വികാരമല്ല, ഹരമാണ് ബുള്ളറ്റ്! എൻഫീൽഡ് ക്ലാസിക് 350 സ്വന്തമാക്കി അഡാറ് ലൗ നായിക
കുടുകുടു ശബ്‌ദവുമായെത്തി യുവാക്കളുടെ ഹൃദയം കീഴടക്കിയ ബൈക്കാണ് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ. പുരുഷൻമാരുടെ മാത്രമല്ല, സ്ത്രീകളുടെയും ഹൃദയം കീഴടക്കിയ പുലിക്കുട്ടിയാണ് എൻഫീൽഡ് ബൈക്കുകൾ. വികാരമാണെന്നെല്ലാം പറഞ്ഞ് പലരും കളിയാക്കുമെങ്കിലും യുവജനങ്ങളെയും പ്രായമായവരേയുമെല്ലാം ഒരേപോലെ ഹരം പിടിപ്പിച്ച വേറൊരു ബൈക്ക് ഇന്ത്യയിൽ ഇല്ലെന്നു വേണം പറയാൻ.
ഹോണ്ടയും ബജാജും എന്തിന് ഇപ്പോൾ ഹാർലി ഡേവിഡ്‌സണും ട്രയംഫും വരെ നോട്ടമിട്ടിരിക്കുന്നത് റോയൽ എൻഫീൽഡിന്റെ വിപണിയാണ്. പക്ഷേ ആരൊക്കെ തലകുത്തി മറിഞ്ഞാലും തങ്ങളുടെ ഫാൻസിന് റെട്രോ ക്ലാസിക് ബ്രാൻഡ് എന്നാൽ അത് എൻഫീൽഡ് തന്നെയാണ്. കമ്പനിയുടേതായി പല മോഡലുകൾ ഇന്നേവരെ പുറത്തിറങ്ങിയെങ്കിലും ഇന്നും ബുള്ളറ്റ് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ക്ലാസിക് 350 ആണ് ഏവരുടേയും പ്രിയങ്കരൻ.

ദേ ഇപ്പോൾ യുവനടി നൂറിന്‍ ഷെരീഫ് തന്റെ സ്വപ്‌ന ബൈക്കായി സ്വന്തമാക്കിയതും ഈ ബുള്ളറ്റാണ്. പണ്ടേ മോട്ടോർസൈക്കിൾ പ്രേമിയായ താരത്തിന് സ്വന്തമായി യമഹയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായ MT-15 സ്വന്തമായുണ്ട്. ഇതിലും ഡ്യൂക്ക് ബൈക്കിലുമെല്ലാം കറങ്ങുന്ന നൂറിന്റെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റുമാണ്. എന്നുമേറെ ഇഷ്ടമുള്ള ക്ലാസിക്കിന്റെ ഹാൽസിയോൺ ഗ്രേ നിറമാണ് നടി സ്വന്തമാക്കിയിരിക്കുന്നത്.
മോഡലിന്റെ മറ്റ് കളർ ഓപ്ഷനേക്കാൾ ഏറെ വ്യത്യസ്‌തമായതാണ് നൂറിനെ ഇത് ആകർഷിച്ചത്. 1.93 ലക്ഷം മുതൽ 2.24 ലക്ഷം വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. സിനിമയും സോഷ്യൽ മീഡിയയും പോലെ തന്നെയാണ് നൂറിൻ ഷെരീഫിന്റെ വാഹന പ്രേമവും. ഇപ്പോൾ പുതുതായി സ്വന്തമാക്കിയ ക്ലാസിക് 350 മോഡലിന് പുറമെ യമഹ MT-15, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഫോക്‌സ്‌വാഗൺ വെർട്ടിസ് തുടങ്ങിയ വാഹനങ്ങളും നടിയുടെ ഗരാജിലുണ്ട്.

പുതിയ യാത്രകൾക്കായി കൂടെക്കൂട്ടിയിരിക്കുന്ന ബുള്ളറ്റിന്റെ വിശദാംശങ്ങളിലേക്ക് കടന്നാൽ ശരിക്കും ഓൾഡ് സ്‌കൂൾ സ്റ്റൈലിഗാണ് ഈ എൻഫീൽഡ് ബൈക്ക് പിന്തുടർന്നിരിക്കുന്നത്. മുൻവശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ട്വിൻ ബൾബ്-ടൈപ്പ് പൈലറ്റ് ലാമ്പുകൾ, കർവി ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, തെരഞ്ഞെടുത്ത വകഭേദങ്ങളിൽ അലോയ് വീലുകൾ എന്നിവയെല്ലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ ഡിസൈനിനെ പൂരകമാക്കുന്നത്.
യുഎസ്ബി പോർട്ട്, ചെറിയ റീഡൗട്ടുള്ള അനലോഗ് സ്പീഡോമീറ്റർ, ഓപ്ഷണൽ ട്രിപ്പർ നാവിഗേഷൻ സിസ്റ്റം എന്നീ ഫീച്ചറുകളാണ് ബൈക്കിലുള്ളത്. നൂറിൻ വാങ്ങിയ മോഡൽ ഇത് 20 ശതമാനം എഥനോൾ മിശ്രിതമായ E20 ഫ്യുവലിൽ ഓടാനും റെഡിയാണ്. എയർ-ഓയിൽ കൂൾഡ്, 349 സിസി ഡിസ്പ്ലേസ്മെന്റ് ഉള്ള സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ക്ലാസിക്കിന്റെ ഹൃദയം.
ഇത് 6,100 rpm-ൽ 20.2 bhp പവറും 4,000 rpm-ൽ 27 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി റോയൽ എൻഫീൽഡ് ക്ലാസിക് 350 റെട്രോ ബൈക്കിന്റെ മുൻവശത്ത് പരമ്പരാഗത ശൈലിയിലുള്ള ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ഇനി ബ്രേക്കിംഗിലേക്ക് നോക്കിയാൽ എൻഫീൽഡിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനനുസരിച്ച് മുൻവശത്ത് 300 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌ക് അല്ലെങ്കിൽ 153 mm ഡ്രം സജ്ജീകരണമാണ് വാഗ്‌ദാനം ചെയ്യുന്നത്. ക്ലാസിക് 350-യിൽ ഡ്യുവൽ ഡിസ്‌ക് വേരിയന്റിന് മാത്രമാണ് ഡ്യുവൽ-ചാനൽ എബിഎസുള്ളത്. സിംഗിൾ-ഡിസ്‌ക് പതിപ്പിന് സിംഗിൾ-ചാനൽ എബിഎസ് ഓപ്ഷനാണ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








