ഈ പ്രായത്തിൽ നമ്മൾ തെക്കുവടക്ക് നടന്നു, 25-ാം വയസിൽ സ്വന്തം കാശിന് റോൾസ് റോയ്‌സ് വാങ്ങി ഞെട്ടിച്ച് ഒരു പയ്യൻ
ആഡംബര കാർ (Luxury Car) വാങ്ങണമെന്ന മോഹം ഇല്ലാത്ത വണ്ടിഭ്രാന്തൻമാർ ഉണ്ടാവില്ലല്ലോ. പക്ഷേ മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയുമൊന്നുമല്ല ലക്ഷ്വറി കാറുകളുടെ അവസാനവാക്ക്. അത് റോൾസ് റോയ്‌സ് ആണെന്ന് വേണം പറയാൻ. പക്ഷേ കാർ വാങ്ങുന്നതൊന്നുമല്ല ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെങ്കിലും ഇതെല്ലാം സന്തോഷം നൽകുന്ന നിമിഷങ്ങളാണെന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല. നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ അവരുടെ ജീവിതത്തിലെ സ്വപ്നമോ ലക്ഷ്യമോ നിറവേറ്റുന്നത് കാണുമ്പോൾ തീർച്ചയായും നമ്മുടെ മുഖത്ത് അറിയാതെ പുഞ്ചിരി വിടരുകയും ചെയ്യും.
അടുത്തിടെ ഒരു യുവ സംരംഭകൻ കാർ വാങ്ങിയ വീഡിയോയാണ് ഇത്തരത്തിലൊരു സന്തോഷം നെറ്റിസൺസിനിടയിൽ ജനിപ്പിച്ചിരിക്കുന്നത്. സംരംഭകൻ എന്നതിനപ്പുറം നെറ്റ്‌വർക്ക് മാർക്കറ്ററും ലീഡർഷിപ്പ് പരിശീലകനും മോട്ടിവേഷണൽ സ്പീക്കറും അച്ചീവേഴ്‌സ് ക്ലബ്ബിൻ്റെ സ്ഥാപകനുമായ കൃഷ്ണ അറോറയാണ് ചെറുപ്രായത്തിലെ തന്നെ വലിയ സ്വപ്നങ്ങളിൽ ഒന്ന് നേടിയെടുത്തിരിക്കുന്നത്.

മുകളിൽ പറഞ്ഞതുപോലെ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സിന്റെ അൾട്രാ ലക്ഷ്വറി കാറാണ് 25കാരൻ സ്വന്തമാക്കിയിരിക്കുന്നത്. ഈ പ്രായത്തിൽ നമ്മളിൽ പലരും ഉപരിപഠനമോ അല്ലെങ്കിൽ ജോലി അന്വേഷിച്ചുള്ള യാത്രയിലോ മറ്റുമായിരുന്നിരിക്കാം. അവിടെയാണ് കൃഷ്ണ അറോറ സ്വന്തം പണം ഉപയോഗിച്ച് റോൾസ് റോയ്‌സ് സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറുന്നത്.
തൻ്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് കൃഷ്ണ അറോറ സ്വപ്‌ന വാഹനം സ്വന്തമാക്കിയ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. 2024-ൽ ഒരു റോൾസ് റോയ്‌സ് വാങ്ങുമെന്ന് നാലര വർഷം മുമ്പ് താൻ പ്രതിജ്ഞ ചെയ്‌തിരുന്നതായും യുവസംരഭകൻ വീഡിയോയിൽ പറയുന്നുണ്ട്. പക്ഷേ ഇന്ത്യയിലല്ല കേട്ടോ കൃഷ്ണ വാഹനം വാങ്ങിയിരിക്കുന്നത്. സ്ഥിരതാമസമാക്കിയിരിക്കുന്ന ദുബായിലാണ് ഗോസ്റ്റ് എന്ന ആഡംബര കാർ സ്വന്തമാക്കിയിരിക്കുന്നത്.

ദുബായിലെ യൂസ്ഡ് പ്രീമിയം കാർ ഡീലറായ സിവി ഓട്ടോമൊബൈൽസിൽ നിന്നാണ് സംരംഭകനായ കൃഷ്ണ അറോറ റോൾസ് റോയ്‌സ് ഗോസ്റ്റ് വാങ്ങിയിരിക്കുന്നത്. അമ്മയ്ക്കും അച്ഛനും ഒപ്പമാണ് അദ്ദേഹം വാഹനത്തിന്റെ ഡെലിവറിക്കായി ഷോറൂമിൽ എത്തിയത്. ബ്ലാക്ക് കളർ ഓപ്ഷനും ഓറഞ്ച് ഇൻ്റീരിയർ നിറവുമാണ് കാറിനുള്ളത്. വാഹനത്തിൻ്റെ സ്റ്റാർലൈറ്റ് ഹെഡ്‌ലൈനറും വീഡിയോയിൽ എറിച്ചുകാണാം.
ദുബായിൽ യൂസ്ഡ് കാറുകൾക്ക് നികുതിയില്ലാത്തതിനാൽ റോൾസ് റോയ്‌സ് ഗോസ്റ്റ് നല്ല വിലക്കുറവിലായിരിക്കും കൃഷ്ണ അറോറ പോർച്ചിലെത്തിച്ചിരിക്കാൻ സാധ്യത. 563 bhp കരുത്തിൽ പരമാവധി 850 Nm torque നൽകുന്ന 6.6 ലിറ്റർ ടർബോചാർജ്ഡ് V12 എഞ്ചിനാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ഗോസ്റ്റ് സെഡാന് തുടിപ്പേകുന്നത്. റിയർ വീൽ ഡ്രൈവ് (RWD) ലേഔട്ടും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

റോൾസ് റോയ്‌സ് കാറുകളിൽ കാണപ്പെടുന്ന വലിയ പ്ലഷ് ഗ്രിൽ, എൽഇഡി ലൈറ്റിംഗ്, സൂയിസൈഡ് ഡോറുകൾ, സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി എന്നിവയാണ് ഗോസ്റ്റ് സെഡാന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്. വെറും 4.6 സെക്കൻഡിനുള്ളിൽ കാറിന് 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ പറയുന്നു. ഗംഭീരമായ പെർഫോമൻസ് ഉണ്ടെങ്കിലും ഗോസ്റ്റ് അവിശ്വസനീയമാംവിധമുള്ള യാത്രയാണ് സമ്മാനിക്കുന്നത്.
ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്ന ഇന്റീരിയറും കിടിലമാണ്. ലെതർ സീറ്റ്, ഹീറ്റഡ്, വെന്റിലേഷൻ ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റോട്ടറി ഡയൽ അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യയും ഗോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








