Car Stunting On Public Road പൊതുനിരത്തിൽ 19-കാരന്റെ കാർ അഭ്യാസം, 1.33 ലക്ഷം രൂപ പിഴയിട്ട് പൊലീസ്
സമൂഹമാധ്യമങ്ങളിൽ സ്റ്റാറാവാൻ വേണ്ടി നിരത്തുകളിൽ അഭ്യാസ പ്രകടനം നടത്തി വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് നമ്മുടെ യുവതമുറയുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്. വൈറലാവാൻ സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റിടുന്നവരുടെ പിന്നാലെയാണ് പൊലീസ് ഇപ്പോൾ. ജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിക്കുന്നവരോട് വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായവും.
എത്ര കൈതെളിഞ്ഞവരായാലും പൊതുനിരത്തുകളിൽ ഇത്തരം അഭ്യാസങ്ങൾ ഉണ്ടാക്കിവെച്ചേക്കാവുന്ന അപകടങ്ങൾ എത്ര വലുതാണെന്നുള്ള ബോധവത്ക്കരണങ്ങളൊക്കെ നൽകേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്. ഇത്തരം ആളുകളെ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്യുന്ന വിവിധ സംഭവങ്ങൾ ഇതിനോടകം പലയിടത്തും കാണുകയും കേൾക്കുകയും വരെ ചെയ്‌തു കഴിഞ്ഞതാണ്. പിതാവിന്റെ കാറുമായി റോഡിൽ അഭ്യാസം നടത്തിയ മകന് 1.33 ലക്ഷം രൂപ പിഴയിട്ടതാണ് ഇപ്പോൾ വൈറലായിരിക്കുന്ന പുതിയ വാർത്ത.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. നാലുവരി പാതയിലൂടെ വേഗത്തില്‍ വരുന്ന ഹ്യുണ്ടായി എലൈറ്റ് i20 ഡീവിയേഷന് സമീപത്തുനിന്ന് ഡ്രിഫ്റ്റ് ചെയ്ത് എതിര്‍ദിശയിലേക്ക് വരുന്നതാണ് വീഡിയോ. അതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയാണ് ഈ അഭ്യാസ പ്രകടനം ഷൂട്ട് ചെയ്‌തത്. രണ്ട് ഘട്ടമായാണ് വീഡിയോ റെക്കോർഡ് ചെയ്‌തിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഒറ്റവരി പാതയിലൂടെ കാറോടിച്ച ശേഷം എതിര്‍ദിശയിലേക്ക് കയറി ഡ്രിഫ്റ്റ് ചെയ്ത് നിര്‍ത്തുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.
ഇന്ത്യയിൽ ഇത്തരം നിയമലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നുവരുന്നുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി ആളുകള്‍ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തുകയായിരുന്നു. എന്തായാലും പൊലീസ് ഇതിനോട് കൃത്യമായ രീതിയിൽ പ്രതികരിച്ച് നടപടിയെടുത്തിരിക്കുകയാണ്. സംഭവം 19 വയസുള്ളയാളാണ് നടത്തിയിരിക്കുന്നതെന്നറിഞ്ഞപ്പോൾ പലരും ഞെട്ടി. വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി വാഹനത്തിന്റെ വിവരം ശേഖരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാൽ കാർ കൗമാരക്കാരന്റെ പിതാവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
പക്ഷേ ഇനിയും ട്വിസ്റ്റുകളുണ്ട്. വീഡിയോ വൈറലാകുകയും ആളുകൾ പരാതിപ്പെടാൻ തുടങ്ങുകയും ചെയ്തതോടെ ട്രാഫിക് പൊലീസ് കാർ ശ്രദ്ധിക്കുകയും ഉടമയുടെ വിശദാംശങ്ങൾ കണ്ടെത്തുകയും ചെയ്തു. പൊതുനിരത്തുകളിൽ സ്റ്റണ്ടുകൾ നടത്തിയതിന് ചലാൻ നൽകാനും മറ്റ് വിശദാംശങ്ങൾ കണ്ടെത്താനും ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോഴാണ് കാറിനെക്കുറിച്ച് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കാർ നിയമം ലംഘിക്കുന്നത് ഇതാദ്യമല്ലെന്നാണ് ആ കണ്ടെത്തൽ. അടുത്തിടെയുള്ള മറ്റൊരു സ്റ്റണ്ട് വീഡിയോയ്ക്ക് ട്രാഫിക് പൊലീസ് 33,000 രൂപ നേരത്തെ തന്നെ ഫൈനടിച്ചിരുന്നു.
2019 മുതല്‍ ഇതുവരെ നിമയലംഘനത്തെ തുടര്‍ന്ന് 15 ചലാനാണ് കൗമാരക്കാരൻ കൊണ്ടുനടക്കുന്ന ഹ്യുണ്ടായി എലൈറ്റ് i20 കാറിന് ലഭിച്ചിട്ടുള്ളത്. കാറിന്റെ ഉടമ പിഴയടക്കാതെ കൂടുതൽ നിയമങ്ങൾ ലംഘിച്ച് റോഡിൽ കാർ ഉപയോഗിക്കുകയായിരുന്നു. ചലാനുകൾ കെട്ടിക്കിടക്കുന്ന വിവരം വകുപ്പ് അധികൃതർ അറിഞ്ഞതോടെ ഡ്രൈവർക്കും വാഹനത്തിനുമെതിരെ ഉദ്യോഗസ്ഥർ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതിനൊപ്പം വാഹനവും പൊലീസ് പിടിച്ചെടുത്തു. ഗ്രേറ്റർ നോയിഡയിലെ കംബക്ഷ്പൂർ ഗ്രാമവാസിയായ ശ്യാംവീർ എന്ന 19 കാരാനാണ് അറസ്റ്റിലായിരിക്കുന്നത്.
അങ്ങനെയാണ് 2019 മുതല്‍ ഇതുവരെ നടത്തിയ നിയമലംഘനങ്ങളുടെ പിഴ 1.33 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. റെഡ് നിറത്തിലുള്ള ഹ്യുണ്ടായി എലൈറ്റ് i20 കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതോടൊപ്പം 19-കാരന്റെ ലൈസൻസും റദ്ദാക്കും. പൊലീസ് ഇതിനോടകം ഇതിനായുള്ള നടപടികൾ ആരംഭിക്കുകയും ഗതാഗത വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കാർ ഓടിച്ചയാൾ പത്താം ക്ലാസ് വിദ്യാർഥിയാണെന്നും ഡ്രൈവിംഗ് ലൈസൻസിൽ 19 വയസായി കാണിക്കുന്നതിനാൽ അയാളുടെ പ്രായത്തെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി ഈ രേഖകളും പരിശോധിക്കും. വാഹനം ഓടിക്കുന്നയാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കുകയും വിദ്യാർഥിക്ക് എങ്ങനെ വ്യാജ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചുവെന്നറിയാൻ അന്വേഷണം ആരംഭിക്കുകയും ചെയ്യും.
റോഡ് പൊതു ഇടമാണെന്നും ഇത്തരം സ്ഥാലങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണെന്നും പോലീസ് പറയുന്നു. കേരളത്തിൽ നിരത്തിൽ ബൈക്കിലും കാറിലുമെല്ലാം അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടിയിലേക്ക് നീങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുക, പിഴ ഈടാക്കുക എന്നിവയാണ് ചെയ്യുന്നത്.


Click it and Unblock the Notifications








