സിനിമ കഴിഞ്ഞാൽ ജയസൂര്യയ്ക്ക് ഭ്രാന്ത് കാറുകളോട്; സ്വന്തമാക്കിയത് മിനി മുതൽ റേഞ്ച് റോവർ വരെ
വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് നമ്മുടെ മലയാള സിനിമയിപ്പോൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലൈംഗിക അതിക്രമങ്ങളെല്ലാം ഓരോന്നായി പുറത്തുവരികയാണ്. തനിക്ക് സിനിമ രംഗത്ത് നിന്നും നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞ് ഒരോരുത്തർ മുന്നോട്ട് വരുമ്പോൾ വീണുടയുന്നത് മലയാളികൾക്കിടയിൽ വലിയ ഫാൻബേസുള്ള താരങ്ങളാണ്. വിഗ്രഹങ്ങളെല്ലാം വീണുടഞ്ഞ് പോവുമ്പോൾ ഏറ്റവും കൂടുതൽ കുരുക്കു വീഴുന്നത് സംവിധായകൻ രഞ്ജിത്, നടൻമാരായ സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു എന്നിവരുടെ മുഖങ്ങളാണ്. ഇക്കൂട്ടത്തിൽ ഉയർന്നുകേട്ട പേരാണ് നായകൻ ജയസൂര്യയുടേതും (Jayasurya).
ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു കഴിഞ്ഞു. ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വെച്ച് നടിയെ ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ. വിവാദങ്ങളെല്ലാം നിറഞ്ഞുനിൽക്കുമ്പോൾ തത്ക്കാലം അവിടെ നിർത്തി താരങ്ങളുടെ വണ്ടിഭ്രാന്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാലോ?

മേരിക്കുട്ടിയും ഷാജി പാപ്പനുമൊക്കെയായി വന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടന്‍ ജയസൂര്യ സിനിമാ ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിൽ ഏറ്റവും അധികം പരീക്ഷണങ്ങൾക്ക് തയാറാകുന്ന നടൻ കൂടിയാണ് ഇദ്ദേഹം. കഥാപാത്രമായി മാറാൻ എന്ത് ത്യാഗവും സഹിക്കുന്ന ജയന് സിനിമ കഴിഞ്ഞാൽ കൂടുതൽ കമ്പം കാറുകളോടാണ്. എണ്ണിയാൽ ഒടുങ്ങാത്ത ആഡംബര വാഹനങ്ങളാണ് ജനപ്രിയ നായകന്റെ ഗരാജിലുള്ളത്.
ഒപ്പം തന്റെ വണ്ടികൾക്കെല്ലാം 1122 എന്ന നമ്പരും സ്വന്തമാക്കാൻ താരം ശ്രമിക്കാറുണ്ട്. പണ്ട് കോട്ടയം നസീറിന്റെ ട്രൂപ്പിൽ ജയസൂര്യ മിമിക്രി അവതരിപ്പിച്ച് തിരിച്ച് വീട്ടിലേക്കുള്ള മടക്ക യാത്രയിൽ സഞ്ചരിച്ചിരുന്ന ട്രാൻസ്‌പോർട്ട് ബസിന്റെ നമ്പർ ആണ് 1122. അങ്ങനെയാണ് ഈ അക്കത്തിനോട് പ്രത്യേക അടുപ്പം ജയസൂര്യക്കുണ്ടാവുന്നത്. ഇനി താരത്തിന് സ്വന്തമായുള്ള കാറുകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം.

മെർസിഡീസ് ബെൻസ് B-ക്ലാസ്, ജാഗ്വർ FX തുടങ്ങിയ വാഹനങ്ങളാണ് തുടക്കകാലത്ത് ജയേട്ടൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ ഇതിലും പൊക്കത്തിലുള്ള ആഡംബര കാറുകളിലാണ് താരത്തിന്റെ ലൊക്കേഷൻ യാത്രകൾ. ലെക്‌സസും ലാൻഡ് റോവറും മിനി കൂപ്പറും അങ്ങനെ ലിസ്റ്റ് നീളും. അവയുടെ വിശദാംശങ്ങൾ ഇനി പറയാം. മുകളിൽ പറഞ്ഞ മോഡലുകൾ കൂടാതെ , ബിഎംഡബ്ല്യു 5 സീരീസ്, ഫോക്‌സ്‌വാഗൺ ജെറ്റ തുടങ്ങിയ മോഡുകളും താരം ആദ്യം ഉപയോഗിച്ചിട്ടുണ്ട്.
മെർസിഡീസ് ബെൻസ് GLC: ആടിന്റെ രണ്ടാം ഭാഗം വലിയ വിജയം നേടിയതിന് പിന്നാലെ 2018-ലാണ് താരം ഈ ജർമൻ എസ്‌യുവി സ്വന്തമാക്കുന്നത്. റോഡ് പ്രസൻസിന് അന്യായമായ ചുവപ്പ് നിറത്തിലുള്ള മോഡലായിരുന്നു അന്ന് ജയസൂര്യ ഗരാജിലെത്തിച്ചത്. ഏകദേശം 50.86 ലക്ഷം രൂപയോളമായിരുന്നു ഇതിന് ഇന്ത്യയിൽ വന്നിരുന്ന എക്സ്ഷോറൂം വില. കാലത്തിനൊത്തും ട്രെൻഡിനൊത്തും കാർ മാറാൻ ജയസൂര്യ ശ്രമിക്കാറുള്ളതിന്റെ ഉദാഹരണമാണിത്.

ലെക്‌സസ് ES 300h: മെർസിഡീസ് ബെൻസ് GLC എസ്‌യുവി വാങ്ങി അധിക കാലം കഴിയുന്നതിന് മുമ്പ് 2019-ൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി കാർ ബ്രാൻഡായ ലെക്‌സസിന്റെ ഹൈബ്രിഡ് സെഡാനും ജയസൂര്യ സ്വന്തമാക്കിയിരുന്നു. ആ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് താരത്തിന്റെ ഗരാജിലേക്ക് ഈ മോഡൽ എത്തിയത്. 59.95 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ ആഡംബര സെഡാന്റെ എഖ്സ്ഷോറൂം വില വന്നിരുന്നത്.
മിനി കൂപ്പർ ക്ലബ്‌മാൻ: പിന്നീട് ഒരു വർഷങ്ങൾക്ക് ശേഷം 2020-ൽ മിനി കൂപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായ മിനി ക്ലബ്‌മാന്റെ ഇന്ത്യൻ സമ്മർ എഡിഷനും ജയസൂര്യ കൂടെക്കൂട്ടി. മമ്മൂട്ടിയ്ക്കും കുഞ്ചാക്കോ ബോബനും പിന്നാലെ മോളിവുഡിലേക്ക് എത്തിയ മിനി ഓണറായിരുന്നു താരം. ഏകദേശം 54 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്‌ഷോറൂം വിലയായി അന്ന് നടൻ മുടക്കിയത്. ഈ സ്പെഷ്യൽ എഡിഷനിൽ വരുന്ന കാറുകൾ ആകെ 20 എണ്ണമായിരുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

മഹീന്ദ്ര ഥാർ: വിപണിയിൽ എത്തിയത് മുതല്‍ എസ്‌യുവി പ്രേമികള്‍ക്കിടയിലെ ഇഷ്ടവാഹനങ്ങളിലൊന്നായി മാറിയ മാഹീന്ദ്ര ഥാറും നായകന്റെ ഗരാജിലേക്ക് 2022-ൽ എത്തി. സെലിബ്രിറ്റികൾക്കിടയിൽ പോലും വാഴ്ത്തപ്പെട്ട എസ്‌യുവി വണ്ടിഭ്രാന്തനായ ജയസൂര്യയയുടേയും കൂടെക്കൂടി. താരം വാങ്ങിയത് പെട്രോളാണോ ഡീസല്‍ എസ്‌യുവിയാണോ എന്ന് വ്യക്തമല്ലാത്തതിനാൽ വില കൃത്യമായി അറിയാൻ സാധിക്കില്ല.
റേഞ്ച് റോവർ: ജയസൂര്യയുടെ ഗരാജിലേക്ക് ഏറ്റവും പുതുതായി എത്തിയ വാഹനമാണ് ലാൻഡ് റോവർ റേഞ്ച് റോവർ. 2.38 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ആഡംബര എസ്‌യുവി ഈ വർഷം ഫെബ്രുവരി മാസമാണ് താരം സ്വന്തമാക്കുന്നത്. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ ഓട്ടോബയോഗ്രഫി മോഡലാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതും. മോളിവുഡിൽ മോഹൻലാൽ, പൃഥ്വിരാജ്, ആസിഫ് അലി, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് എന്നിവർക്ക് ശേഷം ഈ ലക്ഷ്വറി മോഡൽ വാങ്ങുന്നയാളാണ് ജയസൂര്യ.


Click it and Unblock the Notifications








