ബെൻസിൽ നിന്നും മാരുതിയിലേക്ക്, ജിംനി എസ്‌യുവി വാങ്ങി മലയാളികളുടെ പ്രിയപ്പെട്ട അപ്പു
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ നിരയിലെ ഓഫ്-റോഡർ എസ്‌യുവിയാണ് ജിംനി. സാക്ഷാൽ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടാൻ പുറപ്പെട്ടിറങ്ങിയ വാഹനം വമ്പൻ വിജയം കൊയ്യുമെന്നായിരുന്നു അവതരണത്തിന് മുമ്പേ പലരും കരുതിയിരുന്നത്. എന്നാൽ കമ്പനിയുടെ പ്രതീക്ഷകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ജിംനി വിപണിയിൽ തകർന്നുവീഴുന്ന കാഴ്ച്ചയാണ് കാണാനായത്. വിലയാണോ വലിപ്പമാണോ തിരിച്ചടിയായതെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാൻ ഒരുപക്ഷേ ആർക്കും സാധിച്ചേക്കില്ല. പക്ഷേ വണ്ടിയെക്കുറിച്ച് അറിയാവുന്നവരെല്ലാം ഈ മിടുക്കന് പിന്നാലെ കൂടുന്ന കാഴ്ച്ചയാണ് കാണാനായത്.
പ്രത്യേകിച്ച് സെലിബ്രിറ്റികൾക്കിടയിൽ ഒരു സ്റ്റാറ്റസ് നേടിയെടുക്കാൻ മാരുതി സുസുക്കി ജിംനിക്ക് സാധിച്ചു. തുടക്കം മുതലേ സിനിമ താരങ്ങളെല്ലാം ഓഫ്-റോഡർ എസ്‌യുവി സ്വന്തമാക്കുവാനായി മുമ്പോട്ട് വരുന്നുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയിലെ പല മുൻനിര താരങ്ങളും വാഹനം സ്വന്തമാക്കുകയുണ്ടായി. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട നടിയായ അപർണ ബാലമുരളിയും മാരുതിയുടെ ഓഫ്-റോഡറിനെ കൂടെക്കൂട്ടിയിരിക്കുകയാണ്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴിലും തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. 2020-ൽ പുറത്തിറങ്ങിയ സൂര്യ ചിത്രം സൂരറൈ പോട്രിലെ അഭിനയത്തിന് അപർണയ്ക്ക് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും ദേശീയ പുരസ്ക്കാരവും ലഭിച്ചിരുന്നു. സിനിമയിൽ എത്തിയിട്ട് പത്ത് കൊല്ലം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ മാരുതി സുസുക്കി ജിംനിയും താരം സ്വന്തമാക്കിയിരിക്കുന്നത്.
നടി പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജിംനിയുടെ ഗ്രേ കളർ ഓപ്ഷനാണ് മലയാളികൾ സ്നേഹത്തോടെ അപ്പു എന്നുവിളിക്കുന്ന അപർണ തെരഞ്ഞെടുത്തിരിക്കുന്നത്. മെർസിഡീസ് ബെൻസിന്റെ GLA 35 AMG എസ്‌യുവിയിലായിരുന്നു അപർണയുടെ ഇതുവരെയുള്ള യാത്രകൾ. ഇനിയങ്ങോട്ട് മിക്കവാറും ഓഫ്-റോഡ് കരുത്തനിലായ ജിംനിയിലാവും അപ്പുവിന്റെ കൂടുതൽ യാത്രകൾ എന്ന് വിശ്വസിക്കാം.

നിലവിൽ മാരുതി സുസുക്കി ജിംനിക്ക് 12.32 ലക്ഷം മുതൽ 14.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ചില മാസങ്ങളിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും വാഹനത്തിൽ കമ്പനി ഒരുക്കാറുണ്ട്. പക്ഷേ ഇന്ത്യക്കുവേണ്ടിയുള്ള നിർമാണം കുറവായതിനാൽ വാഹനത്തിന് ഇപ്പോൾ വലിയ ഡിമാന്റാണുള്ളത്. എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലൻ 1.5 ലിറ്റർ എഞ്ചിനാണ് ജിംനിക്ക് തുടിപ്പേകുന്നത്.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ 1500 സിസി എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെ നിർമിക്കാനും ശേഷിയുള്ളതാണ്. ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന മാരുതിയുടെ ഓഫ്-റോഡറിന് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കുന്നുണ്ട്. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും.

വലിപ്പത്തിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ കാടും മലയും കയറാൻ മാത്രമല്ല, സിറ്റി ഡ്രൈവിംഗിനും തികച്ചും അനുയോജ്യമായ രീതിയിലാണ് ജിംനി പണികഴിപ്പിച്ചിരിക്കുന്നത്. ടേണിംഗ് റേഡിയസ് കുറവണെങ്കിലും ഓടിച്ച് ശീലിച്ച് കഴിഞ്ഞാൽ അക്കാര്യം ഒരു പ്രശ്‌നമേയാവില്ല. ജിംനിക്ക് മൊത്തത്തിൽ 3,985 മില്ലീമീറ്റർ നീളവും 1,645 മില്ലീമീറ്റർ വീതിയും 1,720 മില്ലീമീറ്റർ ഉയരവും 2,590 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.
ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ജിംനി വിപണിയിൽ എത്തിയിരിക്കുന്നത്. സെലിബ്രിറ്റികളുടെ പ്രിയ വാഹനമായി മാറിയതിന്റെ ഗമ എന്തായാലും ജിംനിക്ക് ഇപ്പോഴുണ്ടെന്ന് പറയാതെ വയ്യ.


Click it and Unblock the Notifications








