20 ലക്ഷം രൂപയ്ക്ക് 51 ദിവസം കപ്പൽ യാത്ര, എംവി ഗംഗാ വിലാസ് ഒരു സംഭവം തന്നെ
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല യാത്രയ്ക്ക് ഇന്ത്യയിൽ തുടക്കം. എംവി ഗംഗാ വിലാസ് എന്നു പേരിട്ടിരിക്കുന്ന കപ്പലിന്റെ കന്നി യാത്ര ഇന്നലെ പ്രധാന മന്ത്രിയാണ് ഫ്ലാഗ്ഓഫ് ചെയ്‌തത്. വാരണാസിയില്‍ നിന്നാരംഭിച്ച് ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡില്‍ പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല യാത്രയെന്നാണ് ഇത് അറിയപ്പെടുന്നത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി എംവി ഗംഗാ വിലാസിന്റെ ഉദ്ഘാടനം പൂർത്തിയാക്കിയത്. വിനോദ സഞ്ചാരമേഖലയുടെ പുതിയ യുഗത്തിനാണ് ഈ ആഡംബര ക്രൂയിസ് കപ്പൽ തുടക്കം കുറിച്ചിരിക്കുന്നതെന്നും വിശേഷിപ്പിക്കാനാവും. ടിക്കറ്റുകള്‍ അന്താരാഷ്ട്ര ലക്ഷ്വറി റിവര്‍ ക്രൂയിസിന്റെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാമെങ്കിലും രണ്ടു വര്‍ഷത്തേക്കുള്ള എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

ഇതിനോടകം ബുക്കിംഗ് എല്ലാം പൂർത്തിയാക്കിയ കപ്പലിൽ 2024 ഏപ്രിലിനു ശേഷം മാത്രമാവും പുതിയ ബുക്കിംഗ് സാധ്യമാകുമെന്ന് ഗംഗാ വിലാസ് പ്രവർത്തിപ്പിക്കുന്ന ലക്ഷ്വറി റിവർ ക്രൂയിസിന്റെ സ്ഥാപകനും സിഇഒയുമായ രാജ് സിംഗ് പറഞ്ഞു. 62 മീറ്റർ നീളമുള്ള ഈ നൗക പൂർണമായും ഇന്ത്യയിലാണ് നിർമ്മിച്ചത്, ഇതിന് 68 കോടി രൂപയാണ് ചെലവ്. മറ്റെവിടെയെങ്കിലും ലഭിക്കുമായിരുന്നതിന്റെ പകുതി വിലയ്ക്കാണ് ഇത് നിർമിച്ചിരിക്കുന്നതെന്നും സിംഗ് പറഞ്ഞു.

വര്‍ഷത്തില്‍ 6 തവണയാണ് ഗംഗാ വിലാസ് യാത്രകള്‍ നടത്തുക. ഇരുപതാം നുറ്റാണ്ടിലെ ജര്‍മ്മന്‍ ചിത്രകാരന്‍ ജോസഫ് ആല്‍ബേഴ്‌സിന്റെ സൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ് കപ്പലിന്റെ അകത്തളങ്ങള്‍. 27 നദികളിലൂടെ 51 ദിവസം നീളുന്ന റിവര്‍ ക്രൂയിസ് ടൂറിസമാണ് എംവി ഗംഗാ വിലാസിലൂടെ പൂർത്തിയാവുന്നത്.

ഒരു ദിവസം ക്രൂയിസിൽ യാത്ര ചെയ്യാൻ 25,000 രൂപയും 51 ദിവസത്തെ ക്രൂയിസിന് ഒരു യാത്രക്കാരന് 20 ലക്ഷം രൂപയുമാണ് ചെലവ് വരുന്നത്. കപ്പൽ അതിന്റെ 51 ദിവസത്തെ യാത്രയിൽ 3,200 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. വിദേശ വിനോദസഞ്ചാരികൾക്ക് രാജ്യം കാണാനും വൈവിധ്യം അനുഭവിക്കാനും എംവി ഗംഗാ വിലാസ് ആഡംബര കപ്പൽ അവസരമൊരുക്കുമെന്ന് ഉദ്ഘാടന വേളയിൽ മോദി പറഞ്ഞു.

ഫ്ലാഗ് ഓഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചിട്ടുണ്ട്. ഗംഗാ വിലാസിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടന്നാൽ ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുൾപ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും ഈ യാത്രയിൽ സന്ദർശിക്കാം. 62 മീറ്റർ നീളവും 12 വീതിയുമുള്ളഗംഗാ വിലാസിൽ 3 ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളാണ് ക്രൂയിസ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്.

ദിബ്രുഗഢിലേക്കുള്ള യാത്രയിൽ, വെജിറ്റേറിയൻ ഇന്ത്യൻ വിഭവങ്ങളും മദ്യം ഇല്ലാത്ത പാനീയങ്ങളും മാത്രമേ യാത്രക്കാർക്ക് നൽകൂ. സിംഗ് പറയുന്നതനുസരിച്ച് അതിഥികൾക്ക് പ്രാദേശിക ഭക്ഷണവും സീസണൽ പച്ചക്കറികളും നൽകും, കപ്പലിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണമോ മദ്യമോ ഉണ്ടാകില്ല. ലോകത്തിലെ ഏറ്റവും നീളംകൂടിയ റിവര്‍ ക്രൂയിസ് ഗംഗാ വിലാസ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ക്രൂയിസ് കപ്പലാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാവുന്നുണ്ട്.

സ്പാ, സലൂണ്‍, ജിം തുടങ്ങിയ സൗകര്യങ്ങള്‍ ക്രൂയിസില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ക്രൂയിസ് ഡയറക്ടര്‍ രാജ് സിംഗ് പറഞ്ഞു. മലിനീകരണ രഹിത സംവിധാനവും ശബ്ദനിയന്ത്രണ സാങ്കേതികവിദ്യയും ഫില്‍ട്ടറേഷന്‍ പ്ലാന്റും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട് എന്നതു കൂടാതെ ഗംഗയിലേക്ക് മലിനജലം ഒഴുക്കാതിരിക്കാന്‍ മലിനജല ശുദ്ധീകരണ പ്ലാന്റും, കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഗംഗാജലം ശുദ്ധീകരിക്കുന്ന ഫില്‍ട്ടറേഷന്‍ പ്ലാന്റും ഈ കപ്പലില്‍ ഉണ്ടെന്ന് ക്രൂയിസ് ഡയറക്ടര്‍ അവകാശപ്പെടുന്നത്.

ഗംഗ, ഭാഗീരഥി, ഹ്ലൂഗി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാല്‍ തുടങ്ങി 27 നദികളിലൂടെയാണ് കപ്പലിന്റെ സഞ്ചാരം. വാരണാസിലെ ഗംഗാ ആരതി, ഏറ്റവും വലിയ നദി ദ്വീപായ അസമിലെ മജുലി, ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗ, വിക്രംശില യൂണിവേഴ്‌സിറ്റി, സുന്ദര്‍ ഡെല്‍റ്റ, കാസിരംഗ ദേശീയ ഉദ്യാനം, ബിഹാറിലെ പട്‌ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങി പ്രധാന നഗരങ്ങളിലൂടെയുള്ള ഈ യാത്രയിലൂടെ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും കല, സംസ്‌കാരം, ചരിത്രം എന്നിവ അനുഭവിക്കാനും കപ്പൽ അവസരമൊരുക്കുന്നുണ്ട്.


Click it and Unblock the Notifications








