ആഡംബര കാറല്ല, ഇത്തവണ മഹീന്ദ്രയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി തമിഴകത്തിൻ്റെ സൂപ്പർസ്റ്റാർ
റേസിംഗ് എന്നും റേസിംഗ് കാർ എന്നും കേട്ടാൽ ചാടിവീഴുന്നൊരു സിനിമ നടനുണ്ട് നമുക്ക്. മറ്റാരുമല്ല നമ്മുടെ സ്വന്തം മങ്കാത്ത സ്റ്റാർ അജിത് കുമാർ തന്നെയാണത്. കാറോട്ട മത്സരത്തിൽ പോലും പയറ്റാൻ ഇറങ്ങിയ താരം വാർത്തകളിലെല്ലാം നിറഞ്ഞുനിൽക്കുകയാണ്. അഭിനയത്തിന് ബ്രേക്ക് കൊടുത്ത് റേസിംഗിൽ അരങ്ങേറ്റം കുറിച്ച നടൻ ഇപ്പോഴിതാ പുത്തനൊരു ഇലക്ട്രിക് കാർ സ്വന്തമാക്കിയിരിക്കുകയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ BE 6 ഫോർമുല ഇ എഡിഷൻ മോഡലാണ് ആരാധകർ തലയെന്ന് സ്നേഹത്തോടെ വിളിക്കുന്ന അജിത്തിൻ്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ ഫോർമുല-ഇ കാറോട്ട മത്സരത്തിൽ സേഫ്റ്റി കാറായി BE 6 സാന്നിധ്യമറിയിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലൊരു ലിമിറ്റഡ് എഡിഷൻ മോഡലിന് മഹീന്ദ്ര രൂപം കൊടുത്തിരിക്കുന്നത്. ഫുള്ളി-ലോഡഡ് ആയിട്ടുള്ള FE2, FE3 എന്നീ രണ്ട് വേരിയൻ്റിലാണ് പുതിയ മോഡൽ വാങ്ങാനാവുക. വിലയേറിയതും അപൂർവവുമായ സൂപ്പർകാറുകൾ അരങ്ങുവാഴുന്ന അജിത്തിൻ്റെ ഗരാജിലെ ആദ്യത്തെ ഇവി കൂടിയാണിത്.

2025 നവംബറിലാണ് 23.69 ലക്ഷം രൂപ വിലയിൽ മഹീന്ദ്ര BE 6 ഫോർമുല ഇ എഡിഷൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഫോർമുല 1 ഇതിഹാസം അയർട്ടൺ സെന്നയുടെ ആരാധകനായ അജിത് കുമാർ ലിമിറ്റഡ് എഡിഷൻ ഇലക്ട്രിക് എസ്‌യുവിയുടെ ടാങ്കോ റെഡ് കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാൽ BE 6 ഇവിയുടെ സ്റ്റാൻഡേർഡ് വേരിയൻ്റുകൾക്ക് സമാനമായ ശൈലി തന്നെയാണ് പിന്തുടർന്നിരിക്കുന്നത്.
എങ്കിലും ചില പരിഷ്ക്കാരങ്ങളോടെയാണ് പുതിയ BE 6 ഫോർമുല-ഇ എഡിഷൻ ഒരുക്കിയിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്രഷ്ഡ് അലുമിനിയം റിയർ ഫോക്സ് സ്കിഡ് പ്ലേറ്റ്, ബൂട്ട് ലിഡ് ഇൻ്റഗ്രേറ്റഡ് സ്പോയിലർ എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയെ F1 കാറിന് സമാനമായ ലുക്ക് കിട്ടാൻ സഹായിച്ചിട്ടുണ്ട്. ലോവർ-സ്പെക്ക് വേരിയൻ്റുകളിൽ നിന്ന് കടമെടുത്ത ഒരു ചെറിയ സെറ്റ് എൽഇഡി ഡിആർഎല്ലുകളും ടെയിൽ ലൈറ്റുകളും ഫോർമുല ഇ എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഹെഡ്‌ലാമ്പുകൾ, സ്റ്റിക്കർ വർക്കുകൾ, ഹുഡ് സ്ട്രൈപ്പുകൾ, ടാംഗോ റെഡ്, ഫയർസ്റ്റോം ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് കളർവേകൾ, വീൽ സ്ട്രൈപ്പുകൾ, ഓറഞ്ച് ടോ ഹുക്ക്, ഫോർമുല-ഇ റിയർ ബാഡ്ജ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ, റണ്ണിംഗ് ബോർഡിൽ ഓറഞ്ച് ഇൻസേർട്ടുകൾ എന്നിവയും BE 6 ഫോർമുല ഇ എഡിഷന് മാറ്റേകുന്നുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഫോർമുല ഇ എഡിഷൻ്റെ ഇൻ്റീരിയറിലും ചെറിയ നവീകരണങ്ങൾ കാണാം.
മോട്ടോർസ്പോർട്ട് തീമിനൊപ്പം മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇൻ്റർഫേസ്, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡോൾബി അറ്റ്‌മോസ് ഓഡിയോ, ഇന്റഗ്രേറ്റഡ് OTT ആപ്പുകൾ, അലക്‌സ എന്നിവയുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേ തുടങ്ങിയവയെല്ലാം കാറിനെ വേറിട്ടുനിർത്തുന്നുണ്ട്. FE3 വേരിയൻ്റിന് അധിക ഫോർമുല ഇ തീം ആനിമേഷനുകളും പുതിയ ഇൻ്റീരിയർ ടച്ചുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നുണ്ട്.

ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, റിയർ വെൻ്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, ലൈറ്റിംഗും ഡ്രെയിനേജും സജ്ജീകരിച്ച ഫ്രങ്ക് എന്നിവയും ഈ സ്പെഷ്യൽ എഡിഷൻ ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമാണ്. ഇതുകൂടാതെ രണ്ട് പതിപ്പുകളിലും ലെവൽ 2 ADAS, ആറ് എയർബാഗുകൾ, പൂർണ 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ബ്രേക്ക്-ബൈ-വയർ, ലൈവ് റീഡിംഗുകളുള്ള TPMS തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര BE 6 ഫോർമുല ഇ എഡിഷൻ്റെ പ്രത്യേകതകളാണ്.
FE2, FE3 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയൻ്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന മോഡലിന് യഥാക്രമം 23.69 രൂപയും 24.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 210 kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 79 kWh ബാറ്ററി പായ്ക്കാണ് മഹീന്ദ്ര BE 6 ഇവിയുടെ ഫോർമുല ഇ എഡിഷൻ്റെ ഹൃദയം. ഇവിക്ക് 282 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. അഡാപ്റ്റീവ് സസ്‌പെൻഷൻ, ബൂസ്റ്റ് മോഡ്, വേരിയബിൾ-റേഷ്യോ സ്റ്റിയറിംഗ് സിസ്റ്റം, മൾട്ടി-സ്റ്റെപ്പ് റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ അഡാറ് ഫീച്ചറുകളും ഇവിക്കൊപ്പം ഒരുക്കുന്നതാണ്.


Click it and Unblock the Notifications








