ആദ്യ ചിത്രം വാരിയത് 3 ദേശീയ അവാർഡുകൾ, ആട്ടം സംവിധായകന്റെ യാത്രകൾക്ക് കൂട്ടായി പുതിയൊരു പങ്കാളി
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര വേദിയിൽ അവാർഡുകൾ വാരിക്കൂട്ടിയ മോളിവുഡിന്റെ പ്രശസ്‌തി ഉയർത്തിയ മലയാള സിനിമായായിരുന്നു ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ മൂന്ന് അവാർഡുകൾ സ്വന്തമാക്കിയ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം പ്രദർശനത്തിയപ്പോൾ തന്നെ വലിയ ചർച്ചയായിരുന്നു. പിന്നീട് ഒടിടിയിൽ കൂടിയെത്തിയതോടെ ചിത്രത്തിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യത ലഭിച്ചു. പ്രണയം,പക, സദാചാരം,പണത്തോടും പദവിയോടുമുള്ള മനുഷ്യന്‍റെ ആസക്തി എന്നീ വിഷയങ്ങളെല്ലാമാണ് ആട്ടം ചര്‍ച്ച ചെയ്‌തത്. അരങ്ങ് ട്രൂപ്പിന്‍റെ നാടകം കണ്ട് ഇഷ്ടപ്പെട്ട വിദേശ ദമ്പതികള്‍ നാടകക്കാര്‍ക്കായി പാര്‍ട്ടി ഒരുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു പടത്തിലെ ഇതിവൃത്തം.
എന്തായാലും ഒരു നവാഗത സംവിധായകന്റെ ആദ്യ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ആനന്ദ് ഏകര്‍ഷി ഹാപ്പിയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവതത്തിലെ മറ്റൊരു സ്വപ്‌നം കൂടി പൂവണിഞ്ഞിരിക്കുകയാണ്. മറ്റൊന്നുമല്ല, ദേശീയ അവാർഡിന് പിന്നാലെ ജീവിതത്തിലേക്ക് പുതിയൊരു പങ്കാളിയെത്തിയതാണ് വിശേഷം. ഇനിയുള്ള യാത്രകൾക്കായി ആനന്ദ് പുത്തനൊരു പ്രീമിയം എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. അതും സ്കോഡയുടെ കുഷാഖാണ് സംവിധായകൻ തെരഞ്ഞെടുത്തിരിക്കുന്നത്.

കൊച്ചിയിലെ സ്കോഡയുടെ മുൻനിര വിതരണക്കാരായ ഇവിഎം സ്കോഡയിൽ നിന്നുമാണ് ആനന്ദ് ഏകർഷി കുഷാഖ് എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഡീലർഷിപ്പ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നായാണ് കുഷാഖ് അറിയപ്പെടുന്നത് തന്നെ. 10.89 ലക്ഷം രൂപ മുതൽ 18.79 ലക്ഷം രൂപ വരെയാണ് വാഹനത്തിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.
ആനന്ദ് ഏകര്‍ഷി കുഷാഖിന്റെ ഏത് വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എങ്കിലും എസ്‌യുവിയുടെ വൈറ്റ് കളർ ഓപ്ഷനാണ് സംവിധായകന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും വെല്ലുവിളിച്ചെത്തിയ സ്കോഡയുടെ കുഷാഖ് ഇന്ത്യയിൽ മികച്ച പ്രകടനമാണ് ബ്രാൻഡിനായി കാഴ്ച്ചവെച്ചത്.

മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വില അൽപം ഉയർന്നതാണെന്ന് തോന്നുമെങ്കിലും മികച്ച ബിൽഡ് ക്വാളിറ്റിയും പെർഫോമൻസുമെല്ലാം കൊണ്ട് കുഷാഖ് വേറിട്ടുനിൽക്കുന്നുണ്ട്. ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന മോഡലിന് 1.0 ലിറ്റർ, 3-സിലിണ്ടർ TSI പെട്രോൾ, അല്ലെങ്കിൽ 1.5 ലിറ്റർ 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.
കുഷാഖിലെ ആദ്യത്തെ 1.0 ലിറ്റർ എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് ഇതിലുള്ളത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുള്ള 1.5 ലിറ്റർ യൂണിറ്റ് 150 bhp പവറിൽ 250 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ഇന്ധനക്ഷമത ഉറപ്പു വരുത്തുന്നതിനായി ടിഎസ്ഐ ഓപ്ഷനിൽ ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്. വേഗത കുറഞ്ഞ സമയങ്ങളിൽ ഇസിയു ഇന്ധനം ലാഭിക്കാൻ എഞ്ചിന്റെ രണ്ട് സിലിണ്ടറുകൾ സ്വമേധയ പ്രവർത്തന രഹിതമാകുന്ന സംവിധാനമാണിത്. ARAI സർട്ടിഫിക്കേഷൻ പ്രകാരം 15.78 കിലോമീറ്റർ മുതൽ 19.76 കിലോമീറ്റർ വരെയുള്ള മൈലേജാണ് സ്കോഡ എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്.
സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ,ഫോഗ് ലാമ്പുകൾ എന്നിവയാണ് കുഷാഖിലെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അകത്തേക്ക് കയറിയാലും ആരേയും കൊതിപ്പിക്കുന്ന അകത്തളമാണ് എസ്‌യുവിലുള്ളത്. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇൻ-കാർ വൈ-ഫൈ, കണക്റ്റഡ് കാർ ടെക്നോളജി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, സൺറൂഫ് തുടങ്ങിയ സവിശേഷതകളെല്ലാം ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ സവിശേഷതകളിലും കേമനാണ് സ്കോഡ കുഷാഖ്. 6 എയർബാഗുകൾ, എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡ് ആയി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകൾ എന്നിവയെല്ലാമാണ് സ്കോഡ കുഷാഖ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








