ഇക്കാര്യത്തിൽ ഇങ്ങേര് അജിത്തിനെ വെല്ലും, സൂപ്പർസ്റ്റാറിന്റെ ബൈക്ക് കളക്ഷൻ കണ്ട് അമ്പരന്ന് ആരാധകർ
തമിഴ് സൂപ്പർസ്റ്റാർ എന്നു പറയുമ്പോഴേ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് വിജയ്, സൂര്യ, രജനികാന്ത്, അജിത്ത്, കമൽഹാസൻ, ധനുഷ് എന്നിവരുടെ പേരുകളാവും അല്ലേ. എന്നാൽ തമിഴിൽ ആർ മാധവനുണ്ടായിരുന്ന ഇമേജ് പിടിക്കാൻ ഇവർക്കാർക്കുമായിട്ടില്ലെന്നതാണ് സത്യം. ഒരു പാൻ ഇന്ത്യൻ സ്റ്റാറായി എന്നും തിളിങ്ങി നിൽക്കുന്നയാളാണ് ഇദ്ദേഹം. 2000-ത്തിന്റെ തുടക്കത്തിൽ ഒരു ചോക്ലേറ്റ് ബോയ് ആയിട്ടാണ് മാധവൻ സിനിമയിലെത്തുന്നത്.
ദേ ഇപ്പോൾ നാഷണൽ ഫിലിം അവാർഡ്‌സിന്റെ മികച്ച നടനെ തെരഞ്ഞെടുക്കാനുള്ള അവസാന ചുരുക്കപ്പട്ടികയും മാധവൻ ഇടംപിടിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സജീവമാണ്. അതിനാൽ തന്നെ താരത്തിന്റെ വാർത്തകളും വിശേഷങ്ങളുമറിയാൻ പ്രേക്ഷകർക്കും ഏറെ താത്പര്യമുണ്ട്. നടൻ മാധവന്റെ പേര് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് അദ്ദേഹത്തിന്റെ മകൻ വേദാന്ത് മാധവൻ കാരണമായിരുന്നു.

ഏപ്രിൽ മാസം മലേഷ്യയിൽ നടന്ന നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി അഞ്ച് സ്വർണ മെഡലുകളാണ് നടൻ ആർ മാധവന്റെ മകൻ വേദാന്ത് നേടിയത്. 50,100,200,400,1500 മീറ്റർ മത്സരങ്ങളിലാണ് വേദാന്തിന്റെ സ്വർണ നേട്ടം. എന്നാൽ ഇപ്പോൾ മാധവന്റെ സൂപ്പർബൈക്ക് കളക്ഷനാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. നടനും സംവിധായകനുമായ താരം തന്റെ ഹൈ-എൻഡ് സൂപ്പർബൈക്കുകളുടെ ശേഖരം ഒരു വീഡിയോയിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചത്.
സിനിമാ ഫോട്ടോഗ്രാഫർ അരവിന്ദ് കമലനാഥനാണ് ഈ വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നടൻ മാധവൻ തന്റെ ഉടമസ്ഥതയിലുള്ള ഓരോ സൂപ്പർബൈക്കും തന്റെ ഗരാജിൽ നിന്നും പുറത്തെടുക്കുന്നതാണ് വീഡിയോയിലെ ആശയം. യമഹ വി മാക്‌സ്, ഇന്ത്യൻ റോഡ്‌മാസ്റ്റർ, ഹോണ്ട ഗോൾഡ് വിംഗ് 2022, ട്രയംഫ് റോക്കറ്റ് 3 R പോലുള്ള ഇടിവെട്ട് ഐറ്റംസാണ് മാഡിയുടെ കളക്ഷനിലെ പ്രധാനികൾ. ഇനി ഈ ബൈക്കുകളുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം.
യമഹ വി മാക്‌സ്: 1985 മുതൽ 2020 വരെ യമഹ നിർമിച്ച ക്രൂയിസർ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. നിലവിൽ ഇന്ത്യയിൽ വിൽപ്പനയില്ലാത്ത ബൈക്കിന് 197 bhp പവറിൽ പരമാവധി 153 Nm torque സൃഷ്ടിക്കുന്ന 1,700 സിസി V4 എഞ്ചിനാണ് തുടിപ്പേകുന്നത്. മൊത്തത്തിൽ 2,300 mm നീളവും 795 mm വീതിയും 1,160 mm ഉയരവുമുള്ള ഈ ആഡംബര ബൈക്ക് ഐതിഹാസിക മോഡലുകളുടെ പട്ടികയിലെ പ്രതാപിയാണ്.
ഇന്ത്യൻ റോഡ്മാസ്റ്റർ: ഒരു അമേരിക്കൻ ശൈലിയിലുള്ള ക്രൂയിസർ ബൈക്കാണിത്. മാധവന്റെ പക്കൽ പഴയൊരു റോഡ്മാസ്റ്റർ ബൈക്കുണ്ട്. അതിനാൽ, താരം ഇത് വളരെ വർഷങ്ങൾക്ക് മുമ്പ് വാങ്ങിയിരിക്കുമെന്നാണ് കരുതുന്നത്. പരമാവധി 100 bhp പവർ നൽകുന്ന 1811 സിസി എഞ്ചിനാണ് ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. ഏത് വലിയ ടൂറിംഗിനും അനുയോജ്യമായ രീതിയിലുള്ള ആഡംബര വാഹനമായാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.

ഹോണ്ട ഗോൾഡ് വിംഗ്: നടൻ മാധവൻ അടുത്തിടെ വാങ്ങിയ സൂപ്പർബൈക്കുകളിൽ ഒന്നാണ് ഈ 2022 മോഡൽ ലക്ഷ്വറി ടൂറിംഗ് മോഡൽ. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് ഹോണ്ട ഗോൾഡ് വിംഗ് മോട്ടോർസൈക്കിൾ ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചത്. നടൻ മാധവന്റെ ഹോണ്ട സൂപ്പർബൈക്കിന് 1833 സിസി 6 സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഓട്ടോമാറ്റിക് ഡിസിടി ട്രാൻസ്‌മിഷനാണ് ഇതിന്റെ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നതും.
ട്രയംഫ് റോക്കറ്റ് 3R: ട്രയംഫ് മോട്ടോർസൈക്കിളിൽ നിന്നുള്ള ഏറ്റവും ശക്തമായ മോഡലായാണ് ഈ പവർ ക്രൂയിസറിനെ വിശേഷിപ്പിക്കുന്നതു തന്നെ. 2500 സിസി എഞ്ചിനാണ് ഇതിന്റെ ഹൃദയം. ബൈക്കിന്റെ ക്രോം എഡിഷൻ വേരിയന്റാണ് മാഡിയുടെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത്. മാധവൻ ഏറ്റവും പുതിയതായി വാങ്ങിയ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. കാരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ട്രയംഫ് റോക്കറ്റ് 3R ക്രോം എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇതാദ്യമായാണ് താരം തന്റെ ഇത്രയും വലിയ സൂപ്പർ പ്രീമിയം ബൈക്ക് കളക്ഷൻ വെളിപ്പെടുത്തുന്നത്. അടുത്തിടെ മാധവന്റെ മകൻ വേദാന്ത് ഡ്രൈവിംഗ് പഠിക്കുന്ന വീഡിയോയും ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇതിന്റെ പ്രധാന കാരണം മകൻ പഠിച്ചത് പോർഷയിലാണ് എന്നതാണ്. പക്ഷേ ഇന്ത്യയിലല്ല സംഭവം നടന്നതു കേട്ടോ. വേദാന്ത് ഡ്രൈവിംഗ് പഠിക്കുന്നതിന്റെ വീഡിയോ ദുബായിലെ ഗലാദാരി മോട്ടോർ ഡ്രൈവിംഗ് സെൻ്ററാണ് പങ്കിട്ടത്.


Click it and Unblock the Notifications








