അടുപ്പിച്ച് പൊട്ടിയത് 11 പടങ്ങൾ, 1000 കോടിയിലധികം നഷ്‌ടം! എന്നിട്ടും 1.60 കോടിയുടെ കാർ വാങ്ങി ആക്ഷൻ ഖിലാഡി
ബോളിവുഡ് (Bollywood) സിനിമകളിൽ ഒരു കാലത്തുണ്ടായിരുന്ന ഖാൻ ആധിപത്യം തകർത്ത് എറിഞ്ഞ നടനായിരുന്നു അക്ഷയ് കുമാർ (Akshay Kumar). ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് വാഴ്ത്തപ്പെടുന്നതും അക്കിയെന്ന ഓമനപ്പേരിൽ വിളിക്കുന്ന അക്ഷയ് കുമാറിനാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഹിന്ദി സിനിമ മേഖലയിൽ ഒരു വര്‍ഷം ഏറ്റവുമധികം ചിത്രങ്ങള്‍ ചെയ്യുന്ന നായകനടന് ഇന്ന് അത്ര നല്ല സമയമല്ല. ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരമായിരുന്നു ഇദ്ദേഹമെങ്കിൽ ഇന്ന് പുറത്തിറങ്ങുന്ന പടങ്ങളെല്ലാം തുടർപരാജയങ്ങളാണ്.
അവസാനം റിലീസായ അക്ഷയ് കുമാറിന്റെ 7 ചിത്രങ്ങളും ബോക്‌സ്ഓഫീസിൽ പരാജയമായിരുന്നു. 4 ചിത്രങ്ങൾക്ക് കിട്ടിയ ഓപണിംഗ് പോലും 3 കോടിയിൽ താഴെയായിരുന്നെന്നുമാണ് കണക്കുകൾ. ഇതിൽ ഏറ്റവും വലിയ പരാജയം രുചിച്ചത് പൃഥ്വിരാജ് വരെ മുഖം കാണിച്ച് ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന സിനിമയായിരുന്നു. 14 വർഷങ്ങൾക്കു ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ഭൂത് ബംഗ്ല എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അക്കിയുടെ ഇനിയുള്ള പ്രതീക്ഷകൾ.

ഇതിനിടയിൽ യാത്രകൾക്ക് കൂട്ടായി പുത്തനൊരു അത്യാഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം അക്ഷയ് കുമാർ. ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എംപിവിയായ വെൽഫയറാണ് താരവും തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. വൈറൽ ഭയാനിയെന്ന ഇൻസ്റ്റഗ്രാം പേജാണ് അക്കിയുടെ പുതിയ കാറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ സെലിബ്രിറ്റികൾക്കിടയിൽ ഏറെ ജനപ്രിയമായ കാറാണ് ടൊയോട്ട വെൽഫയർ. അത്യാഡംബര സവിശേഷതകളാൽ സമ്പന്നമായ വാഹനം വിവിഐപി ഗയമിലുള്ള യാത്രകളാണ് സമ്മാനിക്കുന്നത്. 4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസുമാണ് ഈ എംപിവിക്കുള്ളത്. അക്ഷയ് കുമാർ സ്വന്തമാക്കിയിരിക്കുന്നത് പ്രീഷ്യസ് മെറ്റൽ കളർ ഓപ്ഷനാണ്.

ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന ടൊയോട്ട വെൽഫയറിന് 1.32 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസും എല്ലാമായി 1.60 കോടി രൂപയോളം വരും വെൽഫയറിന്റെ മുംബൈയിലെ ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. 4 ഡോറുകളുള്ള എംപിവി അതിൻ്റെ കാരവാൻ പോലെയുള്ള യാത്രാ അനുഭവത്തിന് പേരുകേട്ടതാണ്. 2023 ഓഗസ്റ്റിലാണ് എംപിവിയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഇതിന് ശേഷമാണ് ഇവൻ സെലിബ്രിറ്റികളുടെ പ്രിയവാഹനമായി മാറുന്നത്. ആദ്യ നോട്ടത്തിൽ തന്നെ ആരേയും വശീകരിക്കുന്ന ലുക്കാണ് വെൽഫയറിന്റെ പ്രധാന ഹൈലൈറ്റ്. മുൻവശത്തെ വലിയ സിക്‌സ് സ്ലാറ്റ് ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഇതിന് താഴെയായി കൊടുത്തിരിക്കുന്ന എൽഇഡി ഡിആർഎല്ലുകളും കൂടിയാവുമ്പോൾ വണ്ടി അഴകനായി മാറുന്നുണ്ട്. ഫ്രണ്ട് ബമ്പറിൻ്റെ വീതിയിൽ പ്രവർത്തിക്കുന്ന യു ആകൃതിയിലുള്ള ക്രോം സ്ട്രിപ്പും മനോഹരമാണ്.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ കൂറ്റൻ ഗ്ലാസ് ഏരിയയും 19 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളുമാണ് വെൽഫയറിന് വിവിഐപി ലുക്ക് സമ്മാനിക്കുന്നത്. പിൻവശത്ത് മുൻ പതിപ്പിനെ അപേക്ഷിച്ച് കണക്റ്റിംഗ് എൽഇഡി ബാറുള്ള റീഡിസൈൻ ചെയ്ത എൽഇഡി ടെയിൽ ലാമ്പുകളാണ് എടുത്തു പറയേണ്ട സംഗതി. പുറത്തുനിന്ന് കാണുന്നതിലും ലക്ഷ്വറിയിലാണ് എംപിവിയുടെ ഇന്റീരിയറിൽ ടൊയോട്ട ഒരുക്കിയിട്ടുള്ളത്.
വലിയ 14 ഇഞ്ച് യൂണിറ്റാണ് വെൽഫയറിന്റെ ഡാഷ്ബോർഡിൽ ആധിപത്യം പുലർത്തുന്നത്. സീറ്റ് ഡിസൈനും അപ്ഹോൾസ്റ്ററിയും പുതിയ കാലത്തിനൊത്തതാണ്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ്, ഹീറ്റഡ് ഫംഗ്ഷനുകളുള്ള സീറ്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാർക്ക് ഇലക്ട്രിക് വിൻഡോ കർട്ടനുകൾ എന്നിവയെല്ലാം ടൊയോട്ടയുടെ എംപിവിയിലുണ്ട്.
മധ്യ നിരയിൽ സുഖപ്രദമായ ക്യാപ്റ്റൻ സീറ്റുകളുള്ളതിനാൽ യാത്രാ സുഖം ഗംഭീരമായിരിക്കും. ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ടൊയോട്ട സേഫ്റ്റി സെൻസ് ADAS, 360-ഡിഗ്രി ക്യാമറ പോലുള്ളവയാണ് വാഹനത്തിന്റെ സേഫ്റ്റി ഫീച്ചറുകൾ. ടൊയോട്ട വെൽഫയറിന് കരുത്തേകുന്നത് ഹൈബ്രിഡ് 2.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 193 bhp പവറിൽ 240 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
എംപിവിക്ക് 19.28 കിലോമീറ്റർ ഇന്ധനക്ഷമതയും ടൊയോട്ട അവകാശപ്പെടുന്നുണ്ട്. അക്ഷയ് കുമാറിന് പുറമെ ഐശ്വര്യ റായ്, ആമിർ ഖാൻ, അനിൽ കപൂർ, അജയ് ദേവ്ഗൺ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ ടൊയോട്ട വെൽഫയർ സ്വന്തമാക്കിയിട്ടുണ്ട്. ഇങ്ങ് നമ്മുടെ സ്വന്തം മോളിവുഡിലേക്ക് വന്നാൽ മോഹൻലാൽ, സുരേഷ് ഗോപി, ബിജു മേനോൻ പോലുള്ള പ്രമുഖരും വെൽഫയർ ഉടമകളാണ്.


Click it and Unblock the Notifications








