മീൻവണ്ടിയെന്ന് പറഞ്ഞാൽ എല്ലാർക്കും അറിയാം, പഴഞ്ചൻ M80 പണിതെടുത്ത് ഞെട്ടിച്ച് കാസ്രോട്ടാരൻ പയ്യൻ
പണ്ട് കാലത്ത് മീൻവിൽക്കാൻ വരുന്ന ചേട്ടൻമാരോടൊപ്പം കണ്ടിരുന്ന സഹയാത്രികനായിരുന്നു ബജാജ് M80 (Bajaj M80) എന്നുവിളിക്കുന്ന ഇതിഹാസ ഇരുചക്ര വാഹനം. ഇന്നത്തെ തലമുറയ്ക്ക് ഇവനെ അത്ര പരിചയമില്ലെങ്കിലും 90 കിഡ്‌സിന് ഈ പേര് പറഞ്ഞാൽ തന്നെ വാഹനത്തിന്റെ രൂപം മനസിലേക്ക് കയറി വരും. നമ്മുടെയൊക്കെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു M80. മീൻ വിൽക്കാൻ മാത്രമല്ല, പലരും ഡ്രൈവിംഗ് ടെസ്റ്റ് (Driving Test) പാസായതും ഈ ഇടിവെട്ട് വണ്ടിയിലായിരിക്കാം. ഈ വണ്ടിയില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ എളുപ്പമല്ലാത്തൊരു കാലവുമുണ്ടായിരുന്നു.
മീൻകാരൊക്കെ ഈ വണ്ടിവിറ്റ് മറ്റ് മോഡലുകളിലേക്ക് ചേക്കേറിയെങ്കിലും ഡ്രൈവിംഗ് സ്കൂളുകളിലെ ആശാൻമാരുടെ ചോറായിരുന്നു ഇവൻ. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരം 95 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന ചട്ടം വന്നതോടെ ഈ മേഖലയിൽ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു ബജാജ് M80. അങ്ങനെ ഇങ്ങനെയൊരു വണ്ടിയുണ്ടായിരുന്ന കാര്യം വരെ പലരും മനപൂർവം മറക്കുകയുണ്ടായി.

എന്നാൽ ഇപ്പോഴിതാ ഏവർക്കും ഗൃഹാതുരത്വം നൽകുന്ന മധുര ഓർമകളുള്ള ഒരു M80 സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരിക്കുകയാണ്. പലരും യമഹ RX100 ബൈക്കിന്റെയെല്ലാം പിന്നാലെ പായുമ്പോൾ ഒരു വ്യക്തി 1998 മോഡൽ ബജാജ് M80 മോഡിഫൈ ചെയ്‌ത് ഉപയോഗിക്കുകയാണ്. ഇത്രയും വെറൈറ്റിയായുള്ള ഐഡിയ ഇതുവരെ മറ്റാരുടേയും മനസിൽ ഉദിച്ചില്ലല്ലോയെന്നതാണ് രസകരമായ കാര്യം.
അതും ഈ 90 സിസി വണ്ടി ഉപയോഗിച്ച് ഓഫ്-റോഡ് ട്രാക്കുകൾ പര്യവേക്ഷണം ചെയ്യുകയാണ് ഇതിന്റെ ഉടമ എന്നത് കൂടി കേട്ടാൽ പലരും അത്ഭുതപ്പെട്ടേക്കും. ബജാജ് M80 റീസ്റ്റോർ ചെയ്യ്തു ഞെട്ടിച്ച റെക്കോർഡ് നേടിയതാവട്ടെ ഒരു കാസറഗോഡുകാരൻ കൂടിയാണെന്നത് അറിയുമ്പോൾ സംഗതി കളറാവും. ഷാരൂ ഷീൻ എന്ന ബൈക്ക് പ്രേമിയുടേതാണ് ഈ വാഹനം. തുരുമ്പെടുത്ത് പോയ M80 ആണ് പൂർണമായും റീസ്റ്റോർ ചെയ്‌ത് ഈ ചെറുപ്പക്കാരൻ എടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ പലർക്കും പരിചിതനായ ദിലീപ് പിജിയാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ ബജാജ് M80 മോഡലിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ റൈഡർ തൻ്റെ ഓഫ്-റോഡ് വില്ലയിലേക്ക് വന്നതായാണ് വ്ലോഗർ പരാമർശിക്കുന്നത്. വില്ല എവിടെയാണെന്ന് കൃത്യമായി അറിയില്ലെങ്കിലും ഇതിലെ ഹൈലൈറ്റ് ഈ 98 മോഡൽ വാഹനമാണ്. പലരും മോഡേൺ ബൈക്കുകളുടെ പിന്നാലെ പോവുന്ന കാലത്താണ് ഷാരൂ ഷീൻ എന്ന ചെറുപ്പക്കാരന്റെ വേറിട്ട ഐഡിയ കൈയടി നേടുന്നത്.
ഷാരൂ ഷീൻ സ്വമേധയാ ആണ് ഈ 1998 മോഡൽ മോപ്പഡ് റീസ്റ്റോർ ചെയ്‌തിരിക്കുന്നത്. ഇതിന്റെ വീഡിയോ അദ്ദേഹത്തിന്റെ സ്വകാര്യ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. സാധാരണയായി 4x4 എസ്‌യുവികളും അല്ലെങ്കിൽ അഡ്വഞ്ചർ ബൈക്കുകളും ഉപയോഗിച്ച് പര്യവേക്ഷണം ചെയ്യുന്ന കഠിനമായ ഓഫ്-റോഡിംഗാണ് M80-യിൽ ഇതിന്റെ ഉടമ ചെയ്യുന്നത്. ചെളി നിറഞ്ഞ പാതകളിലൂടെ ബൈക്കർ M80 അനായാസം ഓടിക്കുന്നത് വീഡിയോയിൽ കാണാം.

M80 ഇത്രത്തോളം മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്നതിൽ താൻ ശരിക്കും ആശ്ചര്യപ്പെട്ടുവെന്ന് ദിലീപ് റീലിൽ പരാമർശിക്കുന്നുമുണ്ട്. എന്തിന് നമ്മൾ പോലും അത്ഭുതപ്പെട്ടു പോവുന്ന തരത്തിലാണ് വണ്ടിയുടെ പോക്ക്. ഭാരം കുറവായതും മറ്റും ഇതിന് ഏറെ സഹായകരമായിട്ടുണ്ട്. ശരിക്കും ഒരു മോപ്പഡായാണ് ബജാജ് M80 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. റെഡ്, വൈറ്റ് കോമ്പിനേഷനിൽ വരുന്ന കളർ ഓപ്ഷൻ കൂടിയാവുമ്പോൾ വാഹനത്തിന്റെ രൂപം മൊത്തത്തിൽ കിടിലമാവുന്നുമുണ്ട്.
ഹാൻഡിൽബാറിൽ ഘടിപ്പിച്ച ഗിയർ ഷിഫ്റ്ററും ഇതിന് റെട്രോ ഫീലാണ് സമ്മാനിരക്കുന്നത്. വളരെ പ്രായോഗികമായ ഒരു ഇരുചക്ര വാഹനമായിരുന്നു എന്നതിനാൽ തന്നെ മീൻകാരിലും ഡ്രൈവിംഗ് സ്കൂളിനും പുറമെ ഗ്രാമപ്രദേശങ്ങളിലെ കടയുടമകൾക്കിടയിലും M80 വളരെ ജനപ്രിയമായിരുന്നു. മെലിഞ്ഞ രൂപമായിരുന്നുവെങ്കിലും ബൈക്കിലേതു പോലെ വലിയ വീലുകളും ടയറുകളുമെല്ലാമായാണ് സ്കൂട്ടർ വന്നത്.
ഇതെല്ലാം ബജാജ് M80-യുടെ ആകർഷണം വർധിപ്പിച്ചു. ടൂ സ്ട്രോക്ക് 75 സിസി എഞ്ചിനായിരുന്നു ഇതിന് തുടിപ്പേകിയിരുന്നത്. ഭാരം കുറഞ്ഞതും രസകരവുമായ റൈഡാണ് ഈ മോപെഡ് സമ്മാനിച്ചിരുന്നത്. M80 എന്ന മോഡലിന് മുമ്പ്, ബജാജിന് M50 എന്നൊരു മോപ്പഡ് കൂടിയുണ്ടായിരുന്നു. ഈ രണ്ട് മോപ്പഡുകളും ഒരേപോലെ കാണപ്പെട്ടുവെങ്കിലും പിൻഗാമിക്ക് കൂടുതൽ പെർഫോമൻസും മറ്റും ലഭിച്ചിരുന്നു. M50 ബജാജിൻ്റെ വിപണിയിലെ ആദ്യത്തെ സ്റ്റെപ്പ്-ത്രൂ അല്ലെങ്കിൽ മോപെഡായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








