ഇതായിരുന്നല്ലേ കൂടുതൽ ആളുകളും വെള്ള കളർ കാർ വാങ്ങാൻ കാരണം, നമ്മൾ ഈ രഹസ്യം അറിയാതെ പോയല്ലോ
പുത്തനൊരു കാർ വാങ്ങാൻ ചെല്ലുമ്പോൾ ഏറ്റവും കൂടുതൽ കൺഫ്യൂഷനടിക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും ഏത് കളർ തെരഞ്ഞെടുക്കുമെന്നത്. ഇന്നത്തെ കാലത്ത് കാറുകളുടെ നിറങ്ങളിൽ നിരവധി ഓപ്ഷനുകളുള്ളതിനാൽ ശരിയായ നിറം തെരഞ്ഞെടുക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നതിൽ തർക്കമൊന്നുമില്ലാത്ത കാര്യമാണ്. ഇനി ഏതെങ്കിലും നിറം ഉറപ്പിച്ചാൽ വീട്ടിലുള്ളവർക്കും കൂട്ടുകാർക്കുമെല്ലാം എതിർ അഭിപ്രായവും ഉണ്ടാവും. പക്ഷേ വണ്ടി വാങ്ങുമ്പോൾ കളർ ശ്രദ്ധയോടെ വാങ്ങിയില്ലെങ്കിൽ പല പ്രശ്‌നങ്ങളും നേരിട്ടേക്കാമെന്നത് പലർക്കും അറിയില്ല. റീസിയെൽ വാല്യൂ, മെയിന്റനെൻസ് ചെയ്യാനുള്ള പൊല്ലാപ്പ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ടാവും.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന കളർ ഓപ്ഷൻ വൈറ്റാണ്. ഒന്ന് റോഡിലേക്കിറങ്ങിയാൽ വെള്ള കാർ ഏതെങ്കിലും പത്തെണ്ണം കാണാതെ തിരിച്ചുകയറാനാവില്ലെന്നതാണ് സത്യം. അത് എന്തുകൊണ്ടാണ് ഭൂരിഭാഗം ആളുകളും അവരുടെ കാറുകൾക്ക് വൈറ്റ് കളർ തെരഞ്ഞെടുക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും പ്രായോഗികവും ലാഭകരവുമായ നിറമാണ് വെള്ള എന്നതാണ് ഇതിന്റെ പിന്നിലുള്ള രഹസ്യം.

പരിപാലിക്കാൻ എളുപ്പവും കാലങ്ങളോളം മങ്ങാതെ ഈട് നിൽക്കുന്നതു മൂലമാണ് വെളുത്ത നിറത്തിലുള്ള കാറുകൾ വിപണിയിലും റോഡുകളിലും ആധിപത്യം പുലർത്തുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. വെള്ള നിറം ഏറ്റവും ബുദ്ധിപരമായ തെരഞ്ഞെടുപ്പാകാനുള്ള കാരണങ്ങൾ കൃത്യമായി പറഞ്ഞുതരാം. പുതിയൊരു വണ്ടി വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഇതുവായിക്കാതെ പോയി ബുക്ക് ചെയ്യാൻ നിൽക്കേണ്ട കേട്ടോ. ഇനി കാര്യത്തിലേക്ക് വരാം.
കുറഞ്ഞ മെയിന്റനെൻസ് ചെലവ്: വൈറ്റ് കളർ ഓപ്ഷനിലുള്ള കാർ കൊണ്ടുനടക്കാനും പരിപാലിക്കാനും വളരെ എളുപ്പമാണ്. എവിടെയെങ്കിലും തട്ടിയാലും മുട്ടിയാലും ഒന്ന് റീപെയിന്റ് ചെയ്യുന്നത് മറ്റ് നിറങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ്. കാരണം വിപണിയിൽ ഈ നിറം എളുപ്പത്തിൽ ലഭ്യമാണെന്നത് തന്നെയാണ്. പ്രത്യേക നിറങ്ങൾ അല്ലെങ്കിൽ കസ്റ്റമൈസ് നിറങ്ങൾക്ക് പലപ്പോഴും വില കൂടുതലാണ്. അതുപോലെ തന്നെ മാറ്റ് ഫിനിഷുകളും വിലയേറിയതാണെന്നത് ഓർമിക്കണേ.

ഉയർന്ന റീസെയിൽ വാല്യു: പുതിയൊരു വണ്ടിയെടുക്കുമ്പോൾ പിന്നീട് ഒരു ഘട്ടത്തിൽ കൊടുക്കുമ്പോൾ വലിയ നഷ്‌ടം വരരുതെന്ന് പലരും ആഗ്രഹിക്കാറുണ്ട്. അത്തരക്കാർക്ക് കണ്ണുംപൂട്ടി വൈറ്റ് കളർ ഓപ്ഷൻ തെരഞ്ഞെടുക്കാം. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് വൈറ്റ് നിറത്തിലുള്ള കാറുകൾക്കാണ്. പരിപാലിക്കാനുള്ള എളുപ്പമാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം.
വാസ്തവത്തിൽ 2024-ൽ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ട കാറുകളിൽ ഏകദേശം 49 ശതമാനവും വെളുത്ത നിറത്തിലുള്ളവയായിരുന്നുവെന്ന് BASF കളർ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. അതേസമയം ബ്ലാക്ക് കളർ ഓപ്ഷനിലുള്ള കാറുകൾ വാങ്ങിയത് 18 ശതമാനം മാത്രമാണ്. ഇന്ത്യയിൽ നിരത്തിലിറങ്ങുന്ന 10 കാറുകളിൽ 7 എണ്ണം വെളുത്തതാണെന്നതും രസകരമായ സംഗതിയാണ്. അങ്ങനെ വിൽക്കുമ്പോൾ വേഗത്തിൽ ആളെ കണ്ടെത്താനും ഇത് സഹായിക്കും.

കൂടുതൽ കാലം തിളക്കം നിൽക്കും: ഉപയോഗിക്കുന്ന കാർ എപ്പോഴും നന്നായിരിക്കാൻ ആഗ്രഹിക്കാത്ത ഉടമകളുണ്ടാവില്ല അല്ലേ. അങ്ങനെയുള്ളവർക്ക് അനുയോജ്യമാണ് വൈറ്റ് കളർ ഓപ്ഷൻ. റെഡ്, ബ്ലാക്ക് നിറമുള്ള കാറുകൾക്ക് ദിവസേന നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ നിറം മങ്ങാനും പാടുകൾ ദൃശ്യമാകാനും സാധ്യത കൂടുതലാണ്. അതേസമയം വെളുത്ത കാറുകൾ വേഗത്തിൽ പഴക്കം തോന്നില്ലെന്നതും പെയിന്റ് മങ്ങുമ്പോൾ പോലും പോറലുകൾ ദൃശ്യമാവില്ലെന്നതും ഗുണകരമാണ്.
വേനൽക്കാലത്തുമുണ്ട് ഗുണം: വേനൽക്കാലത്ത് ലൈറ്റ് കളർ വസ്ത്രങ്ങൾ ധരിക്കുമ്പോഴുണ്ടാവുന്നത് പോലെയുള്ള ഗുണങ്ങൾ കാറിന്റെ കാര്യത്തിലുമുണ്ട്. ഡാർക്ക് നിറങ്ങളിലുള്ളവയെ അപേക്ഷിച്ച് വെളുത്ത കാറുകൾ കൂടുതൽ സൂര്യപ്രകാശവും ചൂടും പ്രതിഫലിപ്പിക്കും. സൂര്യപ്രകാശത്തിൽ ഒരു മണിക്കൂർ പാർക്ക് ചെയ്താൽ ഒരു ബ്ലാക്ക് കാറിന്റെ താപനില 70 ഡിഗ്രി സെൽഷ്യസും സിൽവർ നിറമുള്ള കാറിന്റെ താപനില 63 ഡിഗ്രി സെൽഷ്യസുമായിരിക്കും.
അതേസയം ഒരു വൈറ്റ് കളർ കാറിന്റെ താപനില ഏകദേശം 44 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നുമാണ് പഠനങ്ങൾ കാണിക്കുന്നത്. ഇന്ത്യയിലെ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ഈ വ്യത്യാസം പ്രകടമാവുകയും ചെയ്യും. ഉള്ളിൽ ചൂട് കുറയുന്നത് എസിയെ ആശ്രയിക്കാതിരിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നതിനാൽ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യവുമില്ല. ഇന്ത്യയുടെ ചൂടും റീസെയിൽ വാല്യുവും അടിസ്ഥാനമാക്കി നോക്കുകയാണെങ്കിൽ നിങ്ങളുടെ കാറിന്റെ നിറം വെളുത്തതായിരിക്കുന്നതാണ് ഉചിതം എന്ന് സാരം.


Click it and Unblock the Notifications








