ആഡംബര കാറുകളൊന്നുമില്ലാത്ത സൂപ്പർസ്റ്റാറിന്റെ അളിയൻ, നഗരം ചുറ്റിക്കറങ്ങുന്നത് ഈ ഇലക്‌ട്രിക് സ്‌കൂട്ടറിൽ
ബോളിവുഡ് താരങ്ങളെയെല്ലാം മലയാളികൾക്ക് സുപരിചിതമായിരിക്കും. അതിപ്പോൾ ചെറിയ റോളുകളിൽ അഭിനയിച്ച് കൈയടി നേടുന്നവരെ പോലും പ്രത്യേകം ശ്രദ്ധിക്കാറുള്ളവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ പലർക്കും ഏറെ മുഖപരിചയമുള്ളയാളാരിക്കും കുനാൽ ഖേമു. നമ്മുടെ സ്വന്തം സെയ്‌ഫ് അലി ഖാന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാന്റെ ഭർത്താവാണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ തന്റേതായ അഡ്രസുണ്ടാക്കിയെടുത്തയാളാണ് കുനാൽ. ബ്ലഡ് മണി, ഗോ ഗോവ ഹോൺ, ഗോൽമാൽ സീരീസ്, രാജ ഹിന്ദുസ്ഥാനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം മോഡലിംഗിലും ഫിറ്റ്നെസിലും വരെ സൂപ്പർസ്റ്റാറാണ്.
അളിയൻ ബോളിവുഡിലെ വലിയ സൂപ്പർസ്റ്റാറാണെങ്കിലും അതിന്റെ അഹങ്കാരമോ ബലമോ ഒന്നുംകാണിക്കാതെ വളരെ സിമ്പിളായി ജീവിക്കുന്ന കുനാൽ അടിക്കടി വാർത്തകളിൽ നിറയാറുമുണ്ട് കേട്ടോ. ആഡംബര കാറുകളേക്കാൾ യാത്ര ചെയ്യാൻ താരത്തിന് ബൈക്കുകളാണ് ഇഷ്‌ടവും. വിലകൂടിയ ബൈക്കുകൾ സ്വന്തമായുള്ള കക്ഷി അടുത്തിടെ വ്യത്യസ്‌തമാർന്നൊരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയിരുന്നു.

തിരക്കേറിയ മുംബൈ വീഥികളിൽ കുനാൽ ഇവിയുമായി സഞ്ചരിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തും കഴിഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടർ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ചിത്രം കണ്ടാൽ ഇതാണോ സ്‌കൂട്ടർ പലരും ചോദിച്ചുപോവുന്ന സ്റ്റൈലാണ് ഇതിനുള്ളത്. ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ CE 02 ഇലക്ട്രിക് സ്കൂട്ടറാണ് കുനാൽ ഖേമു തന്റെ യാത്രകൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്‌ത വാഹനം കണ്ടാൽ വലിയ മെച്ചമൊന്നും തോന്നിയേക്കില്ലെങ്കിലും അങ്ങേയറ്റം പ്രായോഗികത നിറഞ്ഞൊരു ഇലക്ട്രിക് ടൂവീലറാണ് കേട്ടോയിത്. ഏകദേശം 4.50 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വിലയെന്ന് കേട്ടാൽ പലരും ഞെട്ടിപ്പോവും. ഒരു സ്‌കൂട്ടറിന്റേയും മോട്ടോർസൈക്കിളിന്റേയും സംയോജനമായിട്ടുള്ള ഇതിനെ വേണമെങ്കിൽ മങ്കിബൈക്ക് എന്നും വിശേഷിപ്പിക്കാമേ.

വളരെ കുറച്ച് ബോഡി പാനലുകൾ, ഫ്ലാറ്റ് സീറ്റ്, ചങ്കി എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയാൽ തികച്ചും ഫ്യൂച്ചറിസ്റ്റിക്കും മിനിമലിസ്റ്റിക്കുമായ ഡിസൈൻ ഭാഷ്യമാണ് ബിഎംഡബ്ല്യു CE 02 പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ സ്വീകരിച്ചിരിക്കുന്നത്. നിരത്തുകളിലൂടെ പായുമ്പോൾ ഇതുവരെ നാം കണ്ടുപരിചയിച്ചിട്ടില്ലാത്ത തരത്തിലുള്ള സ്റ്റൈലിംഗ് വളരെ കൌതുകമുണർത്തുന്ന ഒന്നാണ്. 3.92 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്.
15 bhp കരുത്തിൽ 55 Nm torque വരെ ഉത്പാദിപ്പിക്കാനും ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് മങ്കിബൈക്കിനാവും. സിംഗിൾ ചാർജിൽ 108 കിലോമീറ്റർ റേഞ്ചാണ് ബിഎംഡബ്ല്യു CE 02 ഇവിയിൽ അവകാശപ്പെടുന്നത്. അതേസമയം ടോപ്പ് സ്പീഡ് മണിക്കൂറിൽ 95 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 142 കിലോഗ്രാം ഭാരമുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് 745 mm സീറ്റ് ഹൈറ്റാണ് ഒരുക്കിയിരിക്കുന്നത്.

മുൻവശത്ത് ഗോൾഡൻ അനോഡൈസ്ഡ് അപ്സൈഡ് ഡൌൺ ഫോർക്കുകൾ (USD), പിന്നിൽ മോണോഷോക്ക്, വൈഡ് ആസ്പെക്റ്റ് 14 ഇഞ്ച് വീലുകൾ, 239 മില്ലീമീറ്റർ ഫ്രണ്ട്, 220 മില്ലീമീറ്റർ റിയർ ഡിസ്ക് ബ്രേക്ക് സെറ്റപ്പ് എന്നിവയും മുടക്കുന്ന കാശിന് ലഭിക്കും. ടീൽ സ്റ്റിക്കറിംഗ്, ട്രൈ കളർഡ് സീറ്റ്, ഹീറ്റഡ് ഗ്രിപ്പുകൾ, ഒരു സ്മാർട്ട്ഫോൺ ഹോൾഡർ എന്നിവയും കുനാൽ ഖേമുവിന്റെ ഇലക്ട്രിക് വാഹനത്തിലെ സവിശേഷതകളാണ്.
കഴിഞ്ഞില്ല, എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ്, റിവേഴ്സ് ഗിയർ, കീലെസ് ഓപ്പറേഷൻ എന്നിവ പോലുള്ള ചില മോഡേൺ ഫീച്ചറുകളും വാഹനത്തിനെ അടിപൊളിയാക്കുന്നുണ്ട്. ഇതുകൂടാതെ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള 3.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ബിഎംഡബ്ല്യു CE 02 ഇവിയിൽ ഒരുക്കിയിട്ടുണ്ട്. സർഫ്, ഫ്ലോ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിലുണ്ടാവും.

മുകളിൽ പറഞ്ഞതുപോലെ ആഡംബര കാറുകളേക്കാൾ പ്രിയം കുനാൽ ഖേമുവിന് മോട്ടോർസൈക്കിളുകളോടാണ്. ബിഎംഡബ്ല്യുവിന്റെ CE 02 ഇവിക്ക് പുറമേ, ബിഎംഡബ്ല്യു R 1250 GS, ഡ്യുക്കാട്ടി സ്ക്രാംബ്ലർ, ഹാർലി ഡേവിഡ്‌സൺ അയൺ 883 തുടങ്ങിയ മോഡലുകളും സെയ്‌ഫ് അലി ഖാന്റെ അളിയന് സ്വന്തമായുണ്ട്. നടൻ സെയ്ഫ് അലി ഖാന്റെയും എംവി അഗസ്റ്റ ബ്രൂട്ടേലും കുനാൽ ഓടിക്കുന്നതും പലതവണ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








