ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരദമ്പതികൾ, നയൻസിന് 4,25 കോടി രൂപയുടെ സർപ്രൈസ് സമ്മാനവുമായി വിക്കി
തെന്നിന്ത്യൻ സിനിമാ ലോകത്തിനും ആരാധകർക്കും പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത പേരാണ് നയൻതാര. അടുത്തിടെ ഷാരൂഖ് ഖാനൊപ്പം ജവാനിൽ നായികയായതോടെ നയൻസിന് പാൻ ഇന്ത്യൻ പരിവേഷവും ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറിന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് വലിയ താത്പര്യമാണുള്ളത്.
അടുത്തിടെയാണ് താരസുന്ദരി നയൻതാര തന്റെ 39-ാം പിറന്നാൾ ആഘോഷിച്ചത്. മക്കളായ ഉയിരിനും ഉലകത്തിനും ഭർത്താവ് വിഘ്നേഷ് ശിവനും ഒപ്പം കേക്ക് മുറിച്ചായിരുന്നു നയൻസിന്റെ പിറന്നാൾ ആഘോഷം. എന്നാൽ ദിവസങ്ങൾക്കിപ്പുറം കോടികൾ വില മതിക്കുന്ന സർപ്രൈസ് സമ്മാനവുമായി വിക്കി എത്തിയിരിക്കുകയാണിപ്പോൾ. 3.40 കോടിയോളം വില വരുന്ന പുത്തനൊരു ആഡംബര കാറാണ് സ്നേഹനിധിയായ പങ്കാളി ലേഡി സൂപ്പർസ്റ്റാറിന് നൽകിയിരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബർ 18 നായിരുന്നു നയൻതാരയുടെ പിറന്നാൾ. അൽപം വൈകിയാണെങ്കിലും ഇത്രയും വിലപിടിപ്പുള്ള സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് നയൻതാര. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് നടി ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം സുന്ദരി... വിക്കി എന്റെ പ്രിയപ്പെട്ട ഭർത്താവ്... ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനം നൽകിയതിന് നന്ദി, ലവ് യൂ എന്ന അടിക്കുറിപ്പോടെയാണ് വിക്കി നൽകിയ പിറന്നാൾ സമ്മാനത്തിന്റെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.
ഇത്രത്തോളം വിലപിടിപ്പുള്ള സമ്മാനം വിഘ്നേഷ് ഭാര്യയ്ക്ക് നൽകുമെന്ന് കരുതിയില്ലെന്നാണ് ആരാധകർ കുറിച്ചത്. ഒരു സിനിമയ്ക്ക് മൂന്ന് കോടി വാങ്ങുന്ന വിക്കിക്ക് ഇതൊക്കെ നിസാരമാണെന്നും ചില ആരാധകർ കമന്റ് ബോസിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതോ നയൻതാരയുടെ വരുമാനത്തിൽ നിന്നും എടുത്തിട്ടാണോ വാങ്ങിയത് എന്നൊക്കെയുള്ള പരിഹാസങ്ങളും പാപ്പരാസികളുടെ വക കമന്റായി വരുന്നുണ്ട്.

എന്തായാലും കാർ ഏതാണെന്ന കാര്യം നയൻസ് പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ ലോഗോ മാത്രമാണ് കാണാനാവുന്നതെങ്കിലും ഇത് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് മെയ്ബാക്ക് സീരീസിലെ കാറാണെന്ന് വ്യക്തമാണ്. ഏകദേശം 3.40 കോടി രൂപയാണ് ഈ മോഡലുകളുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന എക്സ്ഷോറൂം വില ആരംഭിക്കുന്നത്. GLS എസ്‌യുവി, S-ക്ലാസ് സെഡാൻ എന്നീ രണ്ട് മോഡലുകളാണ് മെയ്ബാക്ക് സീരീസിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്നവ.
ലോഗോ വെച്ച് നോക്കുമ്പോൾ നയൻസിന്റെ ഗരാജിലെത്തിയിരിക്കുന്നത് മെർസിഡീസ് S680 മെയ്ബാക്ക് സെഡാനാവാനാണ് സാധ്യത. മറ്റെല്ലാ മെർസിഡീസ് കാറുകളിൽ നിന്നും മെയ്ബാക്ക് വേറിട്ടുനിൽക്കുന്നത് അതിന്റെ അത്യാഡംബരമായ അത്യാധുനിക സവിശേഷതകൾകൊണ്ടാണ്. രൂപത്തിലും ഭാവത്തിലുമെല്ലാം ഇത്രയധികം ലക്ഷ്വറി തരുന്ന അപൂർവം ചില വണ്ടികളിൽ ഒന്നാണിത്.

3.40 കോടി രൂപ എക്സ്ഷോറൂം വില വരുന്നതെങ്കിലും ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 4,25 കോടി രൂപയോളമാണ് നയൻതാരയുടെ മെർസിഡീസ് S680 മെയ്ബാക്കിന് വരുന്ന ചെന്നൈയിലെ ഓൺ-റോഡ് വില. 180 മില്ലീമീറ്റർ നീളമുള്ള വീൽബേസുമായി എത്തുന്ന സ്റ്റാൻഡേർഡ് S-ക്ലാസ് സെഡാന്റെ വിപുലീകൃത പതിപ്പാണ് മെയ്ബാക്ക് S680. ഏകദേശം 5.5 മീറ്റർ നീളമുള്ള മെയ്ബാക്ക് ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാറുകളിൽ ഒന്നുകൂടിയാണ്.
നിലവിൽ ഇന്ത്യയിലെ ഏതൊരു മെർസിഡീസ് ബെൻസ് കാറിലും വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ എഞ്ചിനാണ് നയൻതാരയുടെ ഏറ്റവും പുതിയ മെയ്ബാക്ക് S680 ആഡംബര സെഡാന് തുടിപ്പേകുന്നത്. 6.0 ലിറ്റർ ടർബോചാർജ്ഡ് V12 യൂണിറ്റിന് ഏകദേശം 604 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സ്റ്റാൻഡേർഡായി തന്നെ 9-സ്പീഡ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷനുമായാണ് ഈ ഭീമൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ബെൻസിന്റെ 4മാറ്റിക് പ്ലസ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും 19 ഇഞ്ച് അലോയ് വീലുകളും മെയ്ബാക്കിന്റെ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. വിപണിയിലെ ഏറ്റവും ആഡംബരമുള്ള സെഡാനായതിനാൽ തന്നെ ധാരാളം സമ്പന്ന സവിശേഷതകളും ഈ കാറിനുണ്ട്. "ഡോർമെൻ" എന്നറിയപ്പെടുന്ന ഒരു അതുല്യമായ ഫീച്ചറാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. കൈകൊണ്ട് ആംഗ്യം കാണിച്ചാൽ ഡോർ സ്വയമേ അടയുന്ന സംവിധാനമാണ് ഈ നൂതനമായ ഫീച്ചറിലൂടെ പ്രാപ്‌തമാക്കുന്നത്.
സുരക്ഷയുടെ കാര്യത്തിലും ആള് റിച്ചാണ്. 'ഇവേസീവ് സ്റ്റിയറിംഗ് അസിസ്റ്റും ആക്റ്റീവ് ബ്രേക്ക് അസിസ്റ്റും' ഉള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനവും ഈ കാറിനുണ്ട്. യാത്രക്കാരുടെ സേഫ്റ്റി ഉറപ്പാക്കാൻ പ്രീ-സേഫ്, ബെൽറ്റ് ബാഗുകൾ, പിൻ എയർബാഗുകൾ, സീറ്റ് കുഷ്യൻ എയർബാഗുകൾ എന്നിങ്ങനെ മൊത്തം 13 എയർബാഗുകൾ മെർസിഡീസ് ഈ അത്യാധുനിക കാറിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








