'റാംബോ ലംബോ' ലംബോർഗിനിയുടെ ആദ്യത്തെ ഓഫ്-റോഡ് പിക്കപ്പ് ട്രക്ക് LM002
ലോകത്തിലെ ഏറ്റവും മികച്ച സ്‌പോർട്‌സ് കാർ നിർമാതാക്കളായി അറിയപ്പെടുന്നവരാണ് ലംബോർഗിനി. കോടീശ്വരൻമാരുടെയും മറ്റ് സെലിബ്രിറ്റികളുടെയും ഇഷ്‌ട ബ്രാൻഡ് കൂടിയാണിതെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലംബോർഗിനിയുടെ കഥ പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക് എത്താനിരിക്കുക കൂടിയാണ്. അപ്പോൾ തന്നെ ഈ ഇറ്റാലിയൻ ബ്രാൻഡിന്റെ പേരും പെരുമയും മനസിലാക്കാമല്ലോ...
കർഷകന്റെ മകനായി പിറന്ന ഫെറുചിയോ, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലേക്ക് ചുവടുവച്ചാണ് പിന്നീട് 1963-ല്‍ ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി എന്ന കാര്‍ കമ്പനിക്ക് തുടക്കം കുറിച്ചത്. പിന്നീട് ലോക പ്രശസ്‌തമായി അറിയപ്പെട്ട ബ്രാൻഡ് ഇന്ന് ഔഡി, ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണെന്നു മാത്രം. പല ഐതിഹാസിക മോഡലുകൾക്കും രൂപംകൊടുക്കാനും ഈ ഇറ്റാലിയൻ ബ്രാൻഡിനായിട്ടുണ്ട്. അതിലൊന്നാണ് റാംബോ ലംബോ എന്നറിയപ്പെടുന്ന ലംബോർഗിനി LM002 എന്ന ഓഫ്-റോഡ് ട്രക്ക്.

ലംബോർഗിനി LM002 എന്ന ഓഫ്-റോഡ് ട്രക്ക് പുറത്തിറക്കിയപ്പോൾ ബ്രാൻഡ് വാർത്തകളിൽ നിറഞ്ഞുനിന്നൊരു കാലമുണ്ടായിരുന്നു. റാംബോ ലംബോ എന്ന് വിളിപ്പേരുണ്ടായിരുന്ന ഈ ഇതിഹാസ വാഹനത്തിന്റെ അധികമാരും അറിയപ്പെടാത്ത കഥയിലേക്ക് നമുക്കൊന്ന് കടന്നാലോ? നിങ്ങൾ അറിയാത്ത പല സവിശേഷതകളും നിറഞ്ഞ കിടിലൻ ഓഫ്-റോഡ് വാഹനങ്ങളിൽ ഒന്നുകൂടിയാണിത്. 1986-ൽ പുറത്തിറക്കിയ റാംബോ ആഡംബര കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഓഫ്-റോഡ്, പിക്കപ്പ് ട്രക്ക് ആയിരുന്നുവെന്നതാണ് പ്രത്യേകതകളിൽ ആദ്യത്തേത്.
ലംബോർഗിനി എന്താണെന്ന് പുനർനിർവചിക്കാനും LM002 എന്ന ഓഫ്-റോഡ് ട്രക്കിന് സാധിച്ചിരുന്നു. കൂടാതെ ഒരു ആഡംബര കാറിന്റെ സുഖസൗകര്യങ്ങളുമായി ഓഫ്-റോഡ് കഴിവുകളെ രുചികരമായി സംയോജിപ്പിക്കാൻ ഇറ്റാലിയൻ കമ്പനിക്കായതാണ് ഏറ്റവും വിജയകരമായ കാര്യം. ആദ്യ കാലത്ത് വാഹനം അൽപം വിചിത്രമായി തോന്നിയിരുന്നുവെങ്കിലും എല്ലാ അർഥത്തിലും ഇതൊരു ഒറിജിനൽ ലംബോർഗിനി തന്നെയായിരുന്നുവെന്നു വേണം പറയാൻ.

"LM" എന്ന ബാഡ്‌ജിംഗ് "ലംബോർഗിനി മിലിറ്റേറിയ" എന്നതിന്റെ അർഥമായിരുന്നു. ഇത് വാഹനത്തിന്റെ ബോക്‌സിയും ആക്രമണാത്മകവുമായ രൂപകൽപ്പനയ്ക്ക് പിന്നിലെ പ്രചോദനമായിരുന്നുവെന്ന് പിന്നീട് കമ്പനി വിവരിക്കുകയുണ്ടായി. പെർഫോമൻസ് ഓറിയന്റഡ് സ്‌പോർട്‌സ് കാറുകൾ നിർമിക്കുന്നതിൽ ലോകപ്രശസ്തരായിട്ടും ഒരു ഓഫ്-റോഡ് വാഹനം പുറത്തിറക്കാനുള്ള ലംബോർഗിനിയുടെ ധീരമായ നീക്കമാണ് ലോകത്തെ ഞെട്ടിച്ചത്. അതുമാത്രമല്ല, LM002 എന്നത് വിപണിയിൽ പുതിയ എന്തെങ്കിലും കൊണ്ടുവരാനുള്ള കാർ നിർമാതാവിന്റെ കാഴ്ചപ്പാടിനെയും അടയാളപ്പെടുത്തുകയുണ്ടായി.
ലംബോർഗിനി ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും സവിശേഷമായ ലാംബോകളിൽ ഒന്നായാണ് ഇന്നും LM002 പിക്കപ്പ് ഓഫ്-റോഡർ അറിയപ്പെടുന്നത്. ഇനി ഡിസൈനിലേക്കും മറ്റ് കാര്യങ്ങളിലേക്കും നോക്കിയാൽ കടുപ്പമേറിയതും കരുത്തുറ്റതുമായ ബോഡിലൈനും ജീപ്പിന് സമാനമായ രൂപവും ഉള്ള തികച്ചും വ്യത്യസ്തമായ ശൈലിയായിരുന്നു റാംബോ സ്വീകരിച്ചിരുന്നത്. റിവേറ്റഡ് അലുമിനിയം ബോഡി പാനലുകളുള്ള ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിം വാഹനത്തിന്റെ യുഎസ്പി ആയി മാറി.

LM002 ട്രക്കിന് ഉയർന്ന ഭാരവും മൊത്തത്തിൽ ഒരു ഉറപ്പുള്ള അപ്പീലും ഉണ്ടായിരുന്നതും ഡ്രൈവിംഗിൽ കോൺഫിഡൻസ് ഉയർത്തിയിരുന്നു. ലംബോർഗിനി കൌണ്ടച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അകത്തളം ഒരുക്കിയത്. എന്നിരുന്നാലും പരുക്കനും ഗാംഭീരവുമായ ശൈലി പിന്തുടർന്ന് തനതായ ഇടം കണ്ടെത്താനും റാംബോ ലംബോയ്ക്ക് സാധിച്ചുവെന്നു വേണം പറയാൻ. അകത്തുള്ളതെല്ലാം വുഡും ലെതറും കൊണ്ടാണ് നിർമിച്ചത്. നിരവധി ലെതർ ഷേഡുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും വൈറ്റ്, ബ്ലാക്ക്, ബ്രൗൺ എന്നിവയായിരുന്നു പലരും അധികമായി തെരഞ്ഞെടുത്തത്.
ഇനി റാംബോയുടെ എഞ്ചിൻ വിശദാംശങ്ങളിലേക്ക് നമുക്ക് കണ്ണോടിക്കാം. ലംബോർഗിനി കൗണ്ടാച്ചിന് കരുത്ത് പകരുന്ന അതേ എഞ്ചിനാണ് റാംബോ ലംബോയിലും പ്രവർത്തിച്ചിരുന്നത്. പിക്കപ്പ് ഓഫ്-റോഡ് ട്രക്കിലെ 5.2 ലിറ്റർ V12 എഞ്ചിൻ 444 bhp കരുത്തിൽ പരമാവധി 368 പൗണ്ട്-ഫീറ്റ് ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരുന്നു. എന്നിരുന്നാലും കൂടുതൽ പവർ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ലംബോർഗിനി L804 ടൈപ്പ് 7.2 ലിറ്റർ മറൈൻ V12 എഞ്ചിൻ സ്വന്തമാക്കാനുള്ള ഓപ്ഷനും കമ്പനി നൽകിയിരുന്നു.

അന്നത്തെ വിപണിയിലെ മറ്റ് ഉൽപ്പന്നങ്ങൾ പോലെ LM002 ഒരു ക്ലാസിക് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് വിപണിയിൽ എത്തിയിരുന്നത്. താഴെ ഇടതുവശത്ത് മുത്തശ്ശി ഗിയറും (ഗ്രാനി ഗിയർ) റാംബോയിലുണ്ടായിരുന്നു. രണ്ടാമത്തെ ഗിയറിൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കുന്ന അഗ്രസീവ് ഗിയർ അനുപാതങ്ങൾ ഇതിന് ഉണ്ടായിരുന്നു എന്നതാണ് ട്രാൻസ്മിഷന്റെ രസകരമായ കാര്യം. 1986 മുതൽ 1993 വരെയാണ് ഇറ്റാലിയൻ ബ്രാൻഡ് ഈ കാറിനെ നിർമിച്ചിരുന്നത്.
ഒരിക്കലും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ വാഗ്ദാനം ചെയ്തിട്ടില്ലെങ്കിലും LM002 അതിന്റെ കഴിവുകളിലൂടെ ഏറെ ആരാധകരെയും അതുപോലെ തന്നെ വിമർശകരെയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സൈനിക ഉപയോഗത്തിന് ഉദ്ദേശിച്ചുള്ളവയായിരുന്നു ഈ പിക്കപ്പ് ട്രക്കുകൾ എങ്കിലും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്ന അടക്കം പറച്ചിലുകളും വിപണിയിലുണ്ട്.


Click it and Unblock the Notifications








