ ആണെന്നാണ് കരുതിയിരിക്കുന്നത്. മഴയിലും മൂടല്‍മഞ്ഞിലും വാഹനമോടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് ഇടുന്നവരാണ് നമുക്കിടയിൽ കൂടുതലുമുള്ളത്. സ്വയം ദൃശ്യമാകാൻ ഏറ്റവും നല്ല മാർഗം ഹസാർഡ് ലൈറ്റുകൾ ആണെന്ന ധാരണയിലാണ് ഇതൊക്കെ ചെയ്‌ത് കൂട്ടുന്നത്.

റോഡിലിറങ്ങുമ്പോള്‍ വാഹനത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള മാര്‍ഗമായാണ് ന്യൂജെൻ റൈഡർമാർ ഇത് ബൈക്കുകളിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ മഴയിൽ വാഹനമോടിക്കുമ്പോൾ, ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്ന ഒന്നാണ്. ഹസാർഡ് ലൈറ്റുകൾ അടിയന്തര ആവശ്യങ്ങൾക്കായി പ്രകാശിപ്പിക്കുന്നതിനും വാഹനം വേഗത്തിൽ കണ്ടെത്തുന്നതിനുമായി രക്ഷാപ്രവർത്തനം നടത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്നത് വാഹനം ഓടിക്കുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും അറിവില്ലാത്ത സംഗതിയാണ്.
എന്താണ് ഹസാർഡ് ലൈറ്റുകൾകൊണ്ടും ശരിക്കുള്ള ഉപയോഗമെന്ന് പറഞ്ഞുതരാം. കൂടാതെ മഴയത്ത് ഹസാർഡ് ലൈറ്റുകൾ തെളിച്ച് വാഹനമോടിക്കണോ എന്നതിനുള്ള ഉത്തരവും കൂടെ പറയാം. നിയമപ്രകാരം കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഹസാര്‍ഡ് ലൈറ്റുകള്‍ നിര്‍ബന്ധമാണ്. മോട്ടോർസൈക്കിളുകൾക്ക് ഈ സംഗതി ബാധകമേയല്ലെങ്കിലും സ്റ്റൈലിനായി കൊടുക്കുന്ന കമ്പനികളാണ് അധികവും.

ഇനി നമ്മുടെ കാര്യത്തിലേക്ക് വരാം. മഴയത്ത് ഹസാർഡ് ലൈറ്റുകൾ തെളിച്ച് വാഹനമോടിക്കണമോയെന്ന് ചേദിച്ചാൽ ഒറ്റവാക്കിൽ വേണ്ട എന്നുതന്നെ പറയാം. ഹസാർഡ് ലൈറ്റുകൾ ഓണാക്കുമ്പോൾ എതിരെയും പിന്നിലൂടെയും വരുന്ന വാഹനങ്ങൾക്ക് നിങ്ങൾ റോഡിൽ ഏത് ഭാഗത്താണുള്ളതെന്ന് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. എന്നാൽ ഒരു ബ്രേക്ക് ഡൗണോ, അപകടമോ, ഇന്ധനം തീർന്നേതോ, അല്ലെങ്കിൽ മുന്നിൽ എന്തെങ്കിലും തടസം കണ്ടിട്ടോ ഒക്കെയുള്ള സന്ദർഭങ്ങളിൽ മാത്രമേ ഹസാർഡുകൾ ഉപയോഗിക്കാവൂ.
ഹസാർഡ് ലൈറ്റുകളും പാർക്കിംഗ് ലൈറ്റുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന കാര്യവും ഇക്കൂടെ മനസിലാക്കി വെക്കുക. വാഹനമോടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാൻ പാടില്ല. മഴയത്ത് ഹസർഡ് ലൈറ്റുകൾ ഉപയോഗിച്ചാൽ വാഹനമോടിക്കുന്നവർ ബ്രേക്ക് ചവിട്ടുണ്ടോയെന്ന് പിന്നിലൂടെ വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ മനസിലാക്കാനും കഴിഞ്ഞേക്കില്ല. ഇത് അപകട സാധ്യതയും വർധിപ്പിക്കും.

അതോടൊപ്പം തന്നെ ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ ഇത് ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന സംഗതിയാണ്. മുകളിൽ പറഞ്ഞുപോലെ ഹസാർഡ് ലൈറ്റുകൾ അടിയന്തര ആവശ്യങ്ങൾക്കായി പ്രകാശിപ്പിക്കുന്നതിനും വാഹനം വേഗത്തിൽ കണ്ടെത്തുന്നതിനുമായി രക്ഷാപ്രവർത്തനം നടത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. അപ്പോൾ മഴയത്ത് റോഡിൽ ഇറങ്ങുമ്പോൾ വിസിബിലിറ്റി കിട്ടാനായി എന്തൊക്കെ ചെയ്യണമെന്ന് പലർക്കും കൺഫ്യൂഷൻ വന്നേക്കാം.
മഴയത്ത് വാഹനമോടിക്കുമ്പോൾ കാഴ്ച്ച മെച്ചപ്പെടുത്താനായി നിങ്ങൾക്ക് ഹെഡ്‌ലൈറ്റ് അല്ലെങ്കിൽ ഫോഗ് ലാമ്പുകൾ ഉപയോഗിക്കാം എന്നതാണ് ഏറ്റവും നല്ല മാർഗം. മിക്ക പുതിയ കാറുകളും 'ഓട്ടോ ഹെഡ്‌ലാമ്പ് ഓൺ' ഫംഗ്‌ഷൻ കൊണ്ടാണ് വരുന്നത്. ഇത് മഴ പെയ്യാൻ തുടങ്ങുമ്പോൾ യാന്ത്രികമായി ഓണാവുകയും ചെയ്യും. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഹെഡ്‌ലൈറ്റും ഫോഗ് ലാമ്പും ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
ആയതിനാൽ മഴക്കാലത്തേക്കായി വാഹനത്തെ ഒന്ന് ഒരുക്കുന്നതും നല്ലതാണ്. ഹെഡ്‌ലാമ്പുകൾ ഉൾപ്പെടെയുള്ള കാറിലെ ലൈറ്റുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ലോ-ഹൈ ബീം, ടെയിൽലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം പ്രവർത്തന ക്രമത്തിലാണെന്നും ഉറപ്പുവരുത്തുക. മോശം ബാറ്ററി ഹെഡ്‌ലാമ്പിൻ്റെ തീവ്രത കുറയ്ക്കുന്ന കാര്യമാണ്. അതിനാൽ മഴക്കാലത്ത് നിങ്ങളുടെ ബാറ്ററിയുടെ ലൈഫ് പരിശോധിക്കേണ്ടതും അത്യാവിശ്യമാണ്. ഇങ്ങനെ മഴയത്ത് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്ന ശീലം നമുക്ക് മാറ്റിയെടുക്കാം.


Click it and Unblock the Notifications








