കുഞ്ഞിക്ക സ്റ്റാറാ... കൂടെയുള്ളത് സൂപ്പർസ്റ്റാറുകളും; ലക്ഷ്വറി കാർ ശേഖരം പരിചയപ്പെടുത്തി ദുൽഖർ
സിനിമ കരിയറിൽ പാൻ ഇന്ത്യൻ സ്റ്റാറായുള്ള ദുൽഖർ സൽമാന്റെ വളർച്ച അതിവേഗമായിരുന്നു. സിനിമ കഴിഞ്ഞാൽ താരത്തിന്റെ പ്രണയം കാറുകളോടാണെന്ന് ഏവർക്കുമറിയാം. വലിയ വാഹന പ്രേമിയായ ദുൽഖർ കഴിഞ്ഞ ദിവസം തന്റെ കാർ ശേഖരത്തെ പറ്റിയുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ദുൽഖർ എന്തു ചെയ്‌താലും അത് ട്രെൻഡാവുന്ന സീസണാണിത്. സീതാരാമത്തിലൂടെയും ചുപ്പിലൂടെയും ഇന്ത്യ കീഴക്കി മിന്നിത്തിളങ്ങി നിൽക്കുമ്പോൾ എത്തിയ ഈ വീഡിയോയും ഇന്റർനെറ്റിൽ വൈറലാവുകയും ചെയ്‌തു. വിന്റേജ് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടൻ അതിൽ ചിലതിനെ മാത്രമാണ് കാർ പ്രേമികൾക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്.
വാഹനങ്ങളോട് ഏറെ താൽപര്യം ഉള്ളവരാണ് സിനിമാ താരങ്ങൾ. പ്രത്യേകിച്ച് മലയാള സിനിമാ താരങ്ങൾ. അതിൽ വേറിട്ടുനിൽക്കുന്നവരാണ് ദുൽഖർ സൽമാനും മമ്മൂട്ടിയും. ഏറെ നാളായി ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അമിതമായ ചിന്തകള്‍ കാരണം ഒഴിവാക്കുക ആയിരുന്നുവെന്നും വീഡിയോ പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു.

എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് ചെയ്യാതിരുന്നതെന്നും ദുല്‍ഖര്‍ വിഡിയോയിൽ പറഞ്ഞു. പക്ഷെ എന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തുസൂക്ഷിക്കുന്ന ലക്ഷകണക്കിന് പേരുണ്ടല്ലോ. അവരുമായി ഇടപഴകാന്‍ ഇതാണ് ഏറ്റവും നല്ല വഴിയിതാണ് എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. അതുകൊണ്ട് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി എനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിലെ ചിലത് നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണെന്നും താരം പറഞ്ഞു.

സൂപ്പർസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും സിനിമയിലൂടെയും കാറിനോടുള്ള ഇഷ്ടം കൊണ്ടും ആരാധകർക്കിടയിൽ ജനപ്രിയരാണ്. ഒരുപക്ഷേ ഈ അച്ഛൻ-മകൻ ജോഡിക്കായിരിക്കും മലയാളം സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ കാറുകളുടെ ശേഖരം ഉണ്ടായിരിക്കുക. മമ്മൂട്ടി എപ്പോഴും സാങ്കേതിക മികവുള്ള കാറുകളെ പ്രണയിക്കുമ്പോൾ കുഞ്ഞിക്ക ക്ലാസിക് കാറുകളുടെ പിന്നാലെയാണ്.

ബിഎംഡബ്ല്യുവിന്റെ 2002 മോഡൽ M3 ആണ് തന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട കാറെന്ന് ദുല്‍ഖര്‍ പറയുന്നു. ഈ എഡിഷനെയാണ് താന്‍ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറായി കണക്കാക്കുന്നതെന്നും താരം വീഡിയോയിലൂടെ പറയുന്നു. താന്‍ കാറോടിക്കുന്ന രീതിയെ കുറിച്ചും നടന്‍ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. കാറിന് എന്തെങ്കിലും പറ്റുമോന്നാണ് എപ്പോഴും ആശങ്കപ്പെടാറുള്ളതെന്നും കുഞ്ഞിക്ക കൂട്ടിച്ചേർത്തു.

സ്റ്റോക്ക് വീലുകൾക്ക് പകരം BBS ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളാണ് M3 ഇട്ടിരിക്കുന്നത്. കാറിന്റെ മൊത്തത്തിലുള്ള രൂപത്തിനൊപ്പം വീലിന്റെ ഡിസൈനും ആകർഷകമാകുന്നുണ്ട്. ഇതുകൂടാതെ, സസ്പെൻഷൻ സജ്ജീകരണം നവീകരിക്കുകയും എക്‌സ്‌ഹോസ്റ്റ് സംവിധാനവും പരിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. കാറിന് ഇപ്പോൾ റെക്കാറോ ബക്കറ്റ് സീറ്റുകളുണ്ടെന്നും താരം പരാമർശിക്കുന്നു.

M3 E46 താൻ ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കാറാണെന്നും പലപ്പോഴും ഇതിലാണ് സഞ്ചാരമെന്നും ദുൽഖർ പറയുന്നു. ലോകമെമ്പാടുമുള്ള കാർ പ്രേമികൾ ഇഷ്ടപ്പെടുന്ന ഒരു കാറാണ് ബിഎംഡബ്ല്യു M3. 2000-ത്തിലാണ് M3 E46 ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. കൂപ്പെ, കൺവേർട്ടിബിൾ ബോഡി ശൈലികൾ എന്നിവയിൽ ഇത് ലഭ്യമായിരുന്നു. വീഡിയോയിൽ കാണുന്നത് കൂപ്പെയാണ്.

3.2 ലിറ്റർ ഇൻ-ലൈൻ 6 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 343 bhp പവറിൽ 365 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പിൻവീൽ ഡ്രൈവ് മോഡലായ ലക്ഷ്വറി കാറിന് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് ലഭ്യമാവുന്നത്.

ദുൽഖർ സൽമാൻ തന്റെ മിനി മാർക്ക് 1, ബിഎംഡബ്ല്യു E34, 2011 SLS AMG എന്നിവയും വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ കൂടുതലായും ഉപയോഗിക്കുന്നതും മെർസിഡീസിന്റെ 2011 SLS AMG മോഡലാണ്. ഭാവി വീഡിയോകളിൽ കുഞ്ഞിക്ക കൂടുതൽ കാറുകൾ അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications








