അബ്‌ദുൾ കലാം മുതൽ ദ്രൗപദി മുര്‍മു വരെ; നമ്മുടെ രാഷ്‌ട്രപതിമാരും അവരുടെ കാറുകളും
ഒഡീഷയിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ മയൂര്‍ഭഞ്ചില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതി കസേരവരെയെത്താന്‍ ദ്രൗപദി മുര്‍മുവിന് താണ്ടേണ്ടിവന്ന ദൂരം ചെറുതൊന്നുമല്ല. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുള്ള രാജ്യത്തിന്റെ പ്രഥമപൗരന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ് കാത്തിരിക്കുന്നതും.

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ദ്രൗപതി മുർമുവിന്റെ സഞ്ചാരം ഇനി ഔദ്യോഗിക വാഹനമായ മെർസിഡീസ് ബെൻസ് S600 പുൾമാൻ ഗാർഡ് ലിമോസിനിലായിരിക്കും.

9 കോടി വിലയുള്ള പുൾമാൻ ഗാർഡ് ലിമോസിൻ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ സുരക്ഷ, ശക്തി, അതുല്യമായ സവിശേഷതകൾ എന്നിവയുടെ കാര്യത്തിൽ കാർ വളരെയധികം കസ്റ്റമൈസ് ചെയ്‌താണ് നിരത്തിലിറങ്ങുന്നത്.

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നിന്ന് പാർലമെന്റിലേക്ക് പ്രസിഡൻഷ്യൽ ലിമോസിനിൽ ആദ്യ യാത്രയും ദ്രൗപതി മുർമു നടത്തി. ഇന്ത്യയുടെ 15-ാമത് പ്രസിഡന്റായ ദ്രൗപതി മുർമുവിന്റെ വിവിഐപി ഗതാഗതത്തിനായി ഇനി മുതൽ മെർസിഡീസ് ബെൻസ് S600 പുൾമാൻ ഗാർഡ് ഗാർഡ് വഴിയായിരക്കും.

VR9 ലെവൽ ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ഉള്ള പുൾമാൻ ഗാർഡ്, ടാങ്ക് പോലുള്ള യുദ്ധോപകരണങ്ങളിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം നൽകുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. അതിലെ യാത്രക്കാർക്ക് ERV (സ്‌ഫോടനാത്മക പ്രതിരോധ വാഹനങ്ങൾ) 2010-ലെവലും VR9-ലെവൽ പരിരക്ഷയും ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഈ ആർമഡ് ലക്ഷ്വറി സലൂണിന് 2 മീറ്റർ ദൂരത്തിൽ നിന്ന് 15 കിലോഗ്രാം ടിഎൻടി വരെ നേരിടാൻ കഴിയുമെന്നാണ് അർഥമാക്കുന്നത്. AK-47 തോക്കിൽ നിന്ന് തൊടുത്തുവിടുന്ന ബുള്ളറ്റുകൾ പോലും സെഡാന്റെ ഗ്ലാസിലോ ബോഡിയിലോ തുളച്ചുകയറാൻ അനുവദിക്കില്ലെന്നതും ശ്രദ്ധേയമാണ്. ഇതിന് 7.62x51 എംഎം റൈഫിൾ റൗണ്ടുകളെ നേരിടാനുള്ള കഴിവുകളുമുണ്ട്.

കൂടുതൽ സുരക്ഷാ ഫീച്ചറുകളിൽ റൺ-ഫ്ലാറ്റ് ടയറുകൾ വരെയാണ് ഉൾപ്പെടുന്നത്. ഇന്ധനം ചോരുന്നത് തടയുകയും കേടുപാടുകൾ സംഭവിച്ചതിന് ശേഷം തീപടരാതിരിക്കാനും ശേഷിയുള്ള സെൽഫ് സീലിംഗ് ഫ്യുവൽ ടാങ്കും വാഹനത്തിന് ലഭിക്കുന്നുണ്ട്.

കൂടാതെ തീ കെടുത്തുന്ന സംവിധാനവും രാഷ്ട്രപതിയുടെ മെർസിഡീസ് ബെൻസ് S600 പുൾമാൻ ഗാർഡ് ലിമോസിനുണ്ട്. ദ്രൗപദി മുര്‍മുവിന് മുമ്പുണ്ടായിരുന്ന നമ്മുടെ രാഷ്‌ട്രപതിമാരും അവർ ഉപയോഗിച്ചിരുന്ന കാറുകളും ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെട്ടാലോ?

രാം നാഥ് കോവിന്ദ്
ഇന്ത്യയുടെ പതിനാലമത് രാഷ്ട്രപതിയായിരുന്നു രാം നാഥ് കോവിന്ദ്. അദ്ദേഹത്തിന്റെ ഭരണകാലത്തും പുതിയ രാഷ്‌ട്രപതി ഉപയോഗിക്കുന്ന അതേ മെർസിഡീസ് ബെൻസ് S600 പുൾമാൻ ഗാർഡ് ലിമോസിൻ തന്നെയാണ് ഉപയോഗിച്ചിരുന്നത്.

അന്തരിച്ച പ്രണബ് മുഖർജി ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നപ്പോൾ രാഷ്ട്രപതിയുടെ സേവനങ്ങളിൽ ഉൾപ്പെടുത്തിയ W221 മോഡലിനെ അടിസ്ഥാനമാക്കിയുള്ള മെർസിഡീസ് മെയ്ബാക്ക് S600 പുൾമാൻ ഹഗാർഡിന്റെ പുതുക്കിയ പതിപ്പ് കോവിന്ദിന് ലഭിച്ചിരുന്നു.

പ്രണവ് മുഖർജി
2012 മുതൽ 2017 വരെ ഇന്ത്യൻ രാഷ്‌ട്രപതിയായിരുന്ന പ്രണവ് മുഖർജി ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചിരുന്നത് മെർസിഡീസ് ബെൻസ് S600 (W 221) പുൾമാൻ ഗാർഡായിരുന്നു. ജർമനിയിലെ സ്റ്റട്ട്ഗാർട്ടിൽ നിർമിച്ച് ഇറക്കുമത് ചെയ്‌ത പുൾമാൻ ഗാർഡിയിരുന്നു ഇത്. ഇഷ്‌ടാനുസൃതമായി നിർമിച്ച പ്രസിഡൻഷ്യൽ ലിമോസിൻ ആഡംബരത്തിന്റെ ഒരു പ്രതീകമായിരുന്നു. രാഷ്‌ട്രപതി ഇരിക്കുന്ന ഭാഗം ഡ്രൈവറുടെ ക്യാബിനിൽ നിന്ന് സൗണ്ട് പ്രൂഫ് ഗ്ലാസ് പാർട്ടീഷൻ ഉപയോഗിച്ച് വേർതിരിക്കുകയും ചെയ്‌തിട്ടുണ്ട്.

പ്രതിഭാ പാട്ടീൽ
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെ ഭരണ കാലം 2007 മുതൽ 2012 വരെയായിരുന്നു. ഔദ്യോഗിക കാറിയി ആദ്യ കാലങ്ങളിൽ മെർസിഡീസ് ബെൻസ് S-ക്ലാസ് W140 ആയിരുന്നു മുൻ രാഷ്ട്രപതി ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് W221 S-ക്ലാസ് S600 പുൾമാൻ ലിമോസിനിലേക്ക് അപ്‌ഗ്രേഡ് ചെയ്തു.

ഡോ. എപിജെ അബ്ദുൾ കലാം
2002 മുതൽ 2007 വരെ പതിനൊന്നാമത് രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച ഡോ. എപിജെ അബ്ദുൾ കലാമാണ് ഇന്ത്യയുടെ ഏറ്റവും ജനപ്രിയനായ രാഷ്‌ട്രപതിയെന്നു പറയാം. ശാസ്ത്രരംഗത്തെ പ്രഗല്ഭ വ്യക്തിത്വമായിരുന്നു ഇദ്ദേഹം.

'പീപ്പിൾസ് പ്രസിഡണ്ട്' എന്നറിയപ്പെട്ടിരുന്ന അബ്ദുൾ കലാം മുൻ പ്രസിഡന്റുമാരെയും പോലെ മെർസിഡീസ് ബെൻസ് S-ക്ലാസ് W140 ആയിരുന്നു ഔദ്യോഗിക കാറായി ഉപയോഗിച്ചിരുന്നത്.

2007-ൽ തന്റെ രാഷ്ട്രപതി കാലാവധി അവസാനിച്ചപ്പോൾ അദ്ദേഹം വീണ്ടും ഹിന്ദുസ്ഥാൻ അംബാസഡറിലേക്ക് യാത്രകൾ മാറ്റുകയും ചെയ്‌തിരുന്നു. ഓട്ടോമൊബൈൽ, ടെക്നോളജി എന്നിവയിൽ അതീവ തല്പരനായിരുന്നു കലാം.

ഫോസിൽ ഇന്ധനങ്ങളിലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ ഹൈബ്രിഡ് കാറുകളുടെ പ്രാധാന്യത്തെക്കുറിച്ച് തുടർച്ചയായി ഊന്നിപ്പറഞ്ഞിരുന്നതും ഡോ. എപിജെ അബ്ദുൾ കലാമായിരുന്നു.


Click it and Unblock the Notifications