ഏറ്റവും സമ്പന്നനായ സിനിമാനടൻ, 5 കോടിക്ക് മുകളിൽ വില വരുന്ന SUV സ്വകാര്യമായി ഇറക്കുമതി ചെയ്‌ത് കിങ് ഖാൻ
സാമ്പത്തിക കാര്യത്തിലായാലും ആരാധകരുടെ കാര്യത്തിലായാലും ബോളിവുഡിലെ ധനികനായ താരമാണ് ഷാരൂഖ് ഖാൻ (Shah Rukh Khan). തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന കിങ് ഖാൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ കൂടിയാണ്. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടിക പ്രകാരം താരത്തിന് ഏകദേശം 10,800 കോടിയുടെ ആസ്തിയുണ്ടെന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ. അത്യാഡംബര ജീവിതം നയിക്കുന്ന ഷാരൂഖ് ഖാന് ക്രിക്കറ്റിനോടും പ്രത്യേക കമ്പമുണ്ട്. ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമ കൂടിയാണ് ഇദ്ദേഹം.
ഇപ്പോഴിതാ നടന്റെ പുത്തൻ കാറിനെക്കുറിച്ചാണ് ചൂടുള്ള ചർച്ച നടക്കുന്നത്. സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ തന്റെ ലക്ഷ്വറി കാർ ശേഖരത്തിലേക്ക് പുതിയൊരു എസ്‌യുവി കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5 കോടി രൂപയിലധികം വില വരുന്ന കാഡിലാക് എസ്‌കലേഡ് എന്ന മോഡലാണ് കിങ് ഖാന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ചിലർ ഇത്തരമൊരു വാഹനത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ലെങ്കിലും കട്ട വണ്ടിഭ്രാന്തൻമാരെല്ലാം അമേരിക്കൻ ആഡംബര വാഹന നിർമാതാക്കളായ കാഡിലാക്കിന്റെ വലിയ ആരാധകരായിരിക്കും.

കാഡിലാക് ഇതുവരെ ഇന്ത്യയിൽ ഔദ്യോഗികമായി വാഹനങ്ങൾ വിപണനം ചെയ്യുന്നില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്ത്യയിൽ ഒരു കാർ മോഡലും വിപണനത്തിന് എത്തിക്കാത്ത കമ്പനിയുടെ വാഹനം എങ്ങനെ ഷാരൂഖ് ഖാൻ വാങ്ങിയെന്ന് ഇപ്പോൾ പലരും ചിന്തിക്കുന്നുണ്ടാവും. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സിനിമാതാരം ഈ ലക്ഷ്വറി എസ്‌യുവി സ്വകാര്യമായി ഇറക്കുമതി ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ.
ഇറക്കുമതി തീരുവകളും മറ്റ് അധിക ചാർജുകളും കാറിനുവേണ്ടി മുടക്കിയിട്ടുണ്ട്. ആയതിനാൽ ഇതിന് 5 കോടിയലധികം വില വന്നേക്കുമെന്നാണ് അടക്കംപറച്ചിൽ. ഇത്രയും വലിയതും പ്രീമിയം ആയതുമായ അമേരിക്കൻ എസ്‌യുവികൾ ഇന്ത്യയിൽ വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. മുംബൈയിലെ തെരുവുകളിൽ തന്റെ പുതിയ എസ്‌യുവിയിൽ ഷാരൂഖ് യാത്ര ചെയ്യുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ ഫുൾ-സൈസ് എസ്‌യുവികളിൽ ഒന്നായാണ് കാഡിലാക് എസ്കലേഡ് കണക്കാക്കപ്പെടുന്നത്. ഏകദേശം 414 bhp പവറോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 6.2 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് ഈ പ്രീമിയം എസ്‌യുവിയുടെ കരുത്ത്. റിയർവീലുമായി ഘടിപ്പിച്ച 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വെറും 6.5 സെക്കൻഡിനുള്ളിൽ എസ്‌യുവി നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്.
ട്രിപ്പിൾ സ്ക്രീൻ 38 ഇഞ്ച് കർവ്‌ഡ് OLED ഡിസ്‌പ്ലേ, മസാജ് സീറ്റുകൾ, 36 സ്പീക്കറുകൾ വരെ ഉള്ള AKG പ്രീമിയം സൗണ്ട് സിസ്റ്റം, റഫ്രിജറേറ്റർ, അഡാപ്റ്റീവ് ഡാംപറുകളുള്ള എയർ സസ്‌പെൻഷൻ, ഓപ്ഷണൽ സൂപ്പർ ക്രൂയിസ് ഹാൻഡ്‌സ്-ഫ്രീ ഹൈവേ അസിസ്റ്റ്, ഏഴ് അല്ലെങ്കിൽ ആറ് പേർക്ക് ഇരിക്കാവുന്ന പ്ലഷ് സീറ്റിംഗ് എന്നിവയാണ് മോഡലിന്റെ ഏറ്റവും ശ്രദ്ധേയമായ ചില സവിശേഷതകൾ. ദി മാട്രിക്സ് റീലോഡഡ്, ദി ഹാംഗ് ഓവർ, ദി സോപ്രാനോസ്, ദി ഫേറ്റ് ഓഫ് ദി ഫ്യൂരിയസ് തുടങ്ങിയ ചില ഐക്കണിക് സിനിമകളിലും ഷോകളിലും ഈ എസ്‌യുവി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആദം സാൻഡ്‌ലർ, ട്രാവിസ് ബാർക്കർ, ഡേവിഡ് ബെക്കാം, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ സെലിബ്രിറ്റികളുടെ ഗാരാജുകളിലും കാഡിലാക് എസ്‌കലേഡ് സ്ഥാനംപിടിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമാതാരത്തിന്റെ മുറ്റത്തും എസ്‌യുവി എത്തുന്നത്. പുതിയ അതിഥിയെ കൂടാതെ മറ്റ് നിരവധി ആഡംബര കാറുകളും ബോളിവുഡിന്റെ സൂപ്പർ താരം ഷാരൂഖ് ഖാൻ ഇതിനോടകം വാങ്ങിക്കൂട്ടിയിട്ടുണ്ട്.
താരത്തിന്റെ കാർ കളക്ഷനിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കാറുകളിൽ ഒന്നാണ് റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ്. ഇന്ത്യയിൽ ഏകദേശം 10 കോടി രൂപയിലധികം വില വരുന്നതാണിത്. ഇതിനുപുറമെ ബെന്റ്ലി കോണ്ടിനെന്റൽ ജിടി, ബിഎംഡബ്ല്യു i8, ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് ബെൻസ് എസ്-ക്ലാസ് ഗാർഡ്, ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട് തുടങ്ങിയ വമ്പൻ കാർ നിരയും കിങ് ഖാന്റെ വീട്ടുമുറ്റത്തുണ്ട്.


Click it and Unblock the Notifications