മിനിസ്ക്രീനിലെ സ്റ്റാർബോയ്, ചെമ്പനീർ പൂവിലെ രേവതിയുടെ സച്ചിക്ക് പുതിയ എസ്‌യുവി സ്വന്തം
ഏഷ്യാനെറ്റിലെ ചെമ്പനീർ പൂവ് എന്ന ഹിറ്റ് സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് അരുൺ ഒളിമ്പ്യൻ. ഈ പേര് പറഞ്ഞാൽ മനസിലാകാത്തവർക്ക് ചെമ്പനീർ പൂവിലെ നമ്മുടെ സച്ചിയെന്ന് പറഞ്ഞാൽ പെട്ടന്ന് പിടികിട്ടും. മിനിസ്ക്രീനിലെ സൂപ്പർസ്റ്റാർ എന്ന് അരുണിനെ വിളിക്കുന്നവരുമുണ്ട്. സച്ചിയും രേവതിയും തമ്മിലുള്ള കോംബോ കാണാൻ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ടൊവിനോ തോമസിന്റെ ഡ്യൂപ്പായുമെല്ലാം വേഷമിട്ടിരുന്ന താരത്തിന് കിട്ടിയ കരിയർ ബ്രേക്ക് ആയിരുന്നു ഈ സീരിയൽ. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു ആളെ കൂടി വരവേറ്റിരിക്കുകയാണ് സച്ചി.
ആരേയാണെന്നല്ലേ, ഇനിയുള്ള യാത്രകൾക്കായി താരം പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ തരംഗം തീർത്ത് മുന്നേറുന്ന മഹീന്ദ്ര ഥാർ റോക്‌സ് എസ്‌യുവിയാണ് ചെമ്പനീർ പൂവിലെ സച്ചി കൂടെക്കൂട്ടിയിരിക്കുന്നത്. പുത്തൻ വണ്ടി വാങ്ങിയതിന്റെ വീഡിയോയും ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്റിന് താഴെ ആരാധകരെല്ലാം അഭിനന്ദനങ്ങളുമായി എത്തുകയും ചെയ്‌തു.

ഥാർ റോക്‌സിന്റെ ഏറ്റവും പുതിയ സ്റ്റാർ എഡിഷനാണ് അരുൺ ഒളിമ്പ്യന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് കേട്ടോ. ഡീസൽ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്, ഡീസൽ ഓട്ടോമാറ്റിക് എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന എസ്‌യുവിയുടെ ഏത് മോഡലാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ഇവയ്ക്ക് യഥാക്രമം 16.85 ലക്ഷം, 17.85 ലക്ഷം, 18.35 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഥാർ റോക്‌സിന്റെ ടോപ്പ് എൻഡ് AX7L ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് സ്റ്റാർ എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ എല്ലാ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാണ്. കൂടാതെ പുതിയ ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയർ, ഇന്റീരിയർ കോസ്‌മെറ്റിക് എലമെന്റുകളും മോഡലിൽ മഹീന്ദ്ര ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റാർ എഡിഷൻ ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്.

ഇതിൽ സ്റ്റെൽത്ത് ബ്ലാക്കാണ് ചെമ്പനീർ പൂവിലെ സ്റ്റാർ ബോയ് സ്വന്തമാക്കിയിരിക്കുന്നത്. 177 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 175 bhp പവറിൽ പരമാവധി 400 Nm ടോർക്ക് വികസിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാർ റോക്‌സ് സ്റ്റാർ എഡിഷൻ വിപണിയിലെത്തുന്ന്. മുകളിൽ പറഞ്ഞതുപോലെ ഡീസൽ മാത്രമേ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാകൂ.
മഹീന്ദ്ര ഥാർ റോക്‌സ് സ്റ്റാർ എഡിഷന്റെ പെട്രോൾ പതിപ്പിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാവൂ. സ്റ്റാർ എഡിഷൻ 4x4 സിസ്റ്റം വാഗ്ദാനം ചെയ്യുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കേട്ടോ. റിയർ വീൽ ഡ്രൈവ് ഫോർമാറ്റിലാണ് ഈ സ്പെഷ്യൽ എഡിഷൻ മോഡൽ വിപണിയിലെത്തുന്നത്. ഫുൾ എൽഇഡി ലൈറ്റിംഗ്, ഇൻസ്ട്രുമെന്റേഷനും ഇൻഫോടെയ്ൻമെന്റിനുമായി രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള സവിശേഷതകളും ഇതിലുണ്ട്.

തീർന്നില്ല, ഇതുകൂടാതെ 360-ഡിഗ്രി ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ്, 9-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ടെറൈൻ മോഡുകൾ തുടങ്ങിയ ഫീച്ചറുകളും സ്റ്റാർ എഡിഷന്റെ ഭാഗമാണ്. ലൈറ്റ് നിറമുള്ള അപ്ഹോൾസ്റ്ററിക്ക് പകരം കറുപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വീഡ് ആക്സന്റുകളുള്ള കറുത്ത ലെതറെറ്റ് അപ്ഹോൾസ്റ്ററി ശരിക്കും കാണാൻ രസമുണ്ട്.
ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയർ, ഇൻ്റീരിയർ കോസ്‌മെറ്റിക് നവീകരണങ്ങളാണ് ഇതിൽ ഒരുക്കിവെച്ചിരിക്കുന്നത്. ഗ്രില്ലിനും അലോയ് വീലുകൾക്കും പുതിയ ഗ്ലോസ്-ബ്ലാക്ക് ഫിനിഷ് നൽകിയാണ് സ്റ്റാർ എഡിഷൻ സ്റ്റാൻഡേർഡ് ഥാർ റോക്‌സിൽ നിന്ന് വ്യത്യസ്തമാകുന്നത്. സ്റ്റാൻഡേർഡ് പതിപ്പിലെ ഗ്രിൽ ബോഡി കളറിലും അലോയ് വീലുകൾ സിൽവർ നിറത്തിലുമാണ് എത്തുന്നത്. എന്തായാലും ചെമ്പനീർ പൂവിലെ നായകന് ഇനി കൂടുതൽ ചെത്തോടെ നടക്കാം.


Click it and Unblock the Notifications








