മോളിവുഡിലേക്ക് ഒരു സൂപ്പർകാർ കൂടി, 3.20 കോടിയുടെ പോർഷ സ്വന്തമാക്കി മലയാളത്തിന്റെ 'ടിയാൻ'
ഇപ്പോൾ ഏറ്റവും കൂടുതൽ ആഡംബര കാറുകളുള്ളൊരു സ്ഥലമാണ് സിനിമാ മേഖല. ബോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെയുള്ളടിത്ത് കോടികൾ വിലമതിപ്പുള്ള വാഹനങ്ങളിലാണ് താരനക്ഷത്രങ്ങളുടെ യാത്രകൾ. എന്തുകൊണ്ട് ഇവർക്ക് സാധാരണ കാറിൽ സഞ്ചരിച്ചു കൂടാ എന്ന് ആലോചിക്കുന്നവരും ധാരാളമുണ്ടാവും അല്ലേ. സുഖകരമായ യാത്രകൾക്കൊപ്പം സേഫ്റ്റിയും നൽകുന്ന ഇത്തരം ലക്ഷ്വറി കാറുകളും ഇവരുടെ ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത കാര്യമാണിപ്പോൾ.
അതിനാൽ തന്നെ ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് സിനിമാ താരങ്ങളിപ്പോൾ. ഇതിൽ ഏറ്റവും കൂടുതൽ മോഡലുകൾ എത്തുന്നത് നമ്മുടെ മലയാള സിനിമയിലേക്കാണെന്നതാണ് രസകരമായ കാര്യം. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ടൊവിനോ തോമസ് പോലുള്ള സൂപ്പർതാരങ്ങളെല്ലാം ഈ വർഷം പുതുപുത്തൻ വാഹനങ്ങൾ സ്വന്തമാക്കിയവരാണ്.

ഇവരെ കൂടാതെ മറ്റ് പ്രമുഖ താരങ്ങളും ഈ കൊല്ലം ഗരാജിൽ പുതുകാറുകൾ എത്തിച്ചവരാണ്. ഇവരിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻ ആരെന്ന് ചോദിച്ചാൽ പലരും മമ്മൂട്ടിയുടേയും ദുൽഖറിന്റെയും പേരെല്ലാം പറയുമെങ്കിലും ഏറ്റവും അണ്ടർറേറ്റഡായ വണ്ടിക്കൊതിയൻമാരാണ് ഫഹദ് ഫാസിലും പൃഥ്വിരാജും. ഫഹദ് ഈ വർഷം ഏതാണ്ട് നാലോളം ലക്ഷ്വറി കാറുകളാണ് തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്.
ലംബോർഗിനിയുടെ കഥയെല്ലാം പറഞ്ഞ് പലതവണ ട്രോളിയിട്ടുള്ള പൃഥ്വിയും വാഹനകമ്പത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ലംബോ കൊടുത്ത് ലംബോ വാങ്ങിയ നടന്റെ വാർത്തകളെല്ലാം പലതവണ സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്.ഇപ്പോഴിതാ മലയാള സിനിമയുടെ 'ടിയാൻ' എന്നറിയപ്പെടുന്ന പൃഥ്വിരാജ് സുകുമാരന്റെ ഗരാജിലേക്ക് ഒരു പുത്തൻ സൂപ്പർകാർ എത്തിയിരിക്കുകയാണ്.

ലംബോർഗിനി ഉറുസും ബിഎംഡബ്ല്യു 7 സീരിസുമെല്ലാമുള്ള നടന്റെ പുത്തൻ വണ്ടി അങ്ങ് ജർമനിയിൽ നിന്നും ഇറക്കുമതി ചെയ്‌ത കാറാണ്. 3.20 കോടി രൂപ വിലയുള്ള പോർഷ 911 GT3 ടൂറിംഗ് എന്ന മോഡലിലാവും പൃഥ്വിയുടെ ഇനിയുള്ള യാത്രകൾ. പണ്ടേ പെർഫോമൻസ് കാർ പ്രേമിയായ താരത്തിന്റെ പുത്തൻ വാഹനത്തെ കുറിച്ചുള്ള അധിക വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. നേരത്തെ 911 കാബ്രിയോലെ കൺവേട്ടബിൽ മാനുവൽ ഗിയർബോക്സ് പൃഥ്വിരാജിനുണ്ടായിരുന്നു.
ഇതിനു ശേഷം തന്റെ ഗരാജിലേക്ക് എത്തുന്ന പുത്തൻ പോർഷ കാറാണിത്. പല വേരിയന്റുകളിലും കസ്റ്റമൈസേഷനും വാഗ്‌ദാനം ചെയ്യുന്നതിനാൽ താരം വാങ്ങിയിരിക്കുന്ന മോഡലിന് എത്ര രൂപ ഓൺ-റോഡ് വിലയായി നൽകിയിട്ടുണ്ടാവുമെന്നും അറിവില്ല. ആഡംബര വാഹനത്തിന്റെ അടിസ്ഥാന എക്സ്ഷോറൂം വില 3.20 കോടി രൂപയാണ്. ഉടമകളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ആകുമ്പോൾ വില വർധിക്കും.

എന്തൊക്കെ കസ്റ്റമൈസേഷനാണ് പൃഥ്വിരാജ് വാഹനത്തിൽ നടത്തിയത് എന്ന് വരുംദിവസങ്ങളിൽ പുറത്തുവന്നേക്കും. ബുക്ക് ചെയ്താൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രമേ ഈ സ്പെഷ്യൽ പോർഷ 911 GT3 ടൂറിംഗ് സ്വന്തമാക്കാനാവൂ. ഇന്ത്യയിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഈ സൂപ്പർകാർ സ്വന്തമായുള്ളൂ. അടുത്തിടെ ബോളിവുഡ് നടൻ സണ്ണി ഡിയോൾ ഇതേ കാർ സ്വന്തമാക്കിയിരുന്നു.
മാനുവൽ ഗിയർബോക്സ് കാറുകൾ ഇഷ്ടപ്പെടുന്ന ആളുകൾ മാത്രമേ പോർഷ 911 മാനുവൽ മോഡൽ വാങ്ങാറുള്ളൂ. ഡ്രൈവിംഗ് ഹരമായ പൃഥ്വി ഈ വണ്ടി തെരഞ്ഞെടുത്തതിൽ അതിശയമൊന്നുമില്ല താനും. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിച്ച് ഡ്രൈവിംഗ് ത്രില്ലടിപ്പിക്കുന്ന ഈ സൂപ്പർകാർ ഇനി കൊച്ചിയിലൂടെ പായുന്നത് കണ്ടാൽ അത് നമ്മുടെ സ്വന്തം രാജുവേട്ടനാണെന്ന് കരുതിക്കോ.

992 GT3 ടൂറിംഗിന് നാച്ചുറലി ആസ്പിരേറ്റഡ് 4.0 ലിറ്റർ ഫ്ലാറ്റ്-സിക്സ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 502 bhp കരുത്തിൽ 470 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനമായ ഈ മോഡലില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്. വെറും 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ കൈവരിക്കാനാവുന്ന മോഡലിന്റെ പരമാവധി വേഗം മണിക്കൂറിൽ 317 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.
ഏകദേശം 9 കിലോമീറ്റർ മൈലേജാണ് പോർഷയുടെ കാറിന് കമ്പനി അവകാശപ്പെടുന്നത്. ബ്ലാക്ക്, ജെന്റിയൻ ബ്ലൂ മെറ്റാലിക്, ജെറ്റ് ബ്ലാക്ക് മെറ്റാലിക്, അഗേറ്റ് ഗ്രേ മെറ്റാലിക്, ജിടി സിൽവർ മെറ്റാലിക്, ഗാർഡ്സ് റെഡ്, വൈറ്റ്, റേസിംഗ് യെല്ലോ എന്നീ കിടിലൻ കളർ ഓപ്ഷനുകളിലും വണ്ടി സ്വന്തമാക്കാനാവും. 911 GT3 ടൂറിംഗിന് പുറമെ ലംബോർഗിനി ഉറൂസ്, ബിഎഡബ്ല്യു 7 സീരീസ്, മെർസിഡീസ് ബെന്‍സ് G-വാഗണ്‍, മിനി കൂപ്പര്‍ തുടങ്ങി ആഡംബര കാറുകളാണ് പൃഥ്വിരാജിനുള്ളത്.


Click it and Unblock the Notifications








