കുട്ടിക്കാലത്തെ ആഗ്രഹം ജന്മദിനത്തിൽ സഫലമാക്കി പ്രിയ നായിക, ഭ്രമരത്തിലെ അമ്പിളിക്ക് ഇനി സ്പീഡ് 400 സ്വന്തം
ഭ്രമരത്തിലെ മോഹൻലാലിൻ്റെ ചെറുപ്പകാലത്തെ കളിക്കൂട്ടുകാരി അമ്പിളിയായി വിസ്മയിപ്പിച്ച ബാലതാരമായിരുന്നു ജയശ്രീ ശിവദാസ്. പിന്നീട് ബാലതാരത്തിൽനിന്ന് നായികാനിരയിലേക്കെത്തിയ താരം ഇന്ന് മലയാള സിനിമകളിൽ നിറഞ്ഞാടുകയാണ്. ജയശ്രീയുടെ അതേ മുഖച്ഛായയുള്ള നടിയാണ് മാളവിക നായർ. അതിനാൽ പലർക്കും ഇവരെ ഇടയ്ക്ക് മാറിപ്പോവാറുണ്ട്. എങ്കിലും ലാലേട്ടാൻ്റെ ഭ്രമരം സിനിമയിലെ അണ്ണാറക്കണ്ണാ വാ പൂവാലാ എന്ന പാട്ടുമാത്രം മതി ജയശ്രീയെ ഓർത്തെടുക്കാൻ. ഒരിടത്തൊരു പുഴയുണ്ട്, ഇടുക്കി ഗോൾഡ്, മിന്നാമിന്നിക്കൂട്ടം, ഡോക്ടർ ലവ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കാനും താരത്തിനായിട്ടുണ്ട്. നിലവിൽ അഭിനയത്തിനൊപ്പം ക്യാമറയ്ക്ക് പിന്നിലും സജീവമായി നിൽക്കുകയാണ് ജയശ്രീ.
മഹാവീര്യർ, മധുരം ജീവാമൃതബിന്ദു എന്നീ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി ജയശ്രീ എത്തിയിട്ടുണ്ട്. ഒപ്പം ഋത്വ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്‌ത് ശ്രദ്ധനേടുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ കുട്ടിക്കാലെ വലിയൊരു ആഗ്രഹം ജന്മദിനത്തിൽ സഫലമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക. മറ്റൊന്നുമല്ല, പുത്തനൊരു ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ജയശ്രീ.

ചിത്രങ്ങളിൽ കാണുന്നത് പോലെ തന്നെ ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫിൻ്റെ സ്പീഡ് 400 റോഡ്സ്റ്റർ മോട്ടോർസൈക്കിളാണ് ജയശ്രീ തൻ്റെ ഗരാജിലെത്തിച്ചത്. കുട്ടിക്കാലം മുതലേ തുടങ്ങിയ ഒരിഷ്ടമാണിതെന്നും അച്ഛനിലൂടെ കിട്ടിയ ഒരു ക്രേസാണ് ബൈക്കുകളോടുള്ളതെന്നും താരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പറഞ്ഞു. പുതിയ ടൂവീലറിൻ്റെ ഡെലിവറി സ്വീകരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
സുഹൃത്തുകൾക്കും കുടുംബത്തിനും ഒപ്പമെത്തിയാണ് ജയശ്രീ ശിവദാസ് പുതിയ കൂട്ടുകാരനെ വരവേറ്റിരിക്കുന്നതും. ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്റർ മോട്ടോർസൈക്കിളിൻ്റെ റേസിംഗ് യെല്ലോ / പേൾ മെറ്റാലിക് വൈറ്റ് കളർ ഓപ്ഷനാണ് ജയശ്രീ തെരഞ്ഞെടുത്തിരിക്കുന്നത്. 2,33,754 രൂപയാണ് മോഡലിന് വരുന്ന എക്സ്ഷോറൂം വില. 398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് സ്പീഡിന് തുടിപ്പേകാൻ എത്തുന്നത്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 39.5 bhp പവറും 6,500 ആർപിഎമ്മിൽ പരമാവധി 37.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിയും. മിനിമലിസ്റ്റിക്കും സിമ്പിളുമായ ഡിസൈനാണ് ഈ റോഡ്സ്റ്റർ ബൈക്കിൻ്റെ പ്രധാന ആകർഷണം. സ്പീഡ് ട്വിന്‍ 900, സ്പീഡ് ട്വിന്‍ 1200 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ട്രയംഫ് സ്പീഡ് 400 നിര്‍മിച്ചതെന്നും ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.
വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും വളഞ്ഞ ടെയിൽ വിഭാഗവുമുള്ള മോഡേൺ ക്ലാസിക് റോഡ്‌സ്റ്ററാണിതെന്ന് സ്പീഡിനെ വിശേഷിപ്പിക്കാം. ബാർ-എൻഡ് മിററുകളും ഗോൾഡൻ USD ഫോർക്കുകളും പോലെയുള്ള സൂക്ഷ്മമായ ഘടകങ്ങൾ അതിന്റെ ആകർഷണം കൂട്ടുന്നുമുണ്ട്. ഫിന്‍ ചെയ്ത സിലിണ്ടര്‍ ഹെഡ്സ്, പരമ്പരാഗത എക്സ്ഹോസ്റ്റ് ഹെഡര്‍, ലോഗോ തുടങ്ങി എല്ലാ ഡിസൈന്‍ ഘടകങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഇതൊരു പക്കാ ട്രയംഫ് മോട്ടോര്‍സൈക്കിളായി മാറ്റാൻ സഹായിച്ചിട്ടുണ്ട്.

എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയെല്ലാം ലഭ്യമാവും. 17 ഇഞ്ച് അലോയ് വീലുകളിൽ സഞ്ചരിക്കുന്ന ട്യൂബുലാർ ഫ്രെയിമിൽ ഒരുക്കിയെടുത്തിരിക്കുന്ന മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുന്നിൽ USD ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് ചുമതലകൾക്കായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. ഈ യാത്ര അത്ര എളുപ്പം ഒന്നുമായിരുന്നില്ല. എല്ലാവരെയും പോലെ കുറെ വിഷമങ്ങളും കഷ്ടപ്പാടുകളും കരച്ചിലും ഒക്കെ ഇതിനു പിന്നിലുണ്ടെന്നും ജയശ്രീ വീഡിയോയിൽ ഓർമിപ്പിക്കുന്നുണ്ട്. സ്വന്തമായിട്ട് ഒരു ബൈക്ക് മേടിക്കണം എന്നത് പല പെൺകുട്ടികളുടേയും മനസിലുള്ള വലിയൊരു ആഗ്രഹമായിരിക്കും. ജയശ്രീ ശിവദാസിൻ്റെ പുതിയ ബൈക്ക് മറ്റുള്ളവർക്കും അവരുടെ സ്വപ്നങ്ങൾ സാഫല്യമാക്കാൻ പ്രചോദനമാവട്ടെയെന്ന് ആശംസിക്കാം.


Click it and Unblock the Notifications








