ടെലിവിഷൻ താരത്തിന് പുതിയ ആഡംബര ബൈക്ക് സമ്മാനം കൊടുത്ത് 'കഴിഞ്ഞ ജന്മത്തിലെ അമ്മ' വൈറലായി പോസ്റ്റ്
രക്തബന്ധത്തേക്കാൾ എത്രയോ വലിയ ബന്ധങ്ങളും അടുപ്പങ്ങളും ഉള്ളവരാണ് മനുഷ്യർ. ബന്ധങ്ങൾ രക്തത്തിലൂടെയല്ലെങ്കിലും ചിലപ്പോൾ അവ മറ്റേതൊരു ബന്ധത്തേക്കാളും ശക്തമായിരിക്കും. സൗഹൃദം തന്നെ അതിന് വലിയൊരു ഉദാഹരണമാണ്. ബ്രദർ ഫ്രം അനതർ മദർ എന്നൊക്കെ ഇംഗ്ലീഷിൽ പറയുന്നത് പോലെയുള്ള കൂട്ടുകെട്ടുകൾ മനുഷ്യരുടെ ജീവിതത്തിലുണ്ടാവും. ജനപ്രിയ ടെലിവിഷൻ താരമായ ദയാനന്ദൻ ഷെട്ടി അടുത്തിടെ അത്തരമൊരു ബന്ധത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഒരു പുതിയ ജാവ ബോബർ 42 ഡെലിവറി ചെയ്യുന്ന ചെറിയ വീഡിയോ നെറ്റിസൺസിനിടയിൽ വലിയ ചർച്ചയാവുകയും ചെയ്‌തിരുന്നു.
ഈ ബൈക്ക് തനിക്ക് "കഴിഞ്ഞ ജന്മത്തിലെ അമ്മ" എന്ന് കരുതുന്ന ഒരു സ്ത്രീ സമ്മാനിച്ചതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പുതിയ ജാവ ബോബർ 42 മോഡലിന്റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ അദ്ദേഹം തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്‌തിരുന്നു. ഈ പോസ്റ്റിന്റെ അടിക്കുറിപ്പിലാണ് നടൻ തന്നോടൊപ്പമുള്ള സ്ത്രീയെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. അവരുടെ പേര് അർനവാസ് എന്നാണ്.

അനുവെന്ന് സ്നേഹത്തോടെ താൻ വിളിക്കുന്ന അവർ തന്റെ യഥാർഥ അമ്മയല്ലെങ്കിലും കഴിഞ്ഞ ജന്മത്തിലെ അമ്മ ആയിട്ടാണ് താൻ അവരെ കണക്കാക്കുന്നതെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അനുവിന് തന്നോടുള്ള സ്നേഹം നിരുപാധികമാണെന്നും അവസാന ശ്വാസം വരെ അവർ തനിക്ക് വിലപ്പെട്ടതാണെന്നും ടെലിവിഷൻ താരം പോസ്റ്റിലൂടെ പങ്കുവെക്കുന്നു. "ഈ അത്ഭുതകരമായ ബൈക്കിന് അമ്മയ്ക്ക് ഒരുപാട് നന്ദി" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പുതിയ മോട്ടോർസൈക്കിൾ എത്തിച്ചതിന് ജാവ ബാന്ദ്രയിലെ പ്രതിനിധിയോട് താരം തന്റെ പോസ്റ്റിൽ നന്ദി പ്രകടിപ്പിച്ചിട്ടുമുണ്ട്. ജാവ ബോബർ 42 പതിപ്പിലെ ഏറ്റവും ചെലവേറിയ കളർ ഓപ്ഷനായ ബ്ലാക്ക് മിററാണ് അമ്മ തന്റെ മകനായി വാങ്ങിക്കൊടുത്തിരിക്കുന്നത്. ക്രോം ഫിനിഷ്ഡ് ഫ്യുവൽ ടാങ്ക്, ബ്ലാക്ക് റിയർ മഡ്ഗാർഡ് എന്നിവയെല്ലാം പ്രീമിയം ലുക്കാണ് ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളിന് സമ്മാനിക്കുന്നത്.

ഡ്യുവൽ ടോണിൽ പൂർത്തിയാക്കിയിരിക്കുന്ന അലോയ് ഡിസൈനും ട്യൂബ് ലെസ് ടയറുകളും 42 ബോബറിനെ വേറിട്ടു നിർത്തുന്ന കാര്യങ്ങൾ കൂടിയാണ്. എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റേഷൻ, യുഎസ്ബി ചാർജിംഗ്, ക്രമീകരിക്കാവുന്ന സീറ്റ്, ഒന്നിലധികം ലഗേജ് ഓപ്ഷനുകൾ എന്നിവയാണ് ജാവ ബോബർ 42 ബൈക്കിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. 334 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 29 bhp കരുത്തിൽ പരമാവധി 32.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മികച്ച റൈഡിംഗ് അനുഭവം നൽകുന്നതിനായി എൻവിഎച്ച് ലെവലുകളും ജാവ മെച്ചപ്പെടുത്തിയാണ് വിപണിയിൽ എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജാവ 42 അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചിരിക്കുന്നതും.

ജാവ ബോബർ 42 മോഡലിന്റെ മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിളായിട്ടുള്ള റിയർ മോണോഷോക്ക് സംവിധാനവുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ രണ്ടറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കുമാണ് ഒരുക്കിയിരിക്കുന്നത്.
2.13 ലക്ഷം രൂപ മുതൽ 2.31 ലക്ഷം രൂപ വരെയാണ് ഏറ്റവും പുതിയ ജാവ 42 ബോബറിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. കസ്റ്റമൈസേഷൻ അനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ടായേക്കാം. എന്തായാലും ദയാനന്ദൻ ഷെട്ടിയുടെ ഗരാജിലേക്ക് എത്തിയ അതിഥിക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് ഉറപ്പാണ്. ജാവ കൂടാതെ ഇദ്ദേഹത്തിന്റെ പോർച്ചിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 650 കൂടിയുണ്ട്.


Click it and Unblock the Notifications








