വീണ്ടും ആഡംബര കാർ വാങ്ങി കുഞ്ഞിക്ക, 369 ഗരാജിലെ പുത്തൻ അതിഥിയുടെ വില കേട്ടാൽ ഞെട്ടും
മലയാള സിനിമയിലെ പല താരങ്ങളും വണ്ടി ഭ്രാന്തൻമാരാണെന്നത് പരസ്യമായ കാര്യമാണ്. എന്നാൽ ഇക്കൂട്ടത്തിലെ ഏറ്റവും വലിയ വണ്ടിപ്രേമി ആരെന്ന് ചോദിച്ചാൽ പണ്ടൊക്കെ കണ്ണുംപൂട്ടി പറയാരുന്നു അത് മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന്. പക്ഷേ ഇപ്പോൾ ബാപ്പയെ പിന്നിലാണ് ഈ പട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സ്വന്തം ദുൽഖൽ സൽമാൻ. മലയാള സിനിമ താരങ്ങളില്‍ ഏറ്റവും മികച്ച വാഹന ശേഖരമുള്ളത് കുഞ്ഞിക്കക്കാണ്.
അച്ഛനും മകനും മത്സരിച്ച് വാഹനം വാങ്ങിക്കൂട്ടുന്ന തിരക്കിലാണിപ്പോൾ. അടുത്തിടെ മമ്മൂക്ക പുത്തൻ മെർസിഡീസ് ബെൻസിന്റെ പെർഫോമൻസ് ഹാച്ച്ബാക്ക് സ്വന്തമാക്കിയതിനു പിന്നാലെ ദുൽഖർ സൽമാനും തന്റെ ഗരാജിലേക്ക് പുത്തനൊരു അതിഥിയുമായി എത്തിയിരിക്കുകയാണ്. ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ മോഡലായ 7 സീരീസാണ് ദുല്‍ഖര്‍ സ്വന്തമാക്കിയ പുതിയ മോഡല്‍.

കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച കാറുകളെല്ലാം ഒന്നിച്ചു കാണാൻ പറ്റുന്ന ഗരാജിലേക്ക് ബിഎംഡബ്ല്യു 740i M സ്പോർട്ട് എന്ന കാറാണ് ദുൽഖർ സൽമാൻ കോടികൾ മുടക്കി വാങ്ങിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് ഡിക്യു പുത്തൻ കാർ വാങ്ങിയെന്ന വാർത്തകൾ പ്രചരിക്കുന്നത്. സെവന്‍ സീരീസിന്റെ 2023 പതിപ്പിന് ഇന്ത്യയിൽ ഏകദേശം 1.70 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
പുതിയ ലക്ഷ്വറി കാറിനും താരത്തിന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കിയിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍ടിഒയിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനത്തിന് TN 06 AH 0369 എന്ന നമ്പരാണ് ലഭിച്ചിരിക്കുന്നത്. ഈ വർഷം തന്നെ മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ ആസിഫ് അലിയും ഫഹദ് ഫാസിലും നിവിൻ പോളിയുമെല്ലാം ഇതേ കാർ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ സിനിമ മേഖലയിലെ സെലിബ്രിറ്റികളുടെ പ്രിയ മോഡലായി ബിഎംഡബ്ല്യു 740i മാറിയിട്ടുണ്ട്.

ദുൽഖർ സൽമാന്റെ പുതിയ വണ്ടിക്ക് 1.70 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നതെങ്കിലും ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി ഏകദേശം 2.18 കോടി രൂപയോളമാണ് ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരുന്നത്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്‌തതിനാൽ കുറച്ച് തുക നടന് ലാഭിക്കാനായിട്ടുണ്ട്. ആസിഫും ഫഹദും നിവിനുമെല്ലാം കേരളത്തിൽ ഏകദേശം 2.30 കോടി രൂപയോളം ചെലവഴിച്ചാണ് ഇവിടെ വാഹനം രജിസ്റ്റർ ചെയ്‌ത് നിരത്തിലിറക്കിയിരിക്കുന്നത്.
ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. ശരിക്കും ആഡംബരം തുളുമ്പുന്ന രാജകീയ യാത്രയാണ് വാഹനം സമ്മാനിക്കുന്നത് എന്നതിനാലാണ് സിനിമ താരങ്ങളെല്ലാം ഈ സെഡാനിലേക്ക് ചേക്കേറുന്നത്. കാഴ്ച്ചയിൽ തന്നെ ആരും കൊതിക്കുന്ന അഴകാണ് കാറിനുള്ളത്. സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവും വലിയ കിഡ്‌നി ഗ്രില്ലിനെ ചുറ്റിയുള്ള ഇലുമിനേറ്റഡ് ലൈറ്റിംഗുമെല്ലാം രസകരമായ കാഴ്ച്ചയാണ്. പരമ്പരാഗത ഹാൻഡിലുകൾക്ക് പകരമായി ആന്തരിക ടച്ച്പാഡും ഇലക്ട്രോണിക് മെക്കാനിസവുമുള്ള ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് മറ്റൊരു പ്രത്യേകത.

സ്റ്റാൻഡേർഡായി 19 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുമ്പോൾ 22 ഇഞ്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ബിഎംഡബ്ല്യു നൽകുന്നുണ്ട്. 7 സീരീസിന്റെ പിൻഭാഗത്തേക്ക് വന്നാൽ വെട്ടിക്കലായുള്ള എൽഇഡി ടെയിൽ ലൈറ്റുകളിലേക്കും കൂറ്റൻ ബമ്പറിലേക്കുമായിരിക്കും നോട്ടം പോവുക. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഇറങ്ങാൻ തോന്നാത്തവിധമാണ് വാഹനത്തെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡിന്റെ പകുതി ഭാഗം വരെ നീളുന്ന കർവ്‌ഡ് സ്‌ക്രീനിലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിട്ടുള്ളത്.
ഇതിൽ 12.3 ഇഞ്ച് വലിപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായും 14.9 ഇഞ്ച് വലിപ്പം ടച്ച്‌സ്‌ക്രീനായുമാണ് നൽകിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ iDrive 8 സോഫ്റ്റ്‌വെയറിലാണിത് പ്രവർത്തിക്കുന്നത്. മുൻ സീറ്റുകൾക്കിടയിൽ ഒരു ഗിയർ സെലക്ടർ, ഒരു പരമ്പരാഗത റോട്ടറി ഐഡ്രൈവ് കൺട്രോളർ, മറ്റ് ടച്ച് സെൻസിറ്റീവ് കൺട്രോളുകൾ എന്നിവക്കായൊരു കൺട്രോൾ പാനലും ക്രമീകരിച്ചിട്ടുണ്ട്.
വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാന്‍ സംവിധാനമുള്ള റിയർ സീറ്റുകൾ, വലിയ പനോരമിക് സണ്‍റൂഫ് പോലുള്ള കിടിലൻ ഫീച്ചറുകളാലും ബിഎംഡബ്ല്യുവിന്റെ 7 സീരീസ് സമ്പന്നമാണ്. പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവർക്കായി 31.3 ഇഞ്ച് വലിപ്പമുള്ള 'സിനിമാ' സ്‌ക്രീനും കമ്പനി നൽകുന്നുണ്ട്. ആമസോൺ ഫയർ ടിവി വഴിയാണ് ഇതിൽ വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നത്. റിയർ ഡോർ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.
3.0 ലിറ്റർ, ഇൻലൈൻ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയിരിക്കുന്ന ബിഎംഡബ്ല്യു 740i M സ്പോർട്ട് സെഡാന് തുടിപ്പേകുന്നത്. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 380 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5.4 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ആഡംബര കാറിന്റെ ടോപ്പ് സ്പീഡ് 250 കിലോമീറ്ററാണ്.

7 സീരീസിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മെർസിഡീസ് ബെൻസ്, പോർഷ, ലാൻഡ് റോവർ, ബിഎംഡബ്ല്യു പോലുള്ള വമ്പൻ കാറുകളുടെ വലിയ നിരയും ഡിക്യുവിന്റെ ഗരാജിലുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബെൻസ് AMG A45S 4മാറ്റിക് പെർഫോമൻസ് കാറാണ് മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications








