'മനസ് സന്തോഷത്തിൽ' ബാല, ട്രെൻഡായി താരത്തിന്റെ പുത്തൻ ആഡംബര കാർ, പക്ഷേ വില പറയില്ല
'എന്താ ടിനി ലെമൺ ടീ ചോദിച്ചൂന്ന് കേട്ടൂ' സംഭവം ആരെക്കുറിച്ചാ പറയുന്നത് എന്നിനി പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള താരങ്ങളിൽ ഒരാളാണ് നടൻ ബാല. തമിഴിലൂടെയാണ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നതെങ്കിലും ബിഗ്ബിയിലൂടെയും പുതിയമുഖത്തിലൂടെയുമെല്ലാം ചെയ്‌ത ഗംഭീര വേഷങ്ങളിലൂടെ ബാല പ്രേക്ഷക മനസിലേക്ക് അതിവേഗം കുടിയേറി പാർക്കുകയായിരുന്നു.
എന്തിന് ഒരു തമിഴ് കുടുംബത്തിൽ ജനിച്ചിട്ടു പോലും നമ്മുടെ കേരളത്തിൽ വന്ന് സെറ്റിലായ താരം ആദ്യം മുതലേ കൂടുതലും മലയാളം സംസാരിക്കാൻ കാണിക്കുന്ന താത്പര്യവും പലതവണ കൈയടി നേടിയിട്ടുള്ള കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ഡയലോഗുകളിൽ ഒന്നായിരിക്കും ടിനി ടോമുമായുള്ള ആ സംഭാഷണം. ഇതിനു പുറമെ മറ്റ് ചില രസകരമായ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാക്കിയ താരമാണ് ബാല.

നടനായി വന്ന് നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ പല വേഷങ്ങളിലായി തന്റെ കഴിവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ബാലയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി വന്നെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല താരത്തിന്റെ ഇനിയുള്ള യാത്രകളിൽ കൂട്ടിനായി പുത്തനൊരു ലക്ഷ്വറി കാർ വാങ്ങിയതാണ് സംഭവം. കൂട്ടിന് ഒരാളുകൂടി എത്തിയിട്ടുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ ബാല ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.
കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പുത്തൻ കാർ വാങ്ങിയതിനെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് ആളുകളാണ്കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളും പ്രശ്നങ്ങളും പ്രതിസന്ധകളുമെല്ലാം ആരാധകരോട് സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട് ബാല. ഇനി താരത്തിന്റെ പുത്തൻ വണ്ടിയേതാണെന്ന് അറിയേണ്ടേ?.

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമായ ലെക്‌സസിന്റെ NX 300h കോംപാക്‌ട് ലക്ഷ്വറി എസ്‌യുവിയാണ് ബാല ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. സംഭവം പുതിയതല്ല കേട്ടോ. സെലിബ്രിറ്റികൾ യൂസ്‌ഡ് കാറിന്റെ പിന്നാലെ പായുന്ന കാലമാണല്ലോ ഇത്. ബാലയും ഇതേ ട്രെൻഡാണ് പിന്തുടർന്നിരിക്കുന്നാണ് സെക്കൻഡ് ഹാൻഡ് ആഡംബര കാറിലേക്ക് എത്തിയത്. പുതിയതിന്റെ അത്ര വിലയില്ലെങ്കിലും അധികം നഷ്ടമില്ലാതെ വാങ്ങാനും പിന്നീട് വിൽക്കാനും സാധിക്കുമെന്നതുമാണ് ഇവയുടെ പ്രത്യേകത.
ഈ വാഹനം ഇപ്പോൾ ഇന്ത്യയിൽ നിലവിലില്ല. പകരം ഇതിന്റെ പുതുതലമുറ ആവർത്തനമായ NX 350h പതിപ്പാണ് ഇപ്പോൾ വിപണനത്തിന് എത്തുന്നത്. എക്‌സ്ക്വിസൈറ്റ്, ലക്ഷ്വറി, F സ്പോർട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന പുതിയ മോഡലിന് ഇന്ത്യയിൽ 67.35 ലക്ഷം മുതൽ 74.24 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. എന്തായാലും ഇതിൽ നിന്നും കാര്യമായി കുറഞ്ഞ വിലയിലാവും ബാല ഈ യൂസ്‌ഡ് ലക്ഷ്വറി കാറിനെ കൂടെക്കൂട്ടിയിരിക്കുന്നത്.
വണ്ടിയുടെ വിലയെത്രയെന്ന് താൻ പറയില്ലെന്നും ബാല വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ലൈഫ് ഒന്നേയുള്ളൂവെന്നും മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. KL55 Y3333 എന്ന ഫാൻസി നമ്പരും ബാലയുടെ ലെക്‌സസ് ലക്ഷ്വറി കാറിനുണ്ട്. ഹൈബ്രിഡ് ആയതിനാൽ പൊലൂഷൻ ഫ്രീയാണ് ഈ കാർ എന്നും താരം പറയുന്നു. അതോടൊപ്പം ഈസി ഗോ ഈസി കം ആണിതെന്നും അതുകൊണ്ടാണ് ഇപ്പോൾ പല സെലിബ്രിറ്റികളും ലെക്സസ് കാർ തെരഞ്ഞെടുക്കുന്നതെന്നും നടൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ലെക്‌സസിന്റെ നാലാമത്തെ മോഡലായാണ് NX 300h 2017-ൽ പുറത്തിറങ്ങുന്നത്. മറ്റ് കാറുകളെ പോലെ തന്നെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) റൂട്ടിലൂടെ വാഹനത്തെ പൂർണമായും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. 2.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്തിനാണ് ഈ ലക്ഷ്വറി കാറിന് തുടിപ്പേകുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കി പരമാവധി 194 bhp പവറോളം നൽകാൻ ബാലയുടെ NX 300h എസ്‌യുവിക്കാവും.

സൺറൂഫ്, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, ടു സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, നാവിഗേഷൻ സിസ്റ്റത്തിനൊപ്പം ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വലിയ 10.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 സ്പീക്കർ സൗണ്ട് സെറ്റപ്പ് പോലുള്ള അത്യാധുനിക സവിശേഷതകളാലും ഈ പ്രീമിയം ക്രോസ്ഓവർ സമ്പന്നമാണ്. ലുക്കിന്റെ കാര്യത്തിലും വണ്ടി പൊളിയാണ്. ക്രോം ഇൻസെർട്ടുകളോട് കൂടിയ ബോൾഡും അഗ്രസീവ് ലുക്കാണ് ഹൈലൈറ്റ്.
ഫ്രണ്ട്, റൂഫ് മൗണ്ടഡ് സ്‌പോയിലർ, എൽഇഡി ടെയിൽ ലാമ്പുകൾ, എൽഇഡി ഫോഗ്‌ലാമ്പുകൾ, റിയർ ഡിഫ്യൂസർ എന്നീ സവിശേഷതകളും ഡിസൈനിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ഷോറൂമിൽ നിന്നും കാർ പർച്ചേഴ്സ് ചെയ്ത ബാല അമ്പലത്തിൽ കൊണ്ടുവന്ന് പൂജ കഴിപ്പിക്കുന്നതും വീഡിയോയിൽ കാണാം. കാർ നമ്പറാണ് തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താൻ ഉണ്ടോ എന്ന് നോക്കണമെന്നും മാധ്യമങ്ങളോട് ബാല പറയുന്നതും വീഡിയോയിൽ കാണാം.


Click it and Unblock the Notifications








