ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന ഷിംജിത അറസ്റ്റില്‍: പ്രതിഷേധവുമായി ബിജെപി
സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ട ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. മെഡിക്കല്‍ പരിശോധനയ്ക്കായി ഷിംജിതയെ കൊയിലാണ്ടി ആശുപത്രിയില്‍ വൈകാതെ ഹാജരാക്കും.
കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തില്‍ രൂക്ഷമായ പ്രതിഷേധമാണ് വീഡിയോ ചിത്രീകരിച്ച ഷിംജിതയ്‌ക്കെതിരെ ഉയര്‍ന്നത്. ഷിംജിത രാജ്യം വിട്ടു പോകാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പൊലീസ് പുറത്തിറക്കിയിരുന്നു. ഇതേതുടര്‍ന്ന് ഷിംജിത കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഷിംജിതയുടെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിയിട്ടുണ്ട്. ഷിംജിതയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടാല്‍ ശക്തമായ പ്രതിഷേധം സൃഷ്ടിക്കാനാണ് തീരുമാനമെന്ന് ബിജെപി പ്രതിനിധികള്‍ പറഞ്ഞു.

ഷിംജിതയെ അറസ്റ്റ് ചെയ്ത് സ്വകാര്യ വാഹനത്തിലാണ് പൊലീസ് മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയത്. രഹസ്യമായിട്ടായിരുന്നു അറസ്റ്റ് നടന്നത്. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നാളെ കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായത്. സ്വകാര്യ ബസിനുള്ളില്‍ വച്ച് ദീപക് മോശമായി പെരുമാറി എന്ന് ആരോപിക്കുന്ന ഷിംജിതയുടെ റീല്‍ പ്രചരിച്ചതിനു പിന്നാലെയാണ് മനോവിഷമത്താല്‍ ദീപക് ആത്മഹത്യ ചെയ്തത്. ഷിംജിതയുടെ പ്രവൃത്തി ഏറെ വിമര്‍ശിക്കുകയും സംസ്ഥാനത്തുടനീളം വലിയ രോഷമുണ്ടാക്കുകയും ചെയ്തിരുന്നു. ഷിംജിതയുടെ റീല്‍ ചിത്രീകരണം യഥാര്‍ത്ഥ അതിജീവിതകള്‍ക്കു പോലും നീതി ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്നും വിമര്‍ശനമുയര്‍ന്നു. ഭാഗ്യലക്ഷ്മി, സീമ ജി നായര്‍, ഹരീഷ് കണാരന്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ഷിംജിതയ്‌ക്കെതിരേ രംഗത്തുവന്നു. വിഷയത്തില്‍ മെന്‍സ് കമ്മിഷന്‍ ദീപക്കിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്തിരുന്നു.
മരിച്ച ദീപക്കിന്റെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബസ് യാത്രക്കിടെ യുവാവ് മോശമായി പെരുമാറി എന്നാരോപിച്ച് കൊണ്ടുള്ള വീഡിയോയാണ് ഷിംജിത സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വീഡിയോ വൈറലായതിനു പിന്നാലെ മനോവിഷമത്തില്‍ ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
സംഭവം സംസ്ഥാനത്ത് വലിയ ചര്‍ച്ചയായതോടെ ഷിംജിതയെ പിടികൂടാനും ദീപക്കിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ഫോണ്‍ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതിന് ശേഷമാണോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതെന്ന് പരിശോധിക്കും. ദീപക് മോശമായി പെരുമാറിയ കാര്യം പൊലീസിനെ അറിയിച്ചിരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കള്ളമാണെന്ന് പിന്നീട് വ്യക്തമായി. ഇതും ഷിംജിതയുടെ ആരോപണങ്ങള്‍ ദുര്‍ബലമാകാന്‍ കാരണമായി. എഡിറ്റ് ചെയ്ത ദൃശ്യങ്ങളും ഷിംജിതയെ സംശയമുനയില്‍ നിര്‍ത്തി.
സംഭവദിവസം ഷിംജിതയും ദീപക്കും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബസ് ജീവനക്കാരുടെ മൊഴിയും ശേഖരിച്ചിരുന്നു. ബസിനുള്ളില്‍ ദീപക് ഷിംജിതയോട് മോശമായി പെരുമാറിയതായി ശ്രദ്ധയില്‍പെട്ടില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
Credit: Oneindia


Click it and Unblock the Notifications








