വലിയ കാറുകളുള്ള വീട്ടിലേക്ക് 1.19 ലക്ഷത്തിന്റെ സ്‌കൂട്ടറുമായി മലയാള നടൻ, ഇത് ഭാര്യക്കുള്ള സ്നേഹ സമ്മാനം
ഹാസ്യവേഷങ്ങളിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് ഹരീഷ് കണാരൻ (Hareesh Kanaran). മിമിക്രി വേദിയില്‍ നിന്നും സിനിമയില്‍ തുടക്കമിട്ട് താരമായി മാറിയ ഹരീഷ് ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഇതിനോടകം ചെയ്‌തു കഴിഞ്ഞു. ഒരിടയ്ക്ക് റിലീസാവുന്ന എല്ലാ ചിത്രങ്ങളിലും കണാരേട്ടൻ നിറസാന്നിധ്യമായിരുന്നു. മഴവിൽ മനോരമയിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ജാലിയൻ കണാരൻ എന്ന കഥാപാത്രമാണ് ഹരീഷിന്റെ തലവര മാറ്റിയത്. 75 വയസുള്ള ജാലിയന്‍ കണാരനായി വേദിയിലെത്തിയ ഹരീഷിന്റെ പ്രകടനം മലയാളികൾ അത്രവേഗമൊന്നും മറക്കാനിടയില്ല.
സിനിമ കഴിഞ്ഞാൽ വാഹനങ്ങളോടും പ്രത്യേക താത്പര്യമുള്ളയാളാണ് ഹരീഷ് കണാരൻ. സിനിമയിൽ എത്തിയതിന് ശേഷം രണ്ട് ജീപ്പ് കോമ്പസ് എസ്‌യുവിയും ഒരു സ്കോഡ സ്ലാവിയയും സ്വന്തമാക്കിയ താരം ഇപ്പോഴിതാ വീട്ടിലേക്ക് മറ്റൊരു വണ്ടി കൂടിയെത്തിച്ചിരിക്കുകയാണ്. പക്ഷേ ഇത്തവണ ലക്ഷങ്ങൾ വില വരുന്ന കാർ ഒന്നുമല്ല ജാലിയൻ കണാരൻ പോർച്ചിലെത്തിച്ചിരിക്കുന്നത്.

പകരം ഒരു പെട്രോൾ സ്‌കൂട്ടറാണ് നടൻ വീട്ടിലേക്കായി വാങ്ങിയിരിക്കുന്നത്. ടിവിഎസിന്റെ സ്പോർട്ടി സ്‌കൂട്ടറായ എൻടോർഖാണ് ഹരീഷ് കണാരൻ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ സ്കൂട്ടർ കാര്യം ഹരീഷ് തന്നെയാണ് ഫെയ്‌സ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പുതിയ വണ്ടിവാങ്ങിയെന്ന അടിക്കുറിപ്പോടെ വാഹനത്തിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ ഹരീഷ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ കമന്റ് ബോക്സിലെത്തി നടന് അഭിനന്ദനങ്ങളും നേരുന്നുണ്ട്.
ഭാര്യ സന്ധ്യയുടെ പേരിലാണ് താരം സ്കൂട്ടർ വാങ്ങിയിരിക്കുന്നത്. നിരവധി വേരിയന്റുകളിൽ എത്തുന്ന ടിവിഎസ് എൻടോർഖിന്റെ റേസ് XP മോഡലാണ് ഹരീഷ് കണാരൻ തെരഞ്ഞെടുത്തിരിക്കുന്നത്. 96,541 രൂപ എക്സ്ഷോറൂം വില വരുന്ന സ്കൂട്ടറിന് 1.19 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുന്നത്. ഇന്ത്യയിലെ 125 സിസി സെഗ്മെന്റിലെ ഏറ്റവും പവർഫുൾ സ്‌കൂട്ടറുകളിൽ ഒന്നാണ് എൻടോർഖ് റേസ് XP. ഒപ്പം സ്റ്റൈലിഷുമാണ് കക്ഷിയെന്ന് വേണം പറയാൻ.

സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ബ്ലാക്ക് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് ടിവിഎസ് സ്പോർട്ടി സ്കൂട്ടറിന്റെ ഡിസൈനിലെ പ്രധാന ഹൈലൈറ്റുകൾ. കൂടുതൽ അഗ്രസീവ് സ്റ്റൈലിംഗും ഷാർപ്പ് ബോഡി ഗ്രാഫിക്സും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യും. മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് തുടങ്ങി ബ്ലാക്കിന്റെ വ്യത്യസ്ത ടെക്‌സ്‌ചറുകൾ സമന്വയിപ്പിക്കുന്ന ടിവിഎസ് എൻടോർഖ് റേസ് XP സ്‌കൂട്ടറിന്റെ മാറ്റ് ബ്ലാക്ക് സ്‌പെഷ്യൽ എഡിഷനാണ് താരത്തിന്റെ യാത്രകൾക്കായി എത്തിയിരിക്കുന്നത്.
ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് ആപ്ലിക്കേഷൻ കണക്റ്റിവിറ്റി, അലേർട്ടുകൾ, നാവിഗേഷൻ അസിസ്റ്റ്, ട്രിപ്പ് റിപ്പോർട്ടുകൾ, ഓട്ടോ എസ്എംഎസ് റിപ്ലേ, പാർക്കിംഗ് ബ്രേക്ക് പോലുള്ള ഫീച്ചറുകളാലും സ്കൂട്ടർ സമ്പന്നമാണ്. നാവിഗേഷൻ അസിസ്റ്റ്, കോളർ ഐഡി അലേർട്ടുകൾ, അവസാനം പാർക്ക് ചെയ്‌ത ലൊക്കേഷൻ അസിസ്റ്റ്, വോയ്‌സ് സഹായത്തിനായുള്ള 20-ലധികം കമാൻഡുകൾ, എസ്എംഎസ് അലേർട്ടുകൾ, ലാപ് ടൈമർ, ആക്‌സിലറേഷൻ ടൈമർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ പോലുള്ള സവിശേഷതകളും ആക്‌സസ് ചെയ്യാനാവും.

പരിചിതമായ 124.8 സിസി, ത്രീ-വാൽവ് എഞ്ചിനാണ് ടിവിഎസ് എൻടോർഖ് 125-ന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,000 ആർപിഎമ്മിൽ 10.2 bhp കരുത്തും 5,500 ആർപിഎമ്മിൽ 10.9 Nm ടോർക്കും വരെ വികസിപ്പിക്കാനാവും. വെറും 8.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ റേസ് XP ട്രിമ്മിന് കഴിയും. അതേസമയം കമ്പനി പറയുന്ന പരമാവധി വേഗം 98 കിലോമീറ്ററാണ്.
2018 ഫെബ്രുവരിയിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ പരിചയപ്പെടുത്തുന്നത്. യൂത്തൻമാരുടെ പ്രിയപ്പെട്ട മോഡലിന് മൈലേജില്ലെന്ന പരാതി അടിക്കടി കേൾക്കാറുണ്ടെങ്കിലും സ്റ്റൈലിലും പവറിലും പകരക്കാരനില്ലാത്ത വണ്ടിയാണിത്. ചൂടപ്പം പോലെ വിറ്റഴിയുന്ന എൻടോർഖ് ഹോണ്ട ആക്ടിവ, അപ്രിലിയ SR, സുസുക്കി അവെനിസ്, ഹീറോ സൂം തുടങ്ങിയ 125 സിസി മോഡലുകളുമായാണ് മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








