369 ഗരാജിലേക്ക് ഒരു ഇലക്‌ട്രിക് സൂപ്പർബൈക്ക് കൂടി വേണമെന്ന് ഡിക്യു, മുതലാളിയുടെ പ്രൊമോഷൻ കൊള്ളാം
മോളിവുഡിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻ ആരെന്ന് ചോദിച്ചാൽ അത് നമ്മുടെ ദുൽഖർ സൽമാനും വാപ്പ മമ്മൂട്ടിയും ആണെന്ന് നിസംശയം പറയാം. അച്ഛന്റെ സഹായമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന താരം ഇന്ന് ഫാൻസിന്റെ കുഞ്ഞിക്കയാണ്. മലയാളത്തിൽ മാത്രം ഒതുങ്ങിക്കൂടാതെ പാൻഇന്ത്യൻ സ്റ്റാറായി വളർന്ന് നിൽക്കുന്ന ഡിക്യു ഹിന്ദിയിലും തെലുങ്കിലുമെല്ലാം വിലപിടിപ്പുള്ള താരമാണ്.
മലയാളത്തിൽ തന്റെ സിംഹാസനം ഉറപ്പിച്ചിട്ടാണ് ദുൽഖർ പതിയെ പാൻഇന്ത്യൻ നായകമായി വളരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതും വിജയിച്ചതും. കരിയറിൽ ഗംഭീര പ്ലാനിംഗുള്ള മനുഷ്യൻ ബിസിനസ് മേഖലയിലും കാലുവെച്ചിട്ടുണ്ട്. ചെറിയൊരു സംരംഭകനായ കുഞ്ഞിക്ക ഇലക്ട്രിക് സ്റ്റാർട്ടപ്പ് വാഹന കമ്പനിയായ അൾട്രാവയലിറ്റിന്റെ ഒരു ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. വാഹനങ്ങളോടെ ഇത്രയും കമ്പനമുള്ള വ്യക്തി ഇത്തരമൊരു മേഖലയിൽ എത്തിപ്പെട്ടില്ലെങ്കിലേ അതിശയമുള്ളൂ.

മലയാള സിനിമാതാരങ്ങളില്‍ ആദ്യമായി ഫെരാരിയുടെ കാര്‍ സ്വന്തമാക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യൻ സിനിമയിലെ ഒരു നടനും നടിക്കുമില്ലാത്തത്ര കാറുകളാണ് കുഞ്ഞിക്കയുടെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത്. അടുത്തിടെ സ്വന്തം കമ്പനിയായ അൾട്രാവയലറ്റ് ശ്രദ്ധേയമായൊരു ഇലക്‌ട്രിക് മോട്ടോർസൈക്കിളും ഇന്ത്യൻ വിപണിക്കായി സമ്മാനിച്ചിരുന്നു. F77 മാക്ക് 2 എന്ന പേരിലാണ് പുതിയ മോഡല്‍ എത്തിച്ചിരിക്കുന്നത്.
ബ്രാൻഡിൽ നിന്നും ആദ്യം പുറത്തിറങ്ങിയ F77 പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായാണ് മാക്ക് 2 എത്തിയിരിക്കുന്നത്. വിമാനത്തിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ബൈക്ക്, ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലെ സൂപ്പർബൈക്ക് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് വിധേയമാണ് ദുൽഖറിന്റെ വണ്ടിക്കമ്പനിയുടെ ഈ സ്പെഷ്യൽ മോഡൽ. ഇപ്പോഴിതാ മുതലാളിയായ ഡിക്യുവിന് മാക്ക് 2 ഇവിയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റു് വൈറലായിരിക്കുകയാണ്.

369 ഗരാജിലേക്ക് എത്തുന്ന ഏറ്റവും പുതിയ അതിഥിയായി അൾട്രാവയലറ്റ് F77 മാക്ക് 2 എത്തുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. പഴയ അൾട്രാവയലറ്റ് F77 ലിമിറ്റഡ് എഡിഷൻ ഇലക്ട്രിക് ബൈക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ഡിക്യു പുതിയ വാഹനം കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത് "ഓഹ്! നൗ ഐ വാണ്ട് ദി മാക് 2" എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഇൻസ്റ്റയിൽ ഇട്ടിരിക്കുന്നത്.
ലിമിറ്റഡ് 001 എന്ന നമ്പരിലുള്ള വാഹനമാണ് ആദ്യ ഉടമയായ ദുൽഖർ സൽമാന് അന്ന് നൽകിയത്. ചെന്നൈയിലാണ് F77 ഇവി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. TN 06 AK 0369 എന്ന ഫാൻസി നമ്പരും ദുൽഖറിന്റെഅൾട്രാവയലറ്റ് F77 ലിമിറ്റഡ് എഡിഷൻ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി സ്വന്തമാക്കിയിരുന്നു. കാറുകളോടാണ് കുഞ്ഞിക്കയ്ക്ക് കൂടുതൽ താത്പര്യമുള്ളതെങ്കിലും ഗരാജിൽ ഇത്തരം ചില സ്പെഷ്യൽ ബൈക്കുകളും കൂട്ടിച്ചേർക്കാൻ താരം തയാറായിട്ടുണ്ട്.

വിമാനത്തിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്ന അൾട്രാവയലറ്റ് F77 മാക്ക് 2 പതിപ്പ് പണികഴിപ്പിച്ചിരിക്കുന്നത്. അതിനാൽ ആദ്യ കാഴ്ച്ചയിൽ ആരായാലും നോക്കിപ്പോവും. സ്റ്റാൻഡേർഡ്, റീക്കൺ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ബൈക്ക് ലഭ്യമാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൂടിയാണിത്.
ഫ്യൂച്ചറിസ്റ്റിക്, സ്‌പോർട്ടി ഡിസൈനാണ് ഏറ്റവും വലിയ പ്രത്യേകത. പുറത്ത് ബോൾട്ടുകളും നട്ടുകളുമൊന്നും കാണാത്തവിധമാണ് അൾട്രാവയലറ്റ് F77 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏറ്റവും പുതിയ മാക് 2 മോഡൽ ലൈറ്റിംഗ് ബ്ലൂ, ആസ്റ്ററോയിഡ് ഗ്രേ, ടർബോ റെഡ്, ആഫ്റ്റർബേണർ യെല്ലോ, സ്റ്റെൽത്ത് ഗ്രേ, കോസ്മിക് ബ്ലാക്ക്, പ്ലാസ്മ റെഡ്, സൂപ്പർസോണിക് സിൽവർ, സ്റ്റെല്ലാർ വൈറ്റ് എന്നിങ്ങനെ 9 കളർ ഓപ്ഷനുകളിൽ തെരെഞ്ഞെടുക്കാനാവും.

അൾട്രാവയലറ്റ് F77 മാക് 2 സ്റ്റാൻഡേർഡ് വേരിയന്റിന് 7.1kWh ബാറ്ററി പായ്ക്ക് കിട്ടുമ്പോൾ റീക്കണിന് 10.3kWh ബാറ്ററിയും ലഭിക്കും. 27kW പെർമെനന്റ് മാഗ്നറ്റ് എസി മോട്ടോറാണ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. റീക്കൺ വേരിയന്റിന് 30kW മോട്ടോറും ലഭിക്കും. 40 bhp കരുത്തിൽ പരമാവധി 100 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് ഇവി ട്യൂൺ ചെയ്‌തിരിക്കുന്നതും.
0-100 കിലോമീറ്റർ വേഗത വെറും 7.7 സെക്കൻഡിൽ കൈവരിക്കുന്ന ഇലക്ട്രിക് സൂപ്പർബൈക്കിന് മണിക്കൂറിൽ 155 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. സിംഗിൾ ചാർജിൽ 323 കിലോമീറ്റർ വരെ റേഞ്ചാണ് അൾട്രാവയലറ്റ് F77 മാക് 2 അവകാശപ്പെടുന്നത്. ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിന് 2.99 ലക്ഷം രൂപയും റീക്കണിന് 3.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാർ, TFT സ്‌ക്രീൻ, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകൾ, റൈഡ് മോഡുകൾ എന്നീ ഫീച്ചറുകളും ബൈക്കിലുണ്ട്.


Click it and Unblock the Notifications








