'ഇനി സൂപ്പർബ് ദിനങ്ങൾ'; 44 ലക്ഷത്തിന്റെ പ്രീമിയം കാർ സ്വന്തമാക്കി മലയാളത്തിന്റെ യുവതാരം
മലയാള സിനിമയിലെ താരങ്ങൾ പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്ന ട്രെൻഡ് തുടരുകയാണ്. അടുത്തിടെ നിരവധി നടൻമാരും നടികളും തങ്ങളുടെ യാത്രകൾക്കായി ആഡംബര വാഹനങ്ങൾ സ്വന്തമാക്കുകയാണ്. ഇപ്പോൾ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ യുവതാരം നസ്‌ലിനും (Naslen) തന്റെ ഗരാജിലേക്ക് ഒരു പ്രീമിയം കാറിനെ (Premium Car) എത്തിച്ചിരിക്കുകയാണ്.
തണ്ണീർമത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ, ഹോം, സൂപ്പർ ശരണ്യ പോലുള്ള ഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ അതിവേഗം സ്ഥാനംപിടിക്കാനായ യുവതാരമാണ് നസ്‌ലിൻ. തന്റെ പുതിയ യാത്രകൾക്കായി നടൻ സ്കോഡ സൂപ്പർബാണ് കൂടെക്കൂട്ടിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയ വിവരം ഇവിഎം സ്കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരിലേക്ക് പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഡീലർഷിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ അടുത്തിടെ സൂപ്പർബ് ഇന്ത്യൻ വിപണിയിൽ നിന്നും നിർത്തലാക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നു. ആയതിനാൽ സൂപ്പർബിന്റെ അവസാന യൂണിറ്റുകളിലൊന്നാണ് നസ്‌ലിൻ സ്വന്തമാക്കിയിരിക്കുന്നത് എന്നതും വലിയൊരു പ്രത്യേകതയാണ്. ഒട്ടേറെ പ്രത്യേകതകളുള്ള എക്‌സിക്യൂട്ടീവ് പ്രീമീയം സെഡാനാണ് സൂപ്പർബ്. 2015-ല്‍ ആഗോള വിപണിയിലെത്തിയ കാറിന്റെ മൂന്നാം തലമുറ പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് ഇന്ത്യയിൽ എത്തിയിരുന്നത്.
2004 മുതൽ ഇന്ത്യൻ വിപണിയിലുള്ള സ്കോഡയുടെ കാറാണ് സൂപ്പർബ്. ഒക്‌ടാവിയക്കൊപ്പം ഇന്ത്യൻ നിരത്തുകൾ കീഴടക്കാനാണ് ചെക്ക് ബ്രാൻഡ് ഈ സെഡാനെ നിയോഗിച്ചത്. അതിനാൽ തന്നെ കമ്പനിയുടെ ചരിത്രത്തിലും ഇന്ത്യയിലെ വാഹന നിരയിലും ഒരു സുപ്രധാന സ്ഥാനം തന്നെ സൂപ്പര്‍ബ് അർഹിക്കുന്നുണ്ടെന്നു പറയാം. വിൽപ്പന അവസാനിപ്പിക്കുന്നതിനു മുമ്പ് ഏകദേശം 43.44 ലക്ഷം രൂപ മുതൽ 47.33 ലക്ഷം രൂപ വരെയായിരുന്നു സ്കോഡ സൂപ്പർബിന്റെ ഓൺ റോഡ് വില വന്നിരുന്നത്.

സ്പോർട്ട്ലൈൻ ഓട്ടോമാറ്റിക്, ലോറിൻ ക്ലെമന്റ് ഓട്ടോമാറ്റിക് എന്നീ രണ്ട് വേരിയന്റുകളിലാണ് അവസാന നാളുകളിൽ സ്കോഡ സൂപ്പർബിനെ ഇന്ത്യയിലെത്തിച്ചിരുന്നത്. നസ്‌ലിൻ സ്വന്തമാക്കിയത് ഇതിൽ ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. ഗ്രാഫൈറ്റ് ഗ്രേ, മൂൺ വൈറ്റ്, മാഗ്നറ്റിക് ബ്രൗൺ, മാജിക് ബ്ലാക്ക്, ലാവ ബ്ലൂ, സ്റ്റീൽ ഗ്രേ, റേസ് ബ്ലൂ, ബ്രില്യന്റ് സിൽവർ എന്നിങ്ങനെ എട്ടോളം വ്യത്യസ്‌ത നിറങ്ങളിൽ ഈ സെഡാൻ തെരഞ്ഞെടുക്കാമെങ്കിലും പ്രീമിയംനെസിന്റെ പര്യായമായ മൂൺ വൈറ്റ് നിറത്തിലുള്ള സൂപ്പർബാണ് യുവതാരം ഗരാജിലെത്തിച്ചിരിക്കുന്നത്.
എല്ലാ എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, രണ്ട് ഇന്റീരിയർ അപ്ഹോൾസ്റ്ററി തീമുകൾ, 360-ഡിഗ്രി ക്യാമറ, എട്ട് എയർബാഗുകൾ, ഒരു വെർച്വൽ കോക്ക്പിറ്റ്, ഡ്രൈവ് മോഡുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ഒരു പാർക്ക് അസിസ്റ്റ് ഫംഗ്ഷൻ തുടങ്ങിയ അത്യുഗ്രൻ ഫീച്ചറുകളാൽ സമ്പന്നമായാണ് വാഹനം വിപണിയിൽ എത്തുന്നത്.
ആഢംബരത്തിനും കംഫര്‍ട്ടിനും പെര്‍ഫോമന്‍സിനുമുള്ള സ്‌കോഡയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന ബ്രാന്‍ഡിന്റെ ഫ്ലാഗ്ഷിപ്പ് സെഡാന്‍ ഒരു കാര്യത്തിലും കുറവുവരുത്തുന്നില്ലെന്ന് ഈ സവിശേഷതകളെല്ലാം ഉറപ്പു വരുത്തുന്നു. 188 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ, TSI പെട്രോൾ എഞ്ചിനാണ് സൂപ്പർബിന്റെ ഹൃദയം. എഞ്ചിൻ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ഫ്രണ്ട് വീൽ ഡ്രൈവായ സെഡാൻ പെർഫോമൻസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യുന്നില്ല. എന്തായാലും ഒക്‌ടാവിയയും സൂപ്പർബും കളമൊഴിഞ്ഞതോടെ ഇന്ത്യയിൽ സ്ലാവിയ, കുഷാഖ്, കൊഡിയാക് എന്നിങ്ങനെ മൂന്നു മോഡലുകൾ മാത്രമാവും ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കീഴിലുള്ള സ്കോഡ ഇന്ത്യയുടെ നിരയിലുണ്ടാവുക. അധികം വൈകാതെ ഒരു കോംപാക്‌ട് എസ്‌യുവിയും ഇലക്ട്രിക് വാഹനവും പുറത്തിറക്കാനുള്ള പദ്ധതികളും ബ്രാൻഡ് ആവിഷ്ക്കരിക്കുന്നുണ്ട്.


Click it and Unblock the Notifications








