അച്ഛന്റെ പിറന്നാളിന് 27 ലക്ഷത്തിന്റെ എസ്‌യുവി സമ്മാനം, XUV700 ഗിഫ്റ്റ് കൊടുത്ത നടന് കൈയടിച്ച് സോഷ്യൽ മീഡിയ
കാർ എന്ന കാര്യം ഇപ്പോൾ അവശ്യവസ്‌തുവായി മാറിയിരിക്കുകയാണ്. പണ്ടൊക്കെ ആഡംബരമായാണ് കൊണ്ടുനടന്നതെങ്കിൽ ഇപ്പോൾ ഇതെല്ലാം സാധാരണ സംഭവം മാത്രമാണ്. എങ്കിലും വീട്, കാറ് പോലുള്ളവ സ്വന്തമാക്കുമ്പോൾ കിട്ടുന്ന ഫീൽ അതൊന്ന് വേറെ തന്നെയാണെന്ന് വേണം പറയാൻ. സ്വന്തമായി അധ്വാനിച്ച പണം കൊണ്ടൊരു വാഹനം വാങ്ങുക എന്നത് അതിശയിപ്പിക്കുന്ന വികാരമാണ്.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഇതിലും വലിയൊരു വികാരമുണ്ട്. മാതാപിതാക്കൾക്ക് പുതിയ കാർ സമ്മാനിക്കാൻ കഴിയുന്നതാണ് ആ ഫീൽ. അതും സർപ്രൈസായി കൊടുത്താൽ കിട്ടുന്ന സന്തോഷമുണ്ടല്ലോ അത് വെറെ ലെവലാണെന്ന് തന്നെ പറയാം. ഇക്കഴിഞ്ഞ ദിവസം ഒരു സിനിമാ താരം ഇത്തരത്തിൽ മാതാപിതാക്കൾക്കായി കിടിലനൊരു എസ്‌യുവി സമ്മാനിച്ചിരുന്നു. പ്രശസ്ത മറാത്തി ടെലിവിഷൻ താരം ഹർദീക് ജോഷിയാണ് തന്റെ പിതാവിന് മഹീന്ദ്ര XUV700 ഗിഫ്റ്റ് കൊടുക്കുന്നത്.

കേരളത്തിലുള്ളവർക്ക് അത്ര പിടിയില്ലാത്ത ഭാഷയാണെങ്കിലും മുംബൈയിലും മറ്റും സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഹർദീക് ജോഷിയുടെ മുഖം പെട്ടന്ന് തിരിച്ചറിയാൻ കഴിയും. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. സ്പെഷ്യൽ ബർത്ത്ഡേ സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് ഹർദീഖ് ചിത്രങ്ങൾ പങ്കുവെച്ചത്. ജന്മദിനാശംസകൾ പപ്പാ... എൻ്റെ XUV700 എന്നും കുറിപ്പിലുണ്ട്.
തന്റെ പിതാവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പുതിയ XUV700 ഡെലിവറി ഏറ്റെടുക്കുന്നത്. ഇവരെയും ചിത്രങ്ങളിൽ കാണാം. പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്ന എസ്‌യുവിയുടെ ഏത് വേരിയന്റാണ് ഹർദീക് ജോഷി സമ്മാനം നൽകിയിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും മഹീന്ദ്ര പുതുതായി പുറത്തിറക്കിയ നാപ്പോളി ബ്ലാക്ക് കളർ ഓപ്ഷനാണ് താരം വീട്ടിലെത്തിച്ചിരിക്കുന്നത്.
XUV700 മോഡലിലേക്ക് ഈ നിറം 2024 ജനുവരിയിലാണ് കമ്പനി അവതരിപ്പിക്കുന്നത്. പുതുവർഷത്തിലേക്ക് വാഹനത്തിനെ പുതുക്കുന്നതിനായി കണ്ടുവന്ന നാപ്പോളി ബ്ലാക്ക് നിറത്തിനൊപ്പം എസ്‌യുവിക്ക് ബ്ലാക്ക് റൂഫ് റെയിലുകളും മഹീന്ദ്ര സമ്മാനിക്കുകയുണ്ടായി. അതോടൊപ്പം ക്രോം ആക്‌സൻ്റുകളുള്ള കറുത്ത ഗ്രില്ലും പുതിയ ഹൈ-ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും ജനപ്രിയ വാഹനത്തിലേക്ക് എത്തിയത് സ്വാഗതാർഹമായ കാര്യമാണ്.
ഇന്റീരിയറിലേക്ക് നോക്കിയാൽ XUV700 എസ്‌യുവിയുടെ AX7, AX7L വേരിയന്റുകളിൽ ഡാർക്ക് ക്രോം എയർ വെൻ്റുകളും കൺസോൾ ബെസെലും പോലുള്ള മാറ്റങ്ങളും മഹീന്ദ്ര അവതിരപ്പിക്കുന്നുണ്ട്. 2024 മോഡൽ XUV700 AX7, AX7L വേരിയന്റുകളിൽ ക്യാപ്റ്റൻ സീറ്റുകളും AX7L പതിപ്പിൽ ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റ് ഫീച്ചറും ഒരുക്കിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ സൗകര്യത്തിനായി മെമ്മറി ഫംഗ്‌ഷൻ ഫീച്ചർ ചെയ്യുന്ന ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകൾ (ORVMs) കൊണ്ട് AX7L സജ്ജീകരിച്ചിരിക്കുന്നു.

ഫേംവെയർ ഓവർ-ദി-എയർ (FOTA) കഴിവുകൾ ഉൾപ്പെടെ 83 കണക്റ്റഡ് കാർ ഫംഗ്ഷനുകളും 2024 മോഡൽ ഇയർ അപ്ഡേറ്റിന്റെ ഭാഗമായി മഹീന്ദ്ര ചേർത്തിട്ടുണ്ട്. ഇക്കോസെന്‍സ് ലീഡര്‍ബോര്‍ഡ്, എം ലെന്‍സ്, ടോള്‍ ഡയറി തുടങ്ങിയ 13 കണക്റ്റിവിറ്റി ഫീച്ചറുകളാണ് കാറില്‍ അധികമാി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. XUV700 ഇപ്പോൾ മൊത്തത്തിൽ MX, AX3, AX5, AX7, AX7L എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേരിയന്റുകളിലും 5, 6, 7 സീറ്റര്‍ ഓപ്ഷനുകളിലും വാങ്ങാനാവും.
ആധുനിക സാങ്കേതികവിദ്യകൾ കോർത്തിണക്കിയിരിക്കുന്നതിന് പുറമെ ലോകോത്തര സേഫ്റ്റി നിലവാരവും മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ ഹൈലൈറ്റാണ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്‌സ്റ്റന്‍സ് സിസ്റ്റം (ADAS) ഇന്ത്യയില്‍ ജനപ്രിയമാകാന്‍ കാരണക്കാരനായ മോഡലാണ് XUV700. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഡ്രൈവർ ഡ്രോസൈനസ് സിസ്റ്റം പോലുള്ള നൂതന സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിവയാണ് മഹീന്ദ്ര XUV700 എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഡീസൽ എഞ്ചിൻ രണ്ട് ട്യൂണിംഗിലാണ് വാഗ്‌ദാനം ചെയ്യുന്നത് എന്നതും രസകരമായ കാര്യമാണ്. പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം ഡീസൽ എഞ്ചിൻ വേരിയന്റിനെ ആശ്രയിച്ച് 155 bhp അല്ലെങ്കിൽ 185 bhp പവറിൽ ലഭിക്കും. അതേസമയം ടോർക്ക് കണക്ക് 420 Nm ആണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കും പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം തെരഞ്ഞെടുക്കാം, മെച്ചപ്പെടുത്തിയ ട്രാക്ഷൻ ആഗ്രഹിക്കുന്നവർക്ക് ഓപ്ഷണൽ AWD സിസ്റ്റവും മഹീന്ദ്ര XUV700 വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








