പുത്തൻ കാറിനായി മുടക്കിയത് 90 ലക്ഷം രൂപ, ബോളിവുഡിന്റെ 'പ്രിയ മലയാളി' ഇനി ബെൻസിൽ
മലയാളത്തിലൂടെ വന്ന് തെന്നിന്ത്യൻ പ്രേക്ഷകർക്കും ബോളിവുഡിനും ഒരുപോലെ സുപരിചിതയും പ്രിയങ്കരിയുമായി മാറിയ താരമാണ് പ്രിയാമണി. കൈ നിറയെ അവസരങ്ങളുമായി കരിയറിലെ മികച്ച സമയത്തിലൂടെയാണ് താരമിപ്പോൾ കടന്നുപൊക്കോണ്ടിരിക്കുന്നത്. ബോളിവുഡിലാണ് കൈനിറയെ അവസരങ്ങളുള്ളതെങ്കിലും മോഹൻലാലിന്റെ നേര് എന്ന സിനിമയിലൂടെ ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്കും പ്രിയാമണി തിരിച്ചെത്തിയിരുന്നു.
അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയമായ വേഷം തെരഞ്ഞെടുക്കുന്നതാണ് നടിയുടെ ഹൈലൈറ്റ്. മലയാളത്തിൽ നിരവധി കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനംകവർന്നതെങ്കിൽ തമിഴിൽ പരുത്തിവീരൻ, കന്നഡയിൽ ചാരുലത, ഹിന്ദിയിൽ ഫാമിലി മാൻ തുടങ്ങിയ ചിത്രങ്ങളും സീരീസുകളുമാണ് പ്രിയാമണിക്ക് തന്റേതായ സ്ഥാനം നേടിക്കൊടുത്തത്. ആർട്ടിക്കിൾ 370 (ഹിന്ദി), ഭാമകലാപം 2 (തെലുങ്ക്) എന്നിവകൂടി ഇറങ്ങുന്നതോടെ താരം കൂടുതൽ ഫെയ്‌മസാവും.

ജവാൻ എന്ന ചിത്രത്തിൽ ഷാറൂഖ് ഖാനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയ വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്നത്. കൈ നിറയെ അവസരങ്ങളുമായി സിനിമാലോകത്ത് തിളങ്ങുന്ന പ്രിയാമണി തന്റെ ജീവിത്തതിലെ ഏറ്റവും മനോഹരമായ സ്വപ്‌നങ്ങളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ വാങ്ങിയതാണ് സംഭവം.
അതും ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ ഏറ്റവും പുതിയ GLC എസ്‌യുവിയാണ് പ്രിയ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. പോളാർ വൈറ്റിൽ ഒരുങ്ങിയിരിക്കുന്ന വാഹനത്തിന് ഇന്ത്യയിൽ 74.20 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. നിലവിൽ മുംബൈയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന താരം അവിടെ തന്നെയാണ് തന്റെ പുത്തൻ വാഹനവും രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്നാണ് വിവരം.

മുംബൈയിലെ മെർസിഡീസ് ബെൻസിന്റെ മുൻനിര വിതരണക്കാരായ മെർസിഡീസ് ബെൻസ് ഓട്ടോഹാങർ ഇന്ത്യ പ്രെവറ്റ് ലിമിറ്റഡ് എന്ന ഡീലറിൽ നിന്നുമാണ് താരം പുത്തൻ വണ്ടി സ്വന്തമാക്കിയിരിക്കുന്നത്. പ്രിയാമണി GLC എസ്‌യുവിയുടെ ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രങ്ങൾ ഡീലർഷിപ്പ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. 74.20 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോൾ, 220d 4MATIC ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.
ഇതിൽ പെട്രോൾ പതിപ്പിന് 87.40 ലക്ഷം രൂപയാണ് മുംബൈയിൽ വരുന്ന ഓൺ-റോഡ് വില. അതേസമയം ഡീസലാണെങ്കിൽ 90.11 ലക്ഷവും ഓൺ-റോഡ് വിലയായി ചെലവഴിക്കേണ്ടി വരും. ഇതിൽ പ്രിയാമണി ഏത് മോഡലാവും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും സെലിബ്രിറ്റികൾക്കിടയിൽ ഡീസൽ കാറുകൾക്കാണ് ഡിമാന്റ് കൂടുതൽ എന്നത് കണക്കിലെടുക്കുമ്പോൾ മിക്കവാറും GLC എസ്‌യുവിയുടെ 90.11 ലക്ഷം വരുന്ന 220d 4MATIC ഡീസൽ തന്നെയാവും നടിയും ഗരാജിലെത്തിച്ചിട്ടുണ്ടാവുക.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മെർസിഡീസ് ബെൻസിന്റെ എസ്‌യുവി കൂടിയാണ് GLC എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിന്റെ ഏറ്റവും പുതിയ തലമുറ ആവർത്തനം കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെത്തിയത്. ഡിസൈനിലേക്ക് നോക്കിയാൽ വലിയ ഗ്രിൽ, റീഡിസൈൻ ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽഗേറ്റിൽ ബ്ലാക്ക്ഡ്-ഔട്ട് ബാറുള്ള മെലിഞ്ഞ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന നിരവധി നവീകരണങ്ങളോടെയാണ് രണ്ടാം തലമുറ GLC എത്തിയിരിക്കുന്നത്.
അകത്തും ആഡംബര സവിശേഷതകളാൽ നിറഞ്ഞ ലക്ഷൂറിയസ് യാത്രയായിരിക്കും പ്രിയാമണിയുടെ ബെൻസ് സമ്മാനിക്കുക. അതിനായി 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, എയർക്രാഫ്റ്റ്-സ്റ്റൈൽ എയർ വെൻ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറകൾ, ഒരു എയർ പ്യൂരിഫയർ, ഒരു പനോരമിക് സൺറൂഫ് എന്നിവയും മറ്റും ഉപയോഗിച്ചാണ് ഇന്റീരിയർ മെർസിഡീസ് ഒരുക്കിയിരിക്കുന്നത്.

ആഡംബര എസ്‌യുവിയിൽ 7 എയർബാഗുകൾ, പ്രീ-സേഫ് ADAS എന്നിവയും അതിലേറെയും പോലുള്ള സേഫ്റ്റി ഫീച്ചറുകളും കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. GLC 300 മോഡലിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 254 bhp കരുത്തിൽ 400 Nm torque വരെ ഉത്പാദിപ്പിക്കും. അതേസമയം GLC 220d പതിപ്പിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിനോടെയാണ് വരുന്നത്. 194 bhp പവറിൽ 440 Nm torque ആണ് നൽകുന്നത്.
രണ്ട് എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. അത് 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ എഞ്ചിനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നുണ്ട്. സംയോജിത സ്റ്റാർട്ടർ ജനറേറ്റർ കൊണ്ടുവരുന്ന ഈ സംവിധാനത്തെ മെർസിഡീസ് ബെൻസ് EQ ബൂസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.


Click it and Unblock the Notifications








