50 ലക്ഷത്തിന്റെ ടൊയോട്ട എസ്‌യുവി സ്വന്തമാക്കി മലയാളികളുടെ പ്രിയ താരജോഡി
തൊണ്ണൂറുകളിലെ മലയാള സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് ഷാജു ശ്രീധര്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന പ്രേക്ഷകരുടെ പ്രിയ താരം ഇന്നും സിനിമകളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം തിളങ്ങി നിൽക്കുന്നുണ്ട്. ടെലിവിഷൻ, ചലച്ചിത്ര നടൻ, ഹാസ്യനടൻ, മിമിക്രി കലാകാരൻ എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഷാജു പല ഹിറ്റ് സിനിമകളുടേയും ഭാഗം കൂടിയാണ്.
മിക്‌സ് സൂപ്പർ 1000, അരമന വീടും അഞ്ചൂറേക്കറും, ഓട്ടോ ബ്രദേഴ്‌സ്, കോരപ്പൻ ദി ഗ്രേറ്റ് തുടങ്ങിയവയാണ് ഷാജു ശ്രീധറിന്റെ ഹിറ്റ് സിനിമകൾ. ചിലപ്പോൾ പലർക്കും താരത്തിന്റെ പേര് കൃത്യമായി അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖവും ശബ്‌ദവും സുപരിചിതമാണ്. തന്റെ ജീവിതത്തിലെ വലിയ സ്വപ്‌നങ്ങളിൽ ഒന്ന് നേടിയെടുത്ത സന്തോഷത്തിലാണ് ഷാജു ശ്രീധറും കുടുംബവും. യാത്രകൾക്കായി സ്വപ്‌ന വാഹനത്തെ ഗരാജിലെത്തിച്ചിരിക്കുകയാണ് താരം.

ടൊയോട്ട ഫോര്‍ച്യൂണർ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിലാവും ഷാജുവിന്റെ ഇനിയുള്ള യാത്രകൾ. സ്വപ്‌നം എന്ന കുറിപ്പോടെ അദ്ദേഹം തന്നെയാണ് പുതിയ വാഹനം വാങ്ങിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയും മുൻ നടിയുമായ ചാന്ദ്നിയുമായെത്തിയാണ് വാഹനത്തിന്റെ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെയെത്തുന്ന ഈ ഫുൾ-സൈസ് എസ്‌യുവിക്ക് 32.99 ലക്ഷം രൂപ മുതൽ 50.74 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഷാജു സ്വന്തമാക്കിയത് ഇതിൽ ഏത് മോഡലാണെന്ന് വ്യക്തമല്ല. 2021-ലാണ് ഇന്ത്യയിൽ ഫോർച്യൂണറിന്റെ ഏറ്റവും പുതിയ ആവർത്തനം പുറത്തിറങ്ങുന്നത്. ഇന്നും സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഫുൾ-സൈസ് എസ്‌യുവിയാണ് ടൊയോട്ടയുടെ ഈ പുലിക്കുട്ടൻ. ഇന്നും കാലഹരണപ്പെട്ടിട്ടില്ലാത്ത ഡിസൈനിലാണുള്ളതെങ്കിലും അധികം വൈകാതെ വാഹനത്തിന് ഒരു പുതുതലമുറ മോഡൽ ലഭിക്കും. ഷാജു ശ്രീധർ സ്വന്തമാക്കിയ ഫോർച്യൂണറിന് മസ്കുലർ ലൈനുകളും സ്ട്രോംഗ് ക്യാരക്ടർ ലൈനുകളിലും ഒരുക്കിയ പരുക്കൻ രൂപമാണുള്ളത്.

ക്രോം ആക്സന്റുകളോട് കൂടിയ വേറിട്ട ഗ്രില്ലാണ് ഫോർച്യൂണറിന്റെ മുൻവശത്തെ അഴക്. സുഗമമായ എൽഇഡി ഹെഡ്‌ലൈറ്റുകളും ഫോഗ് ലൈറ്റുകളും മുൻവശത്തെ ഫാസിയയിലേക്ക് തടസമില്ലാതെ സമന്വയിപ്പിക്കുന്നതും ആകർഷകമാണ്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ ഫോർച്യൂണറിന്റെ നീളമേറിയ പ്രൊഫൈൽ, സ്‌കൂപ്പിംഗ് റൂഫ്‌ലൈൻ എന്നിവ ഒരു എയറോഡൈനാമിക് രൂപം സൃഷ്ടിക്കുന്നു. ഇന്റർഗ്രേറ്റഡ് റൂഫ് റെയിലുകൾ എസ്‌യുവിയുടെ പ്രവർത്തനക്ഷമത ഉയർത്തുന്നുമുണ്ട്.
സ്റ്റൈലിഷായ 6 സ്‌പോക്ക് അലോയ് വീലും ബോഡിയിലേക്കും ഹാച്ച്‌ഡോറിലേക്കും നീളുന്ന എല്‍ഇഡി ടെയിൽലാമ്പും ഫോർച്യൂണറിന്റെ ഹൈലൈറ്റുകളാണ്. പിൻ സ്‌പോയിലറിന് ക്രോം ആക്‌സന്റുകൾ സമ്മാനിച്ചിരിക്കുന്നത് പ്രീമിയം ഫീൽ ഉയർത്തുന്ന കാര്യമാണ്. ഫുൾ-സൈസ് എസ്‌യുവിയായതിനാൽ തന്നെ മുടക്കുന്ന കാശിനുള്ള ഫീച്ചർ സംവിധാനങ്ങളെല്ലാം ടൊയോട്ട ഫോർച്യൂണറിൽ ഒരുക്കിയിട്ടുണ്ട്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, പ്രീമിയം അപ്‌ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിങ്ങ്, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഫോർച്യൂണറിന്റെ സവിശേഷതകളാണ്.
ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 2.7 ലീറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 2.8 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിവയിലാണ് ടൊയോട്ട ഫോർച്യൂണർ വരുന്നത്. എസ്‌യുവിയുടെ പെട്രോൾ എഞ്ചിന് 163.6 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് ഡീസലിന് 201.15 bhp പവറിൽ 420 Nm torque നൽകാനാവും.
5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളും ലഭ്യമാണ്. ഇന്ത്യയിൽ ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്ക് പോലുള്ള പ്രീമിയം വാഹനങ്ങളുമായാണ് ജാപ്പനീസ് എസ്‌യുവിയുടെ മത്സരം.


Click it and Unblock the Notifications








