സംഭവം ജോറായി... ലാലേട്ടന്റെ 5 സ്റ്റാർ കാരവാൻ്റെ വീഡിയോ പുറത്തുവിട്ട് ആശിർവാദ് സിനിമാസ്
മോഹൻലാലിന്റെ പുതിയ കാരവാന്റെ വാർത്തയും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിട്ട് ദിവസങ്ങൾ മാത്രമാണ് കടന്നുപോയത്. ഇതിന്റെ ചൂടാറും മുമ്പ് തന്നെ ലാലേട്ടന്റെ 5 സ്റ്റാർ കാരവാൻ്റെ വീഡിയോയും പുറത്തുവിട്ടിരിക്കുയാണ് ആശിർവാദ് സിനിമാസ്.

ഡിസൈനിംഗും മിനുക്കുപണികളുമെല്ലാം പൂര്‍ത്തിയാക്കിയ സൂപ്പർസ്റ്റാർ മോഹന്‍ലാലിന്റെ കാരാവാന്റെ എല്ലാ വിശേഷങ്ങളും കാഴ്ച്ചകളും പുതിയ വീഡിയോയിലുണ്ട്. ചിത്രങ്ങളിലൂടെ മാത്രം ആരാധകര്‍ കണ്ട ഈ അത്യാഡംബര കാരവാൻ എത്രത്തോളം മികച്ചതാണെന്ന് വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കും.

കാരവാൻ നിരത്തിലിറങ്ങിയതും പ്രത്യേക പൂജക്കായി അമ്പലത്തിലെത്തിയതുമെല്ലാം ആശിർവാദ് സിനിമാസ് പുറത്തുവിട്ട പുതിയ വീഡിയോയിലുണ്ട്. ഇനി നിരത്തിലൂടെ കുതിച്ചു പായുമ്പോൾ വാനിറ്റി വാനിനെ ആരാധകർക്ക് എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും.
എക്സ്റ്റീരിയറിലെ സൗന്ദര്യത്തിനൊപ്പം ഇന്റീരിയറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനമായ സംവിധാനങ്ങളും ഒരുക്കിയാണ് ലക്ഷ്വറി കാരവാന്‍ ലാലേട്ടന്റെ യാത്രകളിൽ കൂടെ കൂടിയിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെ കാരവാൻ പണികഴിപ്പിച്ചിരിക്കുന്നത്.

വാഹനത്തിനുള്ളില്‍ ഒരുക്കിയിട്ടുള്ള ലിവിങ്ങ് റൂമിന്റെയും മേക്കപ്പ് ഏരിയയുടെയുമൊക്കെ ദൃശ്യങ്ങള്‍ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന വലിയ ടിവിയാണാണ് അകത്തളത്തെ ഒരു പ്രധാന ഹൈലൈറ്റ്. ഫ്രിഡ്ജും, വാഷ് റൂമും അടക്കം മറ്റു സൗകര്യങ്ങളും ഈ ആഡംബര കാരവാനിലുണ്ട്.

ലെതറിൽ പൊതിഞ്ഞിട്ടുള്ള ആഡംബര ഭാവമുള്ള സോഫയും ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രമാണ്. ലിവിങ്ങ് റൂമിന്റെ റൂഫ് പ്രത്യേകം ലൈറ്റുകളും മറ്റും നല്‍കി ഒരുക്കിയിരിക്കുന്നതും പ്രീമിയം ഫീൽ ഉയർത്തുന്നുണ്ടെന്നു തന്നെ പറയാം. റീഡിംഗ് ലൈറ്റുകള്‍ക്കൊപ്പം റോള്‍സ് റോയിസ് കാറുകള്‍ക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകള്‍ നല്‍കിയാണ് റൂഫും ഓജസ് നിർമിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 3907 സിസി, 4 സിലിണ്ടര്‍ 4d34i ഡീസല്‍ എഞ്ചിനാണ് ഈ കാരവാന് തുടിപ്പേകുന്നത്. ഇത് 170 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് കാരവാൻ്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബ്രൗൺ നിറത്തിലാണ് വാഹനം താരത്തിനായി നിർമിച്ചത്. വാഹത്തിന്റെ വശങ്ങളിൽ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകൾ നൽകി അലങ്കരിച്ചിരിക്കുന്നതും മനോഹരമായ കാഴ്ച്ചയാണ് നൽകുന്നത്.

അതുപോലെ തന്നെ എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള ബ്രൗണ്‍ നിറത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കളർ ഓപ്ഷൻ നല്‍കിയാണ് അകത്തളവും മെനഞ്ഞെടുത്തിരിക്കുന്നത്. എറണാകുളം ആര്‍ടിഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം നമ്മുടെ സ്വന്തം ലാലേട്ടൻ സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും ലെക്കേഷനിലെ ഇടവേളകളും ഇനി ഈ കാരവാനായിരിക്കും ലാലേട്ടൻ ചെലവഴിക്കുക. മമ്മൂട്ടിയെ പോലെ കടുത്ത വാഹനപ്രേമിയെന്നും അല്ലെങ്കിലും ടൊയോട്ട വെല്‍ഫയര്‍, മെർസിഡീസ് ബെന്‍സ് പോലെയുള്ള ഏറ്റവും മികച്ച മോഡലുകളാണ് ലാലേട്ടന്റെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications








