എല്ലാം ഇതിലുണ്ട്...! 2022-ൽ വിപണിയിൽ എത്തിയ ഫീച്ചർ-റിച്ച് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
ഇലക്ട്രിക് വാഹനങ്ങൾക്ക് ജനപ്രീതി ഉയരുകയാണ്. ഒരു വർഷം കൂടി പിന്നിടുമ്പോൾ ഇന്ത്യയിലെ ഇവി രംഗത്ത് വൻ കുതിപ്പാണ് ഉണ്ടാവുന്നതും. രാജ്യത്തെ ഇലക്ട്രിക് മോഡലുകൾക്കായുള്ള ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ലെങ്കിലും ദൈനംദിന ഉപയോഗങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രത്യേകിച്ചും ഇലക്ട്രിക് ടൂവീലർ സെഗ്മെന്റാണ് വൻതോതിലുള്ള വളർച്ച കൈവരിക്കുന്നവർ.
പെട്രോൾ വില ഉയർന്നു തന്നെ നിൽക്കുന്നതാണ് ഇലക്ട്രിക്കിലേക്ക് കുടിയേറാൻ ഉപഭോക്താക്കളെ നിർബന്ധിക്കുന്ന പ്രധാന കാര്യം. 2022-ൽ നിരവധി ഇലക്ട്രിക്-സ്കൂട്ടർ ലോഞ്ച് ചെയ്‌തതും ഡിമാന്റ് ഉയരാൻ കാരണമായിട്ടുണ്ട്. പ്രീമിയം മുതൽ ചൈനീസ് മോഡലുകൾ വരെ, വിവിധ പേരുകളിൽ ഈ വർഷം ഇന്ത്യൻ വിപണിയിലെത്തി. അവയിൽ ചിലത് വിപുലമായ സവിശേഷതകളാൽ സമ്പന്നവുമായാവയാണ്. ഇന്നത്തെ കാലത്ത് വാഹനം വാങ്ങുന്നവരുടെ പ്രധാന പരിഗണനയും ഇതുതന്നെയാണ്. അതിനാൽ, ഈ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള സ്കൂട്ടറുകളിതാ...

ഏഥർ 450X Gen 3
പുതിയ ഫീച്ചറുകളും ഹാർഡ്‌വെയറും ഉപയോഗിച്ച് ഏഥർ അടുത്തിടെ അവരുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ലൈനപ്പ് നവീകരിച്ചു. 450 X, 450 പ്ലസ് ജെൻ 3 മോഡലുകൾ അവയുടെ വലിയ ബാറ്ററി പാക്കുകൾക്കൊപ്പം കൂടുതൽ റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ബെംഗളൂരൂ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി മൂന്നാംതലമുറ ആവർത്തനത്തെ വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ 2 GB റാമും 16 GB റോമും ഇവിയിൽ ഇടംപിടിച്ചിട്ടുണ്ട്.
റൈഡിംഗ് മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, നാവിഗേഷൻ, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, OTA അപ്‌ഡേറ്റുകൾ, ജിയോ-ഫെൻസിംഗ്, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ്, ഫാസ്റ്റ് ചാർജിംഗ് എന്നിവയും അതിലേറെയും പോലുള്ള മറ്റ് സവിശേഷതകളും ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഏഥർ 450X ജെൻ 3 ഇവിക്ക് 1.55 ലക്ഷം രൂപയും 450 പ്ലസ് ജെൻ 3 പതിപ്പിന് ഇന്ത്യയിൽ 1.34 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ഓല S1, S1 എയർ
ഓല ഇലക്ട്രിക് ഇന്ത്യയിൽ S1 ഇലക്‌ട്രിക് സ്കൂട്ടറിനെ പുനരവതരിപ്പിച്ച വർഷമായിരുന്നു 2022. പിന്നീട് S1 എയർ എന്ന ഏറ്റവും താങ്ങാനാവുന്ന വേരിയന്റും കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. S1 പ്രോ നൽകുന്ന മിക്ക ഫീച്ചറുകളും S1, S1 എയർ എന്നിവ വാഗ്ദാനം ചെയ്യുന്നു. അതിനാൽ നിങ്ങൾക്ക് ടച്ച്‌സ്‌ക്രീൻ TFT, നാവിഗേഷൻ, റൈഡ് മോഡുകൾ, മ്യൂസിക് പ്ലേ ബാക്ക്, OTA അപ്‌ഡേറ്റുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, സൈഡ് സ്റ്റാൻഡ് അലേർട്ട് എന്നിവയും മറ്റും ലഭിക്കും. രണ്ട് സ്കൂട്ടറുകളും റേഞ്ച്, ടോപ്പ് സ്പീഡ്, ബ്രേക്കിംഗ്, സസ്‌പെൻഷൻ ഹാർഡ്‌വെയർ എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നത് മാത്രമാണ് പ്രത്യേകത. ഓല S1 എയറിന് 84,999 രൂപയ്ക്കും S1-ന് 99,999 രൂപയുമാണ് വില.
ടിവിഎസ് ഐക്യൂബ് ശ്രേണി
ടിവിഎസും തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിനെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ തീരുമാനിച്ച വർഷമായിരുന്നു 2022. ഐക്യൂബ് ശ്രേണി ഇപ്പോൾ ബേസ്, S, ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാങ്ങാനാവും. നിലവിൽ ST, ബേസ്, S എന്നീ മോഡലുകൾ മാത്രമാണ് വാങ്ങാനാവുന്നത്. ഇതിലെ S പതിപ്പിൽ TFT സ്‌ക്രീനുകൾ, നാവിഗേഷൻ, ജിയോ-ഫെൻസിംഗ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ആന്റി-തെഫ്റ്റ് അലേർട്ട് എന്നിവയും അതിലേറെയും സവിശേഷതകളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് മോഡലുകൾക്കും റൈഡ് മോഡുകളും ലൈവ് ലൊക്കേഷൻ സ്റ്റാറ്റസും ലഭിക്കും.
ഹീറോ വിഡ
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും ഇലക്ട്രിക് ടൂവീലർ രംഗത്തേക്ക് ചുവടുവെച്ച വർഷമാണ് കടന്നു പോവുന്നത്. കമ്പനിയുടെ ഉപ ബ്രാൻഡായ വിഡ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ പ്രവേശിച്ച ബ്രാൻഡ് V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് മോഡലുകൾ അവതരിപ്പിച്ചു. രണ്ടിലും എൽഇഡി ലൈറ്റിംഗ്, ഏഴ് ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, റൈഡ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് ഓപ്പറേഷൻ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, എസ്ഒഎസ്. അലേർട്ടുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് സമ്മാനിച്ചിരിക്കുന്നതും.
വിഡ V1 പ്ലസിന് 1.45 ലക്ഷം രൂപയും V1 പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നൂറു കിലോമീറ്ററിലധികം റേഞ്ച് ഉള്ള രണ്ടു മോഡലുകളാണ് ഹീറോ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഒരേ മോട്ടറാണ് ഉള്ളതെങ്കിലും ബാറ്ററി, റേഞ്ച്, പെർഫോമൻസ് എന്നിവയിൽ ഇരു മോഡലുകളും വ്യത്യസ്തരാണ്. 3.9kW ഇലക്ട്രിക് മോട്ടർ പുറത്തെടുക്കുന്ന കരുത്ത് 8 എച്ച്പി. ആക്സിലറേഷനിൽ ഇരു മോഡലുകളിലും വ്യത്യാസമുണ്ട്. പ്ലസിന്റേത് 3.44kWh ബാറ്ററി പാക്കും പ്രോയിൽ 3.94kWh ബാറ്ററിയുമാണ്.


Click it and Unblock the Notifications








