ബാഗ്ലൂർ ഡേയ്‌സിലെ ക്ലൈമാക്‌സ് ഓർക്കുന്നുണ്ടോ? അതുപോലൊരു അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ പൈസ കൊടുത്ത് മോഹൻലാൽ സംവിധായകൻ
സാജിദ് യഹിയ ഈ പേര് കേട്ടാൽ പെട്ടെന്ന് ആളുകൾക്ക് പിടികിട്ടില്ലെങ്കിലും കക്ഷിയുടെ ഫോട്ടോ കണ്ടാൽ അള്ളാ മ്മടെ ബിലാലിക്ക എന്ന ഫീലായിരിക്കും നമ്മളിൽ പലർക്കും. സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മോളിവുഡിലെ ഓൾറൗണ്ടറാണ് സാജിദ്. ഫഹദ് ഫാസിലിന്റെ ആമേൻ, ദുൽഖർ സൽമാൻ, നിവിൻ പോളി കൂട്ടുകെട്ടിൽ പിറന്ന ബാംഗ്ലൂർ ഡെയ്‌സ്, പൃഥ്വിരാജിന്റെ ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലെ സഹകഥാപാത്രങ്ങളിലൂടെയാണ് സാജിദ് യഹിയ പലർക്കും സുപരിചിതനാവുന്നത്. പിന്നീട് ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്‌ത ഇടിയിലൂടെ സംവിധാനത്തിലും പുള്ളിക്കാരൻ കൈവെച്ചു.
ഇടിക്ക് ശേഷം മോഹൻലാൽ, ഖൽബ് എന്നീ സിനിമകളും സാജിദ് യഹിയ സംവിധാനം ചെയ്‌തിട്ടുണ്ട്. അടുത്തിടെ നിർമാണം ചെയ്‌ത പല്ലൊട്ടി എന്ന സിനിമ ബോക്‌സ്ഓഫീസിൽ പണംവാരുകയും ചെയ്‌തിരുന്നു. ഈ സന്തോഷത്തിന് പിന്നാലെ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേൽക്കാനുള്ള തയാറെടുപ്പിലാണ് താരം. മറ്റൊന്നുമല്ല, പുത്തനൊരു ബൈക്ക് ബുക്ക് ചെയ്‌ത വിവരം സാജിദ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ്.

തികഞ്ഞൊരു വണ്ടിഭ്രാന്തൻ കൂടിയായ ഇദ്ദേഹം സാധാരണ ബൈക്കൊന്നുമല്ല വാങ്ങാൻ പോവുന്നത്. നിഞ്ച, Z900 പോലുള്ള സൂപ്പർബൈക്കുകളിലൂടെ പ്രശസ്‌തരായ കവസാക്കിയുടെ ഏറ്റവും പുതിയ ഓഫ്-റോഡ് ബൈക്കുകളിൽ ഒന്നാണ് സാജിദ് യഹിയ സ്വന്തമാക്കാൻ പോവുന്നത്. ഇക്കഴിഞ്ഞ ദിവസം ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ച KLX 230 എന്ന മോഡലാണ് താരത്തിന്റെ ഗരാജിലേക്ക് എത്തുന്നത്.
ഇതുവരെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലേക്കുള്ള ഔദ്യോഗിക അവതരണവും വില പ്രഖ്യാപനവും ഉടൻ ഉണ്ടാവുമെന്നാണ് വിവരം. ഇന്ത്യക്കാർക്കിടയിൽ അഡ്വഞ്ചർ ബൈക്കുകൾക്ക് വന്ന സ്വീകാര്യത മുതലെടുക്കാനാണ് KLX 230 ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളിലൂടെ കവസാക്കി ശ്രമിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി വരാനിരിക്കുന്ന റോഡ് ലീഗലായിട്ടുള്ള ഓഫ്-റോഡർ പ്രീ-ബുക്ക് ചെയ്‌തിടാം.

ഏകദേശം 2.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയാണ് കവസാക്കിയുടെ KLX 230 മോഡലിന് പ്രതീക്ഷിക്കുന്ന വില. പൂർണമായും പ്രാദേശികമായി നിർമിക്കുന്ന വാഹനം എഡിവി സെഗ്മെന്റ് തൂത്തുവാരുമെന്ന അനുമാനങ്ങളും പുറത്തുവരുന്നുണ്ട്. ഡിസൈനിൻ്റെ അടിസ്ഥാനത്തിൽ ഇത് ആഗോളതലത്തിൽ വിൽക്കുന്ന 2024 KLX 230 S എഡിവിക്ക് സമാനമായിരിക്കുമിത്. അതായത് മൊത്തത്തിൽ ഒരു റാലി ബൈക്കിന് സമാനമായ ശൈലിയായിരിക്കും പുതിയ മോഡൽ സ്വീകരിക്കുകയെന്ന് സാരം.
ഒരു ചെറിയ ഹെഡ്‌ലൈറ്റ് യൂണിറ്റും അതിന് വശങ്ങളിലായി ഇൻഡിക്കേറ്ററുകൾ, മിററുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ, രജിസ്ട്രേഷൻ പ്ലേറ്റ്, ഒരു വലിയൊരു മഡ്ഗാർഡ് എന്നിവയും കവസാക്കി KLX 250 അഡ്വഞ്ചർ ബൈക്കിന് സമ്മാനിച്ചിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഓൺ-റോഡ്, ഓഫ്-റോഡ് ഉപയോഗത്തിനായി സ്വിച്ച് ചെയ്യാവുന്ന ഡ്യുവൽ പർപ്പസ് എബിഎസുമായാണ് KLX 230 വരുന്നത്.

ഇടത് ഹാൻഡിൽ ബാറിൽ കൊടുത്തിരിക്കുന്ന സ്വിച്ച് ഉപയോഗിച്ച് ഓഫ്-റോഡ് സമയത്ത് മുന്നിലേയും പിന്നിലേയും എബിഎസ് പ്രവർത്തനരഹിതമാക്കാനാണ് ഈയൊരു ഫീച്ചർ കൊടുത്തിരിക്കുന്നത്. ഇതുകൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് എൽസിഡി പാനലിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഡ്യുവൽ ട്രിപ്പ് മീറ്ററുകൾ, ഫ്യൂവൽ ഗേജ്, ക്ലോക്ക്, സ്‌മാർട്ട്‌ഫോൺ കോൾ, മെയിൽ നോട്ടിഫിക്കേഷനുകൾ, ബ്ലൂടൂത്ത് ഇൻഡിക്കേറ്റർ എന്നിവയും KLX 230 മോഡലിൽ ലഭിക്കും.
8,000 ആർപിഎമ്മിൽ 17.9 bhp പവറും 6,400 ആർപിഎമ്മിൽ 18.3 Nm ടോർക്കും ഉത്ദിപ്പിക്കാൻ കഴിയുന്ന 233 സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് KLX 230 അഡ്വഞ്ചർ ബൈക്കിന്റെ ഹൃദയം. ഇത് 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഹീറോ എക്‌സ്‌പൾസ് 200 4V പതിപ്പിനും കെടിഎം അഡ്വഞ്ചർ 250 എഡിവിക്കും ഇടയിലായിരിക്കും വില എന്നതിനാൽ KLX 230 മോഡലിന് നേരിട്ടുള്ള മത്സരം ഉണ്ടാകില്ല.
റോഡുകളിൽ നിയമപരമായി ഓടിക്കാൻ അനുവദിക്കുന്ന കവസാക്കിയുടെ ഇത്തരത്തിലുള്ള ആദ്യ ബൈക്കിയാതിനാൽ കക്ഷി അടിപൊളിയായിരിക്കും. അന്താരാഷ്ട്ര വിപണിയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തുന്ന KLX 230 S മോട്ടോർസൈക്കിളിന് 198 mm ഫ്രണ്ട്, 220 mm പിൻ സസ്‌പെൻഷൻ ട്രാവലാണുള്ളത്. 843 mm സീറ്റ് ഹൈറ്റ്, 239 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഇന്ത്യൻ പതിപ്പിനുമുണ്ടാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








