ആസിഫിന്റെ ഗരാജിലേക്ക് BYD e6 ഇലക്‌ട്രിക് എംപിവി കൂടി, വാങ്ങിയത് ഭാര്യ സമ ആസിഫ് അലി
മലയാള സിനിമ രംഗത്തെ വാഹന പ്രേമികളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലുള്ള ഒരാളാണ് ആസിഫ് അലി. താൻ ഒരു വണ്ടിഭ്രാന്തൻ ആണെന്ന് താരം പല തവണ അംഗീകരിച്ചിട്ടുള്ള കാര്യവുമാണ്.

അടുത്തിടെ ലക്ഷ്വറി എസ്‌യുവിയായ ലാൻഡ് റോവർ ഡിഫൻഡറും ആസിഫ് അലി വാങ്ങിയിരുന്നു. അതിനു പിന്നാലെ ഇതാ ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി ഇന്ത്യയില്‍ എത്തിച്ച ആദ്യ ഇലക്ട്രിക് എംപിവിയായ e6 കൂടി അസിഫിന്റെ കുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്.

എന്നാൽ ഇത്തവണ ആസിഫ് അലിയല്ല വാഹനം വാങ്ങിയതെന്നു മാത്രം. താരത്തിന്റെ ഭാര്യ സമ ആസിഫ് അലിയാണ് ഇലക്ട്രിക് കരുത്തുള്ള മൾട്ടി പർപ്പസ് വാഹനം ഗരാജിലെത്തിച്ചിരിക്കുന്നത്. സമയുടെ പേരിൽ തന്നെയാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതും.

രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവിയായ ബിവൈഡി e6 സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി തുടങ്ങിയത് അടുത്തിടെ മാത്രമായിരുന്നു. അതിനു മുമ്പ് വാഹനം ഫ്ലീറ്റ് ആവശ്യങ്ങൾക്ക് മാത്രമായാണ് നൽകി വന്നിരുന്നത്. സ്വകാര്യ ആവശ്യങ്ങൾക്കായി വിൽപ്പന തുടങ്ങിയതോടെ e6 ഇവി സ്വന്തമാക്കാൻ ധാരാളം ഉപഭോക്താക്കളാണ് ഇപ്പോൾ എത്തുന്നത്.

ഇലക്ട്രിക് ബസുകളും മറ്റു വാഹനങ്ങളുമെല്ലാം നിർമിച്ച് തങ്ങളുടെ കഴിവുകൾ ലോകത്തിനു കാണിച്ചുകൊടുത്തവരാണ് ബിൽഡ് യുവർ ഡ്രീംസ് (BYD) ബ്രാൻഡ്. സമ ആസിഫ് അലിയുടെ പേരില്‍ എറണാകുളം ആര്‍ടിഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന e6 ഇലക്ട്രിക് എംപിവിയുടെ നമ്പർ KL 07 CZ 4007 എന്നാണ്.

GL, GLX എന്നീ രണ്ടു വകഭേദങ്ങളിലായി എത്തുന്ന BYD e6 എംപിവിക്ക് ഇന്ത്യയിൽ 29.15 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉയർന്ന വകഭേദമായ GLX വേരിയന്റിനൊപ്പം 40 kW വാൾ മൗണ്ടഡ് എസി ഫാസ്റ്റ് ചാർജറും ചൈനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

രണ്ടു മണിക്കൂറിൽ വാഹനം പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും എന്നതാണ് BYD e6 എംപിവിയുടെ മറ്റൊരു ഹൈലൈറ്റ്. ഇതുവഴി പൂർണമായും ചാർജ് ചെയ്‌താൽ 415 കിലോമീറ്റർ മുതൽ 520 കിലോമീറ്റർ വരെ റേഞ്ച് നൽകും ഈ ബാറ്ററി.

94 bhp കരുത്തിൽ 180 Nm torque വരെ വികസിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 71.7 kWh LFP ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം.35 മിനിറ്റിനുള്ളിൽ കാർ 30-80 ശതമാനം വരെ ചാർജ് ചെയ്യുന്ന റീജനറേറ്റീവ് ബ്രേക്കിംഗും ഡിസി ഫാസ്റ്റ് ചാർജിംഗും എംപിവിയിൽ ഉണ്ട്.

BYD വാങ്ങുന്നയാളുടെ വീട്ടിലോ ഓഫീസിലോ 6.6 kW എസി ചാർജറും സ്ഥാപിക്കാം. ഇത് ഏകദേശം 12 മണിക്കൂറിനുള്ളിൽ വാഹനം പൂർണമായും ചാർജ് ചെയ്യാൻ അനുവദിക്കും.

ഫീച്ചറുകളിലേക്ക് നോക്കിയാൽ BYD e6 ഇവിക്ക് എൽഇഡി ഡിആർഎല്ലുകളും ടെയിൽലൈറ്റുകളും, ലെതർ അപ്ഹോൾസ്റ്ററിയോട് കൂടിയ ആറ്-തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകളും എല്ലാമുണ്ട്. കൂടാതെ ബ്ലൂടൂത്ത്, Wi-Fi കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് റൊട്ടേറ്റബിൾ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അകത്തളത്തെ സമ്പുഷ്‌ടമാക്കുന്നു.

CN95 എയർ ഫിൽട്ടറേഷൻ സംവിധാനമാണ് ഇന്റീരിയർ ഫീച്ചറിലെ ഹൈലൈറ്റുകളിൽ ഒന്ന്. BYD e6 എംപിവിയിൽ കമ്പനി മൂന്നു വർഷത്തെ അല്ലെങ്കിൽ 125,000 കിലോമീറ്റർ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം വാഹനത്തിലെ ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 500,000 കിലോമീറ്റർ കവറേജാകും ലഭിക്കുക.


Click it and Unblock the Notifications








