Tovino Thomas Caravan മോഹൻലാലിന് പിന്നാലെ ടൊവിനോയ്ക്കും പുതിയ കാരവാൻ
മലയാള സിനിമയുടെ സൂപ്പർസ്റ്റാർ പദവിയിലേക്ക് അതിവേഗം കുതിച്ചെത്തിയ നടനാണ് ടൊവിനോ തോമസ് (Tovino Thomas). സിനിമ പോലെതന്നെ താരത്തിന് ഏറെ കമ്പമുള്ള ഒന്നാണ് വാഹനങ്ങൾ. മിന്നല്‍ മുരളി ഉൾപ്പടെ വ്യത്യസ്തമായ വേഷങ്ങളില്‍ തിളങ്ങിയ ടൊവി ഇന്ത്യയിലെ ആദ്യത്തെ റേഞ്ച് റോവർ സ്‌പോർട്ട് (Range Rover Sport) എസ്‌യുവി വരെ സ്വന്തമാക്കി വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
അത്യാവിശ്യം വണ്ടിഭ്രാന്തുള്ള ടൊവിനോ ഇപ്പോഴിതാ പുതിയ കാരവാൻ (Caravan) സ്വന്തമാക്കിയിരിക്കുകയാണ്. പോയ വർഷം മോഹൻലാലിന് (Mohanlal) കിടിലൻ കാരവാൻ പണിതുകൊടുത്ത കോതമംഗലത്തെ ഓജസ് മോട്ടോർസാണ് (Ojes Automobiles) ടൊവിക്കും കാരവാൻ നിർമിച്ചു നൽകിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് നിറത്തിൽ ടൊവിനോയ്ക്ക് പുതിയ കാരവാന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗാണ്. കേരളത്തിൽ ഇത്തരം വാഹനങ്ങൾ വികസിപ്പിക്കുന്നതിൽ പ്രമുഖരാണ് ഓജസ്.

ഇവരെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലാത്തവർ പോലും മോഹൻലാൽ കാരവാൻ വാങ്ങിയപ്പോൾ ഓജസ് മോട്ടോർസിന്റെ പേര് കേട്ടിട്ടുണ്ടാവും. നിരവധി സിനിമാ താരങ്ങൾക്കായി വാഹനങ്ങൾ ഒരുക്കിയതിൽ പ്രശസ്‌തരാണിവർ. കാരവാന്റെ ഡിസൈനർ ബിജു മാര്‍ക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യങ്ങളിൽ ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. ഡയംലറിന്റെ (Daimler) 1017 ബിഎസ്-VI ഷാസിയിലാണ് താരത്തിന്റെ വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ഓജസിന്റെ സ്റ്റേറ്റ്സമാൻ മോഡലിലാണ് ഇത് നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സ്റ്റേറ്റ്സമാനിൽ ടൊവിനോയുടെ താൽപര്യ പ്രകാരം മാറ്റങ്ങൾ വരുത്തി പരിഷ്ക്കരിച്ച കാരവാന് നിരവധി പ്രത്യേകതകളുള്ളതാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. വൻ ആഡംബര ഗെറ്റപ്പിലാണ് കാരവാൻ പൂർത്തിയാക്കിയിരിക്കുന്നത്. ടോയിലറ്റ്, ബെഡ്റൂ, മേക്കപ്പ് റൂം, റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റൻ സീറ്റുകൾ, രണ്ട് റിക്ലൈനർ സീറ്റുകൾ, റോൾസ് റോയ്സ് കാറുകളുടെ റൂഫിൽ കാണുന്നതുപോലൂള്ള സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിംഗ് എന്നിവയാണ് ഈ ചലിക്കുന്ന കൊട്ടാരത്തിൽ താരത്തിനായി ഒരുക്കിയിട്ടുള്ളത്.

തീർന്നില്ല, ഇതിനു പുറമെ ഒഴിവു സമയങ്ങളിലെ വിനേദത്തിനായി 55 ഇഞ്ച് ടിവിയും 2000 വാട്സ് സോണി ഹോം തീയേറ്റർ മ്യൂസിക് സിസ്റ്റവും ഓജസ് മോട്ടോർസ് കാരവാനിൽ ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിംഗ്, ഇലക്ട്രിക് കർട്ടനുകളും വാഹനത്തിന്റെ പ്രത്യേകതകളാണ്. പൂർണമായും കറുപ്പിലാണ് കാരവാൻ പണികഴിപ്പിച്ചിരിക്കുന്നത്. KL 45 W 7007 എന്ന നമ്പരിലാണ് സിനിമാ താരം ടൊവിനോ തോമസിന്റെ വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്നതും.
3907 സിസി, ഫോർ സിലിണ്ടര്‍ 4d34i CRDi ഡീസല്‍ എഞ്ചിനാണ് താരത്തിന്റെ പുതുപുത്തൻ കാരവാന് തുടിപ്പേകുന്നത്. ഇത് 170 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് വാഹനം നിരത്തിലിറങ്ങിയിരിക്കുന്നത്. പതിവ് യാത്രകൾക്ക് ടൊവിനോ പുതിയ റേഞ്ചർ റോവർ സ്പോർട്ടാണ് ഉപയോഗിക്കുന്നതെങ്കിലും ലൊക്കേഷനിലെ ആവശ്യങ്ങൾക്കും മറ്റുമായാവും താരം പുതിയ കാരവാൻ ഉപയോഗിക്കുക.

പുതുതായി വാങ്ങിയ റേഞ്ചർ റോവർ സ്പോർട്ടിന് പുറമെ ഹോണ്ട സിറ്റി, ഔഡി Q7, ബിഎംഡബ്ല്യു 7-സീരീസ്, മിനി കൂപ്പർ സൈഡ്‌വാക്ക് എഡിഷൻ, ബിഎംഡബ്ല്യു G 310 GS തുടങ്ങിയ ആഡംബര വാഹനങ്ങളും ടൊവിനോ തോമസിന്റെ ഗരാജിലുണ്ട്. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവർ സ്പോർട് ഡൈനാമിക് HSE പതിപ്പ് കഴിഞ്ഞ വർഷം ഡിസംബറിലാണ് താരം വാങ്ങുന്നത്. ഏകദേശം 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
മോഡൽ ഓൺ-റോഡ് എത്തുമ്പോഴേക്കും ഏതാണ് മൂന്നു കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൾ. 350 bhp പവറിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ 6 സിലിണ്ടർ എഞ്ചിനാണ് റേഞ്ച് റോവർ സ്പോർട് ഡൈനാമിക്കിന്റെ ഹൃദയം. 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്. 5.9 സെക്കന്‍ഡിൽ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുന്ന ഇതിന്റെ പരമാവധി വേഗത 234 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








