കോടികൾ വിലവരുന്ന യൂസ്‌ഡ് കാർ വാങ്ങി സൗബിന്‍ ഷാഹിര്‍, വിറ്റത് ഇന്ത്യയുടെ സ്‌പൈസ് കിംഗ്
മോളിവുഡിലെ അണ്ടർറേറ്റഡ് വണ്ടിഭ്രാന്തൻമാരിൽ ഒരാളാണ് സൗബിന്‍ ഷാഹിര്‍ (Soubin Shahir). ഒരു നടൻ എന്ന നിലയിൽ പല കഥാപാത്രങ്ങളിലൂടെ വിസ്‌മയിപ്പിക്കാൻ ഈ കൊച്ചിക്കാരന് സാധിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് അടിപൊളിയാക്കാൻ കഴിയുമെന്ന് പറവയിലൂടെ താരം തെളിയിക്കുകയും ചെയ്‌തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സംവിധാന സഹായിയായും അഭിനേതാവായും മാറുകയായിരുന്നു. ആദ്യ പടം ചെയ്‌ത ദീർഘകാലം ആയെങ്കിലും ആരാധകരെല്ലാം സൗബിക്കയുടെ രണ്ടാമത്തെ സംവിധാന ചിത്രത്തിനായി കാത്തിരിക്കുകയാണ്. അടുത്ത സിനിമയും ദുൽഖർ സൽമാനെ നായകനാക്കിയാണ് പ്ലാൻ ചെയ്‌തിരിക്കുന്നത്.
സിനിമ കഴിഞ്ഞാൽ വാഹനങ്ങളോട് ഏറെ പ്രിയമുള്ള നടന്റെ വീട്ടുമുറ്റം ഇതിനോടകം തന്നെ അത്യാഡംബര കാറുകളാൽ സമ്പന്നമാണ്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നെത്തിയിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാര്‍ ശേഖരത്തിനുടമകളായ ബിസിനസുകാരില്‍ ഒരാളായ സിന്തൈറ്റ് ഗ്രൂപ്പ് ചെയര്‍മാൻ ഡോ. വിജു ജേക്കബിന്റെ പക്കലുള്ള യുണീക് കാറുകളിൽ ഒന്നാണ് സൗബിൻ വാങ്ങിയിരിക്കുന്നത്.

വിജു ജേക്കബ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വാങ്ങിച്ച ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍ പെർഫോമൻസ് കാറാണ് സൗബിന്‍ ഷാഹിര്‍ സെക്കൻഡ് ഹാൻഡായി അദ്ദേഹത്തിൽ നിന്നും വാങ്ങിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിൽ വൈറലായി മാറിയിട്ടുണ്ട്. ഒരുപാട് പ്രത്യേകതകളോടെയാണ് മാന്‍ ഗ്രീന്‍ മെറ്റാലിക് കളര്‍ ഓപ്ഷനിലുള്ള ബിഎംഡബ്ല്യുവിന്റെ സെഡാൻ ഇന്ത്യയിലെത്തിയിട്ടുള്ളത്.
CBU യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍ M xDrive മോഡലിന് 1.53 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ ഒരു വർഷത്തിന് മുമ്പേ മുടക്കേണ്ടി വന്നിരുന്ന എക്‌സ്‌ഷോറൂം വില. പവര്‍, പെര്‍ഫോമന്‍സ്, ലക്ഷ്വറി എന്നിവയുടെ സമന്വയമാണ് ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍. വലിയ കിഡ്‌നി ഗ്രില്‍, സ്‌കള്‍പ്റ്റഡ് ബോണ്‍നെറ്റ്, ക്വാഡ് എക്‌സോസ്റ്റ്, എയ്‌റോഡൈനാമിക് സൈഡ് സ്‌കര്‍ട്ട്, കാര്‍ബണ്‍-ഫൈബര്‍ റൂഫ് എന്നിവ കാറിന് ബോള്‍ഡ് മസ്‌കുലാര്‍ ലുക്ക് സമ്മാനിക്കുന്നതാണ്.

10 മെറ്റാലിക് കളര്‍ ഓപ്ഷനില്‍ ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍ M xDrive മോഡൽ സ്വന്തമാക്കാനുമാവുമായിരുന്നു. കാറിന്റെ അകത്തളം പെര്‍ഫോമന്‍സ് ഓറിയന്റഡ് ഡിസൈനിന്റെ കൂടെ ആഡംബരവും സമം ചേര്‍ക്കുന്നതാണ് കേട്ടോ. M സ്‌പോര്‍ട് സീറ്റുകള്‍, വെര്‍ണാസ്‌ക ലെതര്‍ അപ്പ്ഹോള്‍സ്റ്ററി, കാര്‍ബണ്‍-ഫൈബര്‍ ഫിനിഷുകള്‍, അംബിയന്റ് ലൈറ്റിംഗ്, ബിഎംഡബ്ല്യു കര്‍വ്ഡ് ഡിസ്‌പ്ലേ, കണക്റ്റഡ് കാര്‍ ടെക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളും ഇതിലുണ്ട്.
കൂടാതെ പാര്‍ക്കിംഗ് അസിസ്റ്റന്റ്, റിവേഴ്‌സ് ക്യാമറ, ലെയിന്‍ ഡിപ്പാര്‍ച്ചര്‍, കൊളിഷന്‍ വാര്‍ണിംഗ് ഉള്ള ഡ്രൈവിംഗ് അസിസ്റ്റന്റ് പാക്കേജ്, ഓപ്ഷനല്‍ ലേസര്‍ ലൈറ്റുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, M സ്‌പെസിഫിക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള ഫീച്ചറുകളും കൂടിയാവുമ്പോൾ വാഹനത്തിലെ യാത്രകൾ കിടിലമാവുന്നുമുണ്ട്. 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു M4 കോംപറ്റീഷന്റെ ഹൃദയം.

8-സ്പീഡ് M സ്‌റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സുമായും M xDrive ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കുന്ന എഞ്ചിന് 530 bhp കരുത്തിൽ പരമാവധി 650 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.5 സെക്കന്‍ഡില്‍ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍ M xDrive പെർഫോമൻസ് കാറിനാവുമെന്നാണ് ജർമൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.
റോഡ്, ട്രാക്ക് ഉപയോഗത്തിന് അനുയോജ്യമായി ഡ്രൈവര്‍ക്ക് 2WD, 4WD, 4WD സ്‌പോര്‍ട് മോഡുകള്‍ തെരഞ്ഞെടുക്കാം എന്നതും ശ്രദ്ധേയമാണ്. യൂസ്‌ഡ് കാറായതിനാൽ സൗബിന്‍ ഷാഹിര്‍ എത്ര രൂപയ്ക്കാവും ഈ പെർഫോമൻസ് അധിഷ്ഠിത സെഡാൻ വാങ്ങിയിരിക്കുന്നതെന്ന് അറിവായിട്ടില്ല. എന്തായാലും ഒരു വർഷം മുമ്പ് വിജു ജേക്കബ് വാങ്ങിയ കാർ ഇപ്പോഴും മിൻഡ് കണ്ടീഷനിൽ തന്നെയാവുമെന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications