എന്തിനും റെഡി! മാരുതി ജിംനിയെ കൂടെക്കൂട്ടി നടൻ ചെമ്പൻ വിനോദ്
മലയാള സിനിമ രംഗത്ത് താരങ്ങൾ പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്ന തിരക്കിലാണിപ്പോൾ. അടുത്തിടെ യുവതാരമായി മിന്നിനിൽക്കുന്ന നസ്‌ലിൻ കെ ഗഫൂറും നൂറിൻ ഷെരീഫുമെല്ലാം കാറുകൾ വാങ്ങിയതിനു പിന്നാലെ ഫഹദ് ഫാസിലും നസ്രിയയും ബിഎംഡബ്ല്യുവിന്റെ അൾട്രാ ലക്ഷ്വറി കാറായ 7 സീരീസ് വാങ്ങിയ വാർത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.
ഇതിനു മുമ്പ് അർജുൻ അശോകൻ, ലുക്ക്മാൻ അവ്റാൻ പോലുള്ള പ്രിയ താരങ്ങളും അവരുടെ സ്വപ്‌ന വാഹനത്തെ കൂടെക്കൂട്ടിയിരുന്നു. ഇപ്പോഴിതാ ട്രെൻഡിനൊപ്പം ചേർന്ന് നടനും എഴുത്തുകാരനുമായ ചെമ്പൻ വിനോദ് ജോസും ഒരു ലൈഫ് സ്റ്റൈൽ എസ്‌യുവിയെ ഗരാജിലെത്തിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പുറത്തിറങ്ങിയതിൽ വെച്ച് നിലവിൽ ഏറ്റവും ഡിമാന്റുള്ള ഓഫ്-റോഡ് എസ്‌യുവികളിൽ ഒന്നാണ് ജിംനി. സാധാരണക്കാരും സമ്പന്നരുമെല്ലാം ഒരേ പോലെ വാങ്ങുന്ന മാരുതി ജിപ്‌സിയുടെ പിൻഗാമി സൂപ്പർ ഹിറ്റാണെന്നു വേണം പറയാൻ.

ഇൻഡസ് മോട്ടോർസിന്റെ നെക്‌സ ഡീലർഷിപ്പിൽ നിന്നുമാണ് ചെമ്പൻ വിനോദ് ഏത് കുന്നും മലയും താണ്ടാൻ കെൽപ്പുള്ള എസ്‌യുവി വാങ്ങിയിരിക്കുന്നത്. ബ്ലാക്കിൽ ഒരുക്കിയിരിക്കുന്ന ജിംനിയുടെ ഏത് വേരിയന്റാണിത് എന്ന് വ്യക്തമല്ല. വിദേശ വിപണികളിൽ നിന്നും വ്യത്യസ്‌തമായി 5-ഡോർ രൂപത്തോടെയാണ് വാഹനത്തിന്റെ വരവ്. ഇതുതന്നെയാണ് പ്രധാന എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാൾ ഡിമാന്റ് കൈവരിക്കാൻ കാരണമായിരിക്കുന്നത്.
വ്യത്യസ്‌ത വേരിയന്റുകളിലായി എത്തുമ്പോൾ തെരഞ്ഞെടുക്കുന്ന വകഭേദങ്ങൾക്ക് അനുസരിച്ച് 12.74 ലക്ഷം മുതൽ 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ്ഷോറൂം വില വരുന്നത്. 31,000-ലധികം ബുക്കിംഗുകൾ നേടിയാണ് മാരുതി ജിംനി മുന്നേറുന്നത്. ജൂണിൽ വാഹനത്തിന്റെ 3,000 യൂണിറ്റുകൾ വിറ്റഴിക്കാനും കമ്പനിക്കായിട്ടുണ്ട്. എസ്‌യുവി വിപണിയിൽ 25 ശതമാനം വിഹിതം നേടാൻ മാരുതി ലക്ഷ്യമിടുന്നതിനാൽ കാർ നിർമാതാക്കളുടെ ആയുധപ്പുരയുടെ അവിഭാജ്യ ഘടകമാണ് ജിംനി.

ഈ മോഡലിനു പുറമെ ഫ്രോങ്ക്സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ എസ്‌യുവികളാണ് മാരുതി വിൽക്കുന്നത്. എഞ്ചിൻ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ജിംനി കാഴ്ചവയ്ക്കാനായി സുസുക്കി ഓൾഗ്രിപ്പ് പ്രോ സംവിധാനമുള്ള ജിംനിയിൽ. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ജിംനി 5-ഡോർ എസ്‌യുവിയുടെ നമുക്ക് ഏവർക്കും പരിചിതമായ K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് പരമാവധി 105 bhp പവറിൽ പരമാവധി 134 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റി ഗിയർബോക‌്‌സുമായി ജോടിയാക്കാം. മോഡലിന്റെ മാനുവൽ വേരിയന്റുകൾക്ക്16.94 കിലോമീറ്റർ മൈലേജാണുള്ളത്.

അതേസമയം ജിംനി ഓട്ടോമാറ്റിക്കിന് 16.39 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു. ഒരു ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് ലൈഫ്-സ്റ്റൈൽ എസ്‌യുവിയുടെ നിർമാണം. ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്മാർട്ട് പ്ലേ പ്ലസ് പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആർക്കമീസ് സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ടാവും.
സേഫ്റ്റിയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള ഇഎസ്പി, ഹിൽ-ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും മാരുതിയുടെ ഓഫ്-റോഡറിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഫോർഡ് എൻഡവർ, ബിഎംഡബ്ല്യു X1 പോലുള്ള പ്രീമിയം വാഹനങ്ങൾക്ക് പുറമെയാണ് ഇപ്പോൾ എന്തിനും പോന്ന മാരുതി ജിംനിയും കൂടെയെത്തുന്നത്.


Click it and Unblock the Notifications








