ജെസിബി വരെ മെരുക്കിയ അമ്മൂമ്മയാ, പിന്നെയല്ലേ സ്പോർട്‌സ് കാർ; വീണ്ടും വൈറലായി രാധാമണി അമ്മ
പ്രായം അമ്പത് കഴിഞ്ഞാൽ തന്നെ പ്രായമായെന്നും പറഞ്ഞ് മടിപിടിച്ചിരിക്കുന്നവരാണ് നാം കാണുന്ന പലരും. അതിപ്പോൾ പുരുഷനായാലും സ്ത്രീയായാലും കാര്യങ്ങൾ അങ്ങനെ തന്നെയാണ്. അത്തരക്കാർക്കിടയിൽ പ്രായം ഒന്നിനും പരിമിതിയല്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് കൊച്ചി തോപ്പുംപടി സ്വദേശി രാധാമണി അമ്മ. ഈ 72-ാം വയസിലും ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി അമ്മൂമ്മ പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സൂപ്പർ കാറിലെത്തിയാണ് ഈ 72-കാരി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുന്നത്. ഉറങ്ങുന്ന സമയത്ത് കൊച്ചുമക്കൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്ന നിങ്ങളുടെ സ്ഥിരം അമ്മൂമ്മ ലൈനിൽ നിന്നും മാറി ചിന്തിക്കുന്ന രാധാമണി എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണെന്ന് നിസംശയം പറയാം. ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ ഓടിക്കുന്ന അമ്മൂമ്മ ഇപ്പോൾ വീഡിയോയിലൂടെ വൈറലായിട്ടുണ്ട്.

രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. പിന്നീട് അവിടുന്നിങ്ങോട്ട് ഹെവി വാഹനങ്ങളും ജെസിബിയും പോലുള്ള വമ്പൻ വണ്ടികളാണ് അനായാസം കൈകാര്യം ചെയ്യുന്നത്. A2Z ഹെവി എക്യുപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സ്പോർട്‌സ് കാറോടിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം മഹീന്ദ്ര ഥാറിൽ വന്ന് നേരെ സ്പോർട്‌സ് കാറിലേക്ക് കയറി പറപ്പിക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ പ്രായമായവർ വണ്ടിയോടിക്കുന്നത് ഒരു സാധാരണ കാഴ്ച്ചയാണെങ്കിലും ഇന്ത്യയിൽ അത്ര പതിവില്ലാത്ത സംഭവമാണിത്. ഇന്ത്യയിൽ ഇത്രയധികം പ്രായമുള്ള ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, കാറുകൾ ഓടിക്കുന്നത് അപൂർവമാണ്. സാധാരണയായി വയസായവർ മക്കളുടെ കൂടെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യാറാണ് പതിവ്. അത്തരക്കാർക്കുള്ള മോട്ടിവേഷനാണ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ആത്മവിശ്വാസത്തോടെ സൂപ്പർകാർ വരെ ഓടിക്കുന്ന രാധാമണിയമ്മ.
കൊച്ചിയിലെ A2Z ഡ്രൈവിംഗ് സ്കൂൾ ഉടമയാണ് രാധാമണി. 1970-ൽ ഭർത്താവാണ് ഈ ഡ്രൈവിംഗ് സ്കൂൾ സ്ഥാപിച്ചത്. 30 വയസുള്ളപ്പോഴാണ് രാധാമണി ആദ്യമായി കാർ ഓടിക്കാൻ പഠിക്കുന്നത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഡ്രൈവിംഗ് പഠിക്കുന്നതെങ്കിലും പിന്നീട് അതിൽ താത്പര്യം കണ്ടെത്താനും ഇവർക്കായി. 11 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇപ്പോൾ ഇവരുടെ കൈയിലുണ്ട്.
എക്‌സ്‌കവേറ്റർ, ഫോർക്ക്‌ലിഫ്റ്റ്, ക്രെയിൻ, റോഡ് റോളർ, ട്രാക്ടർ, കണ്ടെയ്‌നർ ട്രെയിലർ ട്രക്ക്, ബസ്, ലോറി തുടങ്ങി പലതും ഓടിക്കാനുള്ള ലൈസൻസ് രാധാമണി അമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഹെവി വെഹിക്കിൾ ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ് രാധാമണി. 2021 ലാണ് വലിയ ചരക്കുകൾ കൊണ്ടുപോകുന്ന ലോറികൾ വരെ ഓടിക്കാനുള്ള ലൈസൻസ് കിട്ടുന്നത്. അതേസമയം 1988-ൽ ബസിനും ലോറിക്കും ലൈസൻസ് നേടി.

2004-ൽ ഒരു അപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടതിനെത്തുടർന്ന് രാധാമണി അമ്മ ഡ്രൈവിംഗ് സ്കൂൾ ബിസിനസ് സ്വയം നടത്തേണ്ടി വന്നതാണ് ഈ ലൈസൻസുകൾ ലഭിക്കാൻ കാരണം. ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിന് അവർ പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഉടമസ്ഥർക്കോ ഇൻസ്ട്രക്ടർമാർക്കോ ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഈ ഹെവി വാഹനങ്ങളും കാറുകളും ഓടിക്കാനുള്ള ലൈസൻസ് ഉണ്ടെങ്കിലും അമ്മക്ക് യാത്ര ചെയ്യാൻ ഏറ്റവും പ്രിയപ്പെട്ടത് ഇരുചക്ര വാഹനങ്ങളാണ്.
1993-ലാണ് ടൂവീലർ ലൈസൻസ് രാധാമണി സ്വന്തമാക്കുന്നത്. 2020-ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻ്റെ ഭർത്താവ് തനിക്ക് പണ്ടൊരു സ്കൂട്ടർ വാങ്ങിത്തന്നുവെന്നും അതിനുശേഷം താൻ എല്ലായിടത്തും സ്കൂട്ടർ ഓടിച്ചുകൊണ്ട് പോവാറുണ്ടെന്നും രാധാമണി പറഞ്ഞു. അത്യാവശ്യം വരുമ്പോൾ മാത്രമാണ് അവൾ ഫോർ വീലർ എടുക്കുന്നത്. ഇന്ത്യയിൽ 73 വയസുള്ള സ്ത്രീ സ്‌പോർട്‌സ് കാർ ഓടിക്കുന്നത് ആദ്യമായിട്ടായിരിക്കും നാമെല്ലാം കാണുന്നത്. ഇനിയും ഈ സൂപ്പർ അമ്മൂമ്മ പലർക്കും പ്രചോദനമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








