ആഡംബര കാറുകൾ വേണ്ടെന്നു വെച്ചു; ബോളിവുഡിലേക്ക് ആദ്യ ജിംനി എത്തി, വാങ്ങിയ സെലിബ്രിറ്റി ആരാണെന്ന് മനസിലായോ
ഇന്ത്യൻ വിപണിയിൽ വൻ ഓളമുണ്ടാക്കിയ അവതരണമായിരുന്നു മാരുതി ജിംനിയുടേത്. കഴിഞ്ഞ വർഷം ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ജിപ്‌സിയുടെ പിൻഗാമി തുടക്ക കാലത്ത് ഉണ്ടാക്കിയെടുത്തത് ഒരു കൊടുങ്കാറ്റ് തന്നൊയായിരുന്നുവെന്ന് പറയാം. നമ്മുടെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ഗരാജിലേക്ക് ഈ ലൈഫ് സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയെ എത്തിച്ചുവെന്ന് വേണം പറയാൻ.
പിന്നീട് മഹീന്ദ്ര ഥാറിന്റെ വിൽപ്പനയെ വരെ മറികടന്ന് ഓടാനും ജിംനിക്കായി. എന്നാൽ ഇപ്പോൾ കാര്യമായ വിൽപ്പനയില്ലാതെ മോഡൽ ഇഴയുകയാണ്. എന്നാൽ മാരുതി സുസുക്കിക്ക് മൈലേജായി ബോളിവുഡിലേക്കും ജിംനിയുടെ സാന്നിധ്യം എത്തിയിരിക്കുകയാണ്. ആഡംബര കാറുകൾ ഏറെ ഇഷ്‌ടപ്പെടുന്ന ഹിന്ദി സിനിമാ താരങ്ങൾക്കിടയിൽ ജിപ്‌സിയുടെ പിൻമുറക്കാരൻ ഇനി വലിയ ഓളം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ബോളിവുഡ് നടന്മാരും നടിമാരും അവരുടെ ആഡംബര ജീവിതത്തിന് പേരുകേട്ടവരാണ്. മിക്ക സമയങ്ങളിലും വിലകൂടിയ കാറുകളിലും എസ്‌യുവികളിലും യാത്ര ചെയ്യുന്നതാണ് അവർക്കിഷ്‌ടം. എന്നാൽ ചിലർ ഇത്തരം സാധാരണ വാഹനങ്ങളിലും യാത്രകൾ ചെയ്യുന്നത് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്തായാലും ഇപ്പോൾ ജിംനിയാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. ബോളിവുഡ് നടനായിരുന്ന ഫർദീൻ ഖാനാണ് ഇപ്പോൾ മാരുതിയുടെ വണ്ടി സ്വന്തമാക്കിയിരിക്കുന്നത്.
പെട്ടന്ന് ആളെ നമ്മൾ മലയാളികൾക്ക് മനസിലാവില്ലെങ്കിലും 90 കിഡ്‌സിന് ആളെ സുപരിചിതമായിരിക്കും. ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ആള് പണ്ട് ബോളിവുഡിൽ നിന്നും ഒഴിവാക്കാനാവാത്ത മുഖങ്ങളിൽ ഒന്നായിരുന്നു. നോ എൻട്രി, ഓൾ ദി ബെസ്റ്റ്, ഫിദ പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ഇദ്ദേഹത്തെ 2010ൽ പുറത്തിറങ്ങിയ 'ദുൽഹ മിൽ ഗയ' എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രേക്ഷകർ കണ്ടത്.

എന്തായാലും ബോളിവുഡിലേക്ക് റീ എൻട്രി നടത്താൻ ഒരുങ്ങുന്ന താരത്തിന് കൂട്ടായി എത്തിയിരിക്കുന്ന ജിംനിയും ആള് പുലിയാണ്. ആഡംബര കാർ വേണ്ടെന്ന് വെച്ച് തെരഞ്ഞെടുത്ത 4X4 എസ്‌യുവി തിരക്കേറിയ മുംബൈ നിരത്തുകൾക്കും മറ്റും അനുയോജ്യമായ വാഹനമാണ്. വൂംപ്ല എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫർദീൻ ഖാന്റെ പുത്തൻ വണ്ടിയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. ഈ വീഡിയോയിൽ താരം എസ്‌യുവിയുടെ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വിമാനത്താവളത്തിൻ്റെ പ്രവേശന കവാടത്തിലേക്ക് നടക്കുന്നത് കാണാം.
ഇനി താരത്തിന്റെ പുത്തൻ എസ്‌യുവിയുടെ വിശേഷങ്ങളിലേക്ക് വന്നാൽ വിദേശ വിപണികളിൽ പണ്ടുമുതലേയുണ്ടായിരുന്ന 3-ഡോർ പതിപ്പ് ഇന്ത്യക്കാർക്ക് പ്രായോഗികമല്ലെന്ന് കരുതിയാണ് മാരുതി ജിംനിയുടെ 5-ഡോർ പതിപ്പ് പ്രത്യേകമായി പണികഴിപ്പച്ചത്. തുടക്കത്തിൽ ഗംഭീര പ്രതികരണം ലഭിച്ചെങ്കിലും ഇപ്പോൾ വിൽപ്പന പതിയെ താഴ്ന്നുവരുന്നതായി കാണാം. ഇതിന് പിന്നിൽ പ്രവർത്തിച്ച കാര്യം വണ്ടിയുടെ ഉയർന്ന വിലയാണെന്നാണ് വിലയിരുത്തൽ.
പുതിയ മാരുതി ജിംനിയുടെ എക്സ്ഷോറൂം വില 12.74 ലക്ഷം രൂപയിൽ തുടങ്ങി 14.95 ലക്ഷം രൂപ വരെയാണ് വരുന്നത്. എന്തായാലും ഇത് ശരിക്കും പ്രായോഗികമായ വാഹനമാണെന്ന് തന്നെ പറയേണം. ഏതു തരം റോഡിലും ആവശ്യങ്ങൾക്കും ഉതകുന്ന വിധത്തിലാണ് എസ്‌യുവി ഡിസൈൻ ചെയ്തിരിക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് K15B സീരീസ് എഞ്ചിനാണ് മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്.
എർട്ടിഗ, ബ്രെസ എന്നിവയിലൂടെ പരിചിതമായ അതേ എഞ്ചിന് 103 bhp പവറിൽ പരമാവധി 136 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. മാനുവൽ ട്രാൻസ്ഫർ കെയ്സുള്ള സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്സും ജിംനി 5-ഡോറിന് ലഭിക്കുന്നു.

ഇതുകൂടാതെ ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിക്ക് 3-ലിങ്ക് റിജിഡ് ആക്‌സിൽ സസ്പെൻഷനും ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ലഭ്യമാവും. വില കൂടുതലാണെന്ന പരാതിയുള്ളവർക്കായി തുടക്കം മുതലേ മാരുതി സുസുക്കി കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യാറുണ്ട്. 2024 മാർച്ച് മാസത്തിലും ഗംഭീര ഓഫറുകൾ കമ്പനി അണിനിരത്തിയിട്ടുണ്ട്.
1.50 ലക്ഷം രൂപ ഡിസ്കൗണ്ടോടെ ജിംനി വീട്ടുമുറ്റത്ത് എത്തിക്കാനുള്ള അവസരമാണ് മാരുതി ഒരുക്കിയിരിക്കുന്നത്. പക്ഷേ ഇതിൽ ഒരു ട്വിസ്റ്റുണ്ട് കേട്ടോ. 2023 മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കാണ് പരമാവധി 1.50 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുക. 2024 മോഡലാണ് നോക്കുന്നതെങ്കിൽ 50,000 രൂപ വരെ ഓഫർ പ്രയോജനപ്പെടുത്താം. ഇതിൽ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.


Click it and Unblock the Notifications








