ലോകകപ്പിൽ ഇന്ത്യ-പാക് ഫൈനലിന് അരങ്ങൊരുങ്ങുന്നു? സെമിയിൽ നേർക്കുനേർ ഉണ്ടാവില്ല, സാധ്യതകൾ ഇങ്ങനെ
ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയം നേടി സെമിഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് 2-ലെ ഒന്നാം സ്ഥാനക്കാരായി മൂന്ന് വിജയങ്ങളോടെയാണ് അവർ യോഗ്യത ഉറപ്പിച്ചത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഈ ജയം പാകിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകൾക്ക് വഴിതുറന്നുവെന്നതാണ്. അതിന് പിന്നാലെ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിൽ മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനുള്ള സാധ്യതകൾ ഇപ്പോഴും അധികമാണ്.
സൂപ്പർ 8 ഘട്ടത്തിൽ ഒരു പോയിന്റ് മാത്രമാണ് പാകിസ്ഥാനുള്ളത്. ന്യൂസിലൻഡിനെതിരെയുള്ള ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയും, രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്‌തതാണ് അവരുടെ നിലവിലെ സാഹചര്യം മോശമാക്കിയത്. ഇതോടെയാണ് പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താവുമോ എന്ന ചോദ്യം ഉയരുന്നത്.

ഇന്ന് കാൻഡിയിലെ പല്ലേക്കെലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് പാകിസ്ഥാൻ മൂന്നാം മത്സരം കളിക്കുക. ഈ കളി വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ അവർക്ക് സെമിയിൽ കടക്കാനാകൂ. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ കുറഞ്ഞത് 65 റൺസിനും, രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 13 ഓവറിനുള്ളിൽ ലക്ഷ്യം പിന്തുടർന്നും അവർക്ക് നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തി അവസാന നാലിൽ ഇടം നേടേണ്ടതുണ്ട്.
ഇന്ത്യ-പാക് പോരാട്ടത്തിന് കളം ഒരുങ്ങുന്നോ?
ഇന്ത്യ സൂപ്പർ 8 റൗണ്ട് ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ തോൽവിയോടെയാണ് തുടങ്ങിയതെങ്കിലും, സിംബാംബ്‌വെക്കെതിരെ 72 റൺസിന്റെ ആധികാരിക ജയം നേടി ഗംഭീരമായി തിരിച്ചെത്തി. രണ്ട് മത്സരങ്ങളിൽ നിന്ന് 2 പോയിന്റും -0.100 നെറ്റ് റൺറേറ്റുമാണ് ഇന്ത്യക്കുള്ളത്. വെസ്‌റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ, ഇന്ത്യയുടെ സെമി സാധ്യതകൾ കൂടുതൽ വ്യക്തമായി.
എങ്കിലും ഇന്ത്യയും പാകിസ്ഥാനും സെമി ഫൈനലിൽ പരസ്‌പരം ഏറ്റുമുട്ടാനുള്ള സാധ്യതയില്ല. ഗ്രൂപ്പ് 1-ൽ ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് 2-ൽ ഇംഗ്ലണ്ടും ഒന്നാം സ്ഥാനക്കാരായി ഇതിനോടകം യോഗ്യത ഉറപ്പിച്ചു. ഒരു ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും മറ്റൊരു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ് സെമിഫൈനലുകൾ നടക്കുക. സെമിയിൽ കടക്കുകയാണെങ്കിൽ തന്നെ ഇന്ത്യയും പാകിസ്ഥാനും അവരവരുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനക്കാരാവാനാണ് സാധ്യത.
ഇന്ത്യയും പാകിസ്ഥാനും കലാശപ്പോരാട്ടത്തിൽ ഇറങ്ങുമോ?
ഈ സാഹചര്യത്തിൽ, ഇന്ത്യയും പാകിസ്ഥാനും അവരവരുടെ സെമിഫൈനലുകളിൽ വിജയിച്ചാൽ മാത്രമേ ഫൈനലിൽ കാണാൻ സാധിക്കൂ. മാർച്ച് 8 ഞായറാഴ്‌ച കൊളംബോയിലെ ആർ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്. കാര്യങ്ങൾ എല്ലാം പ്രതീക്ഷിച്ചത് പോലെ നടന്നാൽ ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടാനുള്ള സാധ്യത ഉണ്ട്.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പാകിസ്ഥാനെ ഏകപക്ഷീയമായി തകർത്തിരുന്നു. ബാറ്റിങിലും, ബൗളിംഗിലും ഫീൽഡിങ്ങിലും എന്ന് വേണ്ട സകല മേഖലകളിലും ഇന്ത്യയാണ് മികച്ചു നിന്നത്. ഒരുപക്ഷേ ഇരു ടീമുകളും ഫൈനലിൽ എത്തിയാൽ 2007ലെ ലോകകപ്പിന് സമാനമായിരിക്കും കാര്യങ്ങൾ.
Credit: Mykhel


Click it and Unblock the Notifications








