ആൻ്റണിയും ഇന്നോവയും ഇല്ലാതെ ലാലേട്ടന് എന്ത് ആഘോഷം, ദാ കാണ് 2255 ഫാൻസി നമ്പരുള്ള ഏട്ടൻ്റെ പുത്തൻ കാർ
നല്ല യാത്രാസുഖം തരുന്നതിൻ്റെ പേരിൽ ഇന്ത്യക്കാരെല്ലാം നെഞ്ചിലേറ്റിയ എംപിവിയാണ് ടൊയോട്ട ഇന്നോവ. സാധാരണക്കാരും പണക്കാരും വ്യവസായികളും സെലിബ്രിറ്റികളുമെല്ലാം ഒരുപോലെ ഇഷ്‌ട്ടപ്പെടുന്നതും ഉപയോഗിക്കുന്നതുമായ മറ്റൊരു കാർ ഉണ്ടോയെന്ന് വരെ സംശയമാണ്. ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള യാത്രകൾക്ക് സിനിമാതാരങ്ങൾ വരെ ഉപയോഗിക്കുന്നത് ഇന്നോവയാണ്. രണ്ടാംവരിയിലെ കുലുക്കമില്ലാത്ത യാത്ര ഒരു തവണയെങ്കിലും ആസ്വദിച്ചാൽ ആരായാലും വീണുപോവും. അതിന് തെളിവാണ് സാക്ഷാൽ മോഹൻലാൽ വരെ പുതുതായി ഇന്നോവ വാങ്ങിയത്. മുമ്പും ടൊയോട്ടയുടെ വാഹനങ്ങളോട് പ്രത്യേക അടുപ്പമുള്ളയാളാണ് ലാലേട്ടൻ. താരത്തിൻ്റെ ഗരാജിലേക്ക് പുതിയ ഹൈക്രോസാണ് കടന്നുവന്നിരിക്കുന്നത്.
മോഹൻലാലിന് ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ താക്കോൽ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഒപ്പം തൻ്റെ പുത്തൻ കാറിന് 2255 എന്ന ഫാൻസി നമ്പരും താരം സ്വന്തമാക്കിയിരുന്നു. മോഹൻലാൽ സ്വന്തമാക്കിയ ആദ്യത്തെ ഇന്നോവയല്ല ഇത്. ആദ്യ തലമുറ ഇന്നോവ മുതൽ വാങ്ങിയ നടൻ പിന്നീട് ഇന്നോവ ക്രിസ്റ്റയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരുന്നു. ഇപ്പോൾ നിലവിലെ മൂന്നാം തലമുറ ഇന്നോവ ഹൈക്രോസ് ഗരാജിലേത്തുമ്പോൾ ടൊയോട്ട കാറുകൾ ലാലേട്ടന് എത്രത്തോളം പ്രിയമുള്ളതാണെന്ന് മനസിലാക്കാം.

ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ് എൻഡ് ഹൈബ്രിഡ് വേരിയൻ്റാണ് മോഹൻലാലിൻ്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. സമാധാനത്തിൻ്റെ പ്രതീകമായ വൈറ്റ് കളർ ഓപ്ഷനാണ് ലാലേട്ടൻ തെരഞ്ഞെടുത്തിരിക്കുന്നതും. പുതിയ വാഹനത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പ്രിയതമ സുചിത്ര മോഹൻലാലും ബിസിനസ് പങ്കാളിയും സുഹൃത്തുമായി ആൻ്റണി പെരുമ്പാവൂരും നടനവിസ്മയത്തിനൊപ്പം ഉണ്ടായിരുന്നു.
KL 07 DJ 2255 എന്ന രജസിട്രേഷൻ നമ്പർ കൂടിയാവുമ്പോൾ ലാലേട്ടൻ്റെ ഇന്നോവയ്ക്ക് ആഡംബരത്തം കൂടും. നേരത്തെ സിനിമാ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തും വിശ്വസ്തനുമായ ആൻ്റണി പെരുമ്പാവൂർ തൻ്റെ വോള്‍വോ എസ്‌യുവിക്കായി KL 07 DH 2255 എന്ന നമ്പരും സ്വന്തമാക്കിയിരുന്നു. 19.15 ലക്ഷം മുതൽ 32.38 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈക്രോസിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ടോപ്പ് എൻഡ് വേരിയൻ്റ് നിരത്തിലെത്തുമ്പോൾ 41 ലക്ഷം രൂപയോളം ഓൺ-റോഡ് വിലയും നൽകണം. 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിൻ്റെ ഹൃദയം. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം എംപിവിയിലേക്ക് മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ എക്കാലത്തേയും മിടുക്കനായ ഇന്നോവയാണ് ഹൈക്രോസ് എന്നതും ഏവരേയും ആകർഷിക്കുന്ന കാര്യമാണ്.

10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റെ ക്ലസ്റ്റർ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാണ് എംപിവിയിലുള്ളത്.
സേഫ്റ്റിയുടെ കാര്യത്തിലും മിടുക്കനാണ് ഹൈക്രോസ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സേഫ്റ്റിയിലും കുട്ടികളുടെ സേഫ്റ്റിയിലും 5-സ്റ്റാർ റേറ്റിംഗാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇടിച്ചിട്ടത്. ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇന്നോവയിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം കമ്പനി ഒരുക്കുന്നത്.


Click it and Unblock the Notifications








