ഇന്റർനെറ്റ് എസ്‌യുവിയിലാണ് ഇനി യാത്ര, 17 ലക്ഷത്തിന്റെ പ്രീമിയം കാറുമായി മലയാളികളുടെ പ്രിയതാരം
മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ബിജുക്കുട്ടൻ. മിമിക്രി വേദികളിലൂടേയും കോമഡി പരിപാടികളിലൂടേയുമാണ് ബിജുക്കുട്ടന്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നതെങ്കിലും പിന്നീട് മമ്മൂട്ടി ചിത്രമായ പോത്തൻ വാവ, മോഹൻലാലിനൊപ്പം ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളിലൂടെ സിനിമയിലും തന്റെ സ്ഥാനം കണ്ടെത്തി. ഒരിടയ്ക്ക് മലയാള ചലചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോഴും ഓരോ പ്രേക്ഷകന്റെയും മനസിൽ നിറഞ്ഞുനിൽപ്പുണ്ട്.
വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന ബിജുക്കുട്ടന്‍ സോഷ്യൽ മീഡിയയിലും സജീവമാണ്. നല്ലൊരു ഡാന്‍സറായ താരം അടിക്കടി ചില ഡാൻസ് നമ്പറുകളുമായി റീൽസിലും പ്രത്യക്ഷപ്പെടാറുണ്ട്. ഈയ്യടുത്ത് മകള്‍ ലക്ഷ്മിയ്‌ക്കൊപ്പം ചുവടുവെക്കുന്ന ബിജുക്കുട്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെല്ലാം പുറമെ താരത്തിന്റെ ജീവതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണ്.

മറ്റൊന്നുമല്ല, തന്റെ ഇനിയുള്ള യാത്രകള്‍ക്കായി പുത്തനൊരു പ്രീമിയം വാഹനത്തെ കൂടെക്കൂട്ടിയിരിക്കുന്നതാണ് ആ സന്തോഷം. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവിയായ എംജി ഹെക്‌ടറാണ് ബിജുക്കുട്ടന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. താരം തന്നെയാണ് പുതിയ കാർ സ്വന്തമാക്കിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുടുംബസമേതം എത്തി ഹെക്‌ടറിന്റെ ഡെലിവറി ഏറ്റെടുക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.
ഹെക്ടറിന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് ബിജുക്കുട്ടൻ വാങ്ങിയിരിക്കുന്നത്. ബര്‍ഗണ്ടി റെഡ് നിറത്തിലുള്ള മോഡലാണ് യാത്രകൾക്ക് ഹരംപകരാനായി എത്തിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളോടെ വിവിധ വേരിയന്റുകളിലായാണ് ഹെക്‌ടർ വിപണിയില്‍ എത്തുന്നത്. ഇതില്‍ ഏത് വേരിയന്റാണ് ബിജുക്കുട്ടൻ വാങ്ങിയിരിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. പുത്തൻ മോഡൽ ഉണ്ടായിട്ടും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുത്തിരിക്കുന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷമാണ് ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചത്. സ്റ്റൈല്‍, ഷൈന്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നീ വേരിയന്റുകളില്‍ വരുന്ന വാഹനത്തിന് 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭ്യമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ബേസ് മോഡലുകളിൽ പ്രവർത്തിക്കുന്നത്.
ഈ യൂണിറ്റ് 143 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുമ്പ് ഈ എഞ്ചിന് 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സംവിധാനവും നൽകിയിരുന്നു. എന്നാൽ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവികളിൽ ഈ ടെക്‌നോളജി ഇപ്പോൾ നൽകുന്നില്ല. കൂടാതെ പെട്രോൾ എഞ്ചിനിലെ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സും കമ്പനി നിർത്തലാക്കിയിരുന്നു. ഹാരിയർ, സഫാരി, കോമ്പസ് എന്നിവയുമായി പങ്കിടുന്ന 2.0 ലിറ്റർ യൂണിറ്റ് ഡീസൽ എഞ്ചിനും ഹെക്‌ടറിലുണ്ട്.

മുമ്പത്തെപ്പോലെ ഹെക്ടർ ഡീസലിൽ ഒരു സിക്സ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണ് എംജി വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് ഇല്ലാത്ത ഈ ഓപ്ഷൻ 170 bhp പവറിൽ ഏകദേശം 350 Nm torque ആണ് വികസിപ്പിക്കുന്നത്. സുരക്ഷയ്ക്കും സാങ്കേതികവിദ്യയ്ക്ക് ഏറെ പ്രാധാന്യം നല്‍കി എത്തുന്ന ഹെക്ടറില്‍ ADAS ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ബിജുക്കുട്ടൻ സ്വന്തമാക്കിയ പഴയ മോഡലിൽ ഇത് ലഭ്യമല്ല.
ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ലെയിൻ-ഡിപ്പാർച്ചർ വാണിംഗ് തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ഹെക്‌ടർ എസ്‌യുവിയുടെ ADAS ഫീച്ചറിലേക്ക് എംജി കൊണ്ടുവന്നിരിക്കുന്നത്. എങ്കിലും പഴയ മോഡലും അത്ര മോശക്കാരനൊന്നുമല്ല. സവിശേഷതകളാൽ സമ്പന്നമായ എസ്‌യുവിയിൽ പലതരം മോഡേൺ ഫീച്ചറുകളും കമ്പനി നേരത്തെ തന്നെ ഉൾക്കൊള്ളിച്ചിരുന്നു.

ഇൻ-കാർ സാങ്കേതികവിദ്യകൾ, ഇവോൾവ്‌ഡ് ഐ-സ്മാർട്ട് സോഫ്റ്റ്‌വെയർ സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ വാഹനത്തെ ധാരാളിയാക്കുന്നുണ്ട്. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് എംജി ഉപഭോക്താക്കൾക്ക് അവരുടെ നിരവധി ഇൻ-കാർ ഫീച്ചറുകൾ നിയന്ത്രിക്കാനാകും. ഇന്ത്യയിൽ ഇതേ സെഗ്മെന്റിൽ മഹീന്ദ്ര XUV700, ടാറ്റ ഹാരിയർ, ഹ്യുണ്ടായി ക്രെറ്റയുടെ ടോപ്പ് വേരിയന്റുകൾ പോലുള്ള വമ്പൻമാരുമായാണ് എംജി ഹെക്‌ടറിന്റെ മത്സരം.


Click it and Unblock the Notifications








