മിനി സ്ക്രീനിലെ ബോക്‌സിംഗ് സുന്ദരി, കോടികൾ വില വരുന്ന ആഡംബര എസ്‌യുവി വാങ്ങി ഗ്ലാമർ നായിക
ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾക്കും പ്രശസ്ത വ്യക്തികൾക്കും ഇടയിൽ വളരെ പ്രചാരമുള്ള ആഡംബര എസ്‌യുവികളിൽ ഒന്നാണ് ലാൻഡ് റോവർ ഡിഫൻഡർ (Land Rover Defender). സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും വലിയ വ്യവസായികളുമെല്ലാം ഈ മോഡൽ വാങ്ങിയ പല വാർത്തകളും ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ വാഹനത്തിന് ഇത്രയും ജനപ്രീതി ലഭിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ വ്യതിരിക്തമായ രൂപകൽപ്പനയും കമാൻഡിംഗ് റോഡ് പ്രസൻസുമാണ്. ഒരു എസ്‌യുവിയുടെ സ്വഭാവത്തിന് തികച്ചും അനുയോജ്യമായ തരത്തിലുള്ള നിലപാടും ബോക്‌സി ഡിസൈനുമെല്ലാം കാണ്ടാൽ ആരായാലും നോക്കി നിന്ന് പോവും.
ഇപ്പോഴിതാ നടിയും അത്‌ലറ്റുമായ ഏവർക്കും സുപരിചിതമായ താരം കോടിക്കണക്കിന് വിലമതിക്കുന്ന പുതിയ ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവി സ്വയം സമ്മാനമായി നൽകിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സമ്മാനങ്ങൾ ഇഷ്‌ടമല്ലാത്ത മനുഷ്യരുണ്ടോ അല്ലേ... സമ്മാനം എവിടുന്ന് കിട്ടായാലും ആര് തന്നാലും അതിന് വല്ലാത്തൊരു ഫീലാണുള്ളത്. പ്രിയപ്പെട്ടവർ പ്രത്യേക അവസരങ്ങളിൽ ചിന്തനീയമായ ഗിഫ്റ്റുകൾ നൽകി നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവാം.

എന്നാൽ ഇടയ്ക്കൊക്കെ നമ്മൾ സ്വയം സമ്മാനങ്ങൾ നൽകുകയും വേണം. പിറന്നാളിനും അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ദിവസങ്ങളിലും ഇത്തരത്തിലൊരു സന്തോഷം ജീവിതത്തിലേക്ക് എത്തുമ്പോൾ നാം അറിയാതെ മോട്ടിവേറ്റ് ചെയ്യപ്പെടും. ഇനി ആരാണെന്ന് കക്ഷിയെന്ന് പറഞ്ഞുതരാം. ഇന്ത്യയിലെ ടെലിവിഷൻ രംഗത്ത് പ്രശസ്‌തയായ പ്രിയങ്ക ഖോൽഗഡെയാണ് ലാൻഡ് റോവർ ഡിഫൻഡർ തൻ്റെ പിറന്നാളിന് സ്വയം സമ്മാനമായി നൽകി ആഘോഷിച്ചിരിക്കുന്നത്.
മലയാളികൾക്ക് ആളെ അത്ര പരിചയമുണ്ടാവില്ലെങ്കിലും മിനി സ്ക്രീനിലെ വില പിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് പ്രിയങ്ക. തെലുങ്ക് സിനിമകളിലും ടെലിവിഷൻ ഷോകളിലും സംഗീത ആൽബങ്ങളിലുമെല്ലാം പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തെ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും. അഭിനയ ജീവിതത്തിന് മുമ്പ് ബോക്‌സിംഗിൽ സ്വർണ്ണ മെഡൽ ജേതാവ് കൂടിയായിരുന്നു പ്രിയങ്ക ഖോൽഗഡെ. അച്ഛനും അമ്മയ്ക്കും ഒപ്പമെത്തിയാണ് തൻ്റെ ജീവിതത്തിലെ പുതിയ കൂട്ടുകാരനെ താരം വീട്ടിലേക്ക് ആനയിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയങ്ക വാഹനം വാങ്ങിയ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ലാൻഡ് റോവർ ഡിഫൻഡർ 110 പതിപ്പിൻ്റെ വൂൾസ്റ്റോൺ ഗ്രീൻ നിറമാണ് നടി തെരഞ്ഞെടുത്തിരിക്കുന്നതും. പണ്ട് കാലംമുതലേ ഓഫ്-റോഡിംഗിന് വേണ്ടി പ്രത്യേകം പണികഴിച്ചിരുന്ന മോഡൽ കൂടുതൽ പ്രീമിയമായി മാറിയിട്ടും പുതിയ ഡിഫൻഡർ അതിന്റെ ഓഫ്-റോഡ് കഴിവുകളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. അക്കൂടെ കൂടുതൽ ആഡംബരമായ അകത്തളം കൂടിയാവുമ്പോൾ വണ്ടി ആരേയും മോഹിപ്പിക്കും.
10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, മെറിഡിയൻ പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമായ ഇൻ്റീരിയറാണ് ലാൻഡ് റോവർ ഡിഫൻഡറിനുള്ളത്.

ഇതുകൂടാതെ ഒരു ബട്ടൺ സ്പർശിക്കുമ്പോൾ ഉയർത്താൻ കഴിയുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ്, മുൻ, പിൻ പാർക്കിംഗ് സെൻസറുകൾ, ആറ് എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, റബ്ബർ ഫ്ലോറിംഗ് എന്നിവ പോലുള്ള ഫീച്ചറുകളും ഈ ലക്ഷ്വറി എസ്‌യുവിയുടെ ഭാഗമാണ് കേട്ടോ. ലാൻഡ് റോവർ ഡിഫൻഡർ 90, 110, 130 ബോഡി സ്റ്റൈലുകളിൽ ലഭ്യമാണ്.
ഇന്ത്യയിൽ 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം 3.0 ലിറ്റർ ഡീസൽ എഞ്ചിനും ഡിഫൻഡറിനുണ്ട്. കഴിഞ്ഞ വർഷം, ലാൻഡ് റോവർ ഡിഫൻഡർ 90, 110 വേരിയന്റുകൾക്ക് 5.0 ലിറ്റർ V8 പെട്രോൾ എഞ്ചിൻ ഓപ്ഷനും അവതരിപ്പിച്ചു. എല്ലാ എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നത്. ഈ അത്യാഡംബര എസ്‌യുവിക്ക് 98 ലക്ഷം രൂപ മുതൽ 2.60 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നതും.


Click it and Unblock the Notifications








