ദിലീപിന്റെ ഭാഗ്യനായിക, 41 ലക്ഷത്തിന്റെ പുതിയ കാറും സ്വന്തമാക്കി മലയാളത്തിന്റെ മയൂഖം
മലയാളത്തിന്റെ ലെജൻഡ് ഡയറക്‌ടർമാരിൽ ഒരാളായ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മംമ്‌ത മോഹൻദാസ്. മോളിവുഡിലെ മുൻനിര താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാനായിട്ടുള്ള താരം ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് കൂടി അർഹയാണ്. കോമഡിയായാലും സീരിയസ് കഥാപാത്രങ്ങളായാലും ഇത്രയേറെ അനായാസം കൈകാര്യം ചെയ്യാനാവുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് മംമ്ത. മോഹന്‍ലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, പൃഥ്വിരാജ്, ദിലീപ്, ആസിഫ് അലി തുടങ്ങിയ മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും തുടക്കത്തിൽ തന്നെ മലയാള സിനിമയുടെ മയൂഖത്തിനായിരുന്നു.
അഭിനയം മാത്രമല്ല പാട്ടിലും തന്റെ മിടുക്ക് താരം തെളിയിച്ചിരുന്നു. എന്നാൽ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് ക്യാൻസർ ബാധിതയാവുന്നത്. വെല്ലിവിളികളെ സധൈര്യം നേരിട്ട താരം അർബുദത്തെ കീഴ്പ്പെടുത്തി ജീവിതത്തിലേയ്ക്ക് ശക്തമായി തിരിച്ചുവരികയും ചെയ്‌തിരുന്നു. സിനിമ കഴിഞ്ഞാൽ യാത്രകളോട് ഏറെ പ്രിയമുള്ള മംമ്‌ത തികഞ്ഞൊരു വാഹനപ്രേമി കൂടിയാണ് കേട്ടോ.

വണ്ടികമ്പത്തിൽ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ശേഖരമാണ് മംമ്‌തക്ക് ഇതിനോടകമുള്ളത്. ഇപ്പോഴിതാ വീട്ടിലേക്ക് പുത്തനൊരു കാർ കൂടി വാങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. പോർഷ, ബിഎംഡബ്ല്യു തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന പോർച്ചിലേക്ക് ഇത്തവണ എത്തിയിരിക്കുന്നത് ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവിയാണ്. കുടുംബത്തിലേക്ക് പുത്തൻ അതിഥിയെ വരവേൽക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.

ജാപ്പനീസ് വാഹന നിർമാതാക്കളുടെ കേരളത്തിലെ മുൻനിര വിതരണക്കാരായ കൈരളി ടൊയോട്ടയിൽ നിന്നുമാണ് മംമ്‌ത ഹൈക്രോസ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോ ഡീലർഷിപ്പ് തന്നെയാണ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ കാറിന്റെ താക്കോൽ സ്വീകരിച്ചിരിക്കുന്നത് നടിയുടെ അമ്മയാണ്. മിക്കവാറും അമ്മയ്ക്കുള്ള സമ്മാനമോ അല്ലെങ്കിൽ വീട്ടിലെ ആവശ്യങ്ങൾക്കായി വാങ്ങിയ ഫാമിലി കാറോ ആവും ഇത്.
ഇന്നോവയുടെ ഡെലിവറിക്കായി തന്റെ ബിഎംഡബ്ല്യു Z4 M40i സ്പോർട്‌സ് കാറിലാണ് താരം എത്തുന്നതും മടങ്ങുന്നതും. ടൊയോട്ട ഇന്നോവയുടെ മൂന്നാംതലമുറ ആവർത്തനമായ ഹൈക്രോസ് സിനിമ താരങ്ങൾക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മോഡൽ കൂടിയാണ്. അടുത്തിടെ നടൻ വിജയരാഘവനും വാഹനം സ്വന്തമാക്കിയിരുന്നു. മംമ്‌തയുടെ വീട്ടിലേക്ക് എത്തിയിരിക്കുന്നത് എംപിവിയുടെ ടോപ്പ് എൻഡ് ഹൈബ്രിഡ് വേരിയന്റാണെന്നാണ് അനുമാനം.

ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് വിപണനത്തിന് എത്തുന്നത്. ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളിലും എംപിവി വാങ്ങാനാവും.
ഇതിൽ സ്പാർക്ക്ലിംഗ് ബ്ലാക്ക് നിറമാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുള്ള ഈ വലിയ വാഹനം ഇലക്ട്രിക് മോട്ടോറുമായി വരുന്നതിനാൽ തന്നെ 184 bhp കരുത്തിൽ പരമാവധി 188 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 23.24 കിലോമീറ്റർ മൈലേജും ലഭിക്കും.
ഇതുകൂടാതെ 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലും ഇന്നോവയുടെ ഹൈക്രോസ് ലഭ്യമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന മോഡലിന് 173 bhp പവറിൽ പരമവധി 209 Nm torque ഉത്പാദിപ്പിക്കാനാവുമെന്നാണ് ടൊയോട്ട പറയുന്നത്. 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും മംമ്തയുടെ കാറിലുണ്ട്.
പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ മോഡേൺ ഫീച്ചറുകളും ഹൈക്രോസ് എംപിവിയുടെ പ്രധാന പ്രത്യേകതകളാണ്.
ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും വാഹനത്തിലുണ്ട്. ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 19.94 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി കൊച്ചിയിൽ എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 40.90 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ.


Click it and Unblock the Notifications








