അഭിനയിക്കാത്തത് മലയാളത്തിൽ മാത്രം, കോടികളുടെ സമ്പാദ്യമുള്ള സുന്ദരി വാങ്ങിയത് എംജിയുടെ എസ്‌യുവി
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപാട് ആരാധകരുള്ള നായികനടിയാണ് രാകുല്‍ പ്രീത് സിംഗ്. 2009-ൽ രാഘവ ലോക്കി സംവിധാനം ചെയ്ത 'ഗില്ലി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലും വരെ നിറഞ്ഞാടിയ താരത്തിന്റെ വിവാഹവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിർമാതാവും നടനുമായ ജാക്കി ഭാഗ്നാനിയുമായുള്ള കല്യാണം ഈ വർഷം ഫെബ്രുവരിയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്ക് കേട്ട് വിവാഹം വിദേശത്തുവച്ച് നടത്താതെ ഇന്ത്യയിൽ നടത്തിയ താരസുന്ദരിയുടെ തീരുമാനവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
മോഡലിംഗിൽ തൻ്റെ കരിയർ ആരംഭിച്ച രാകുലിൻ്റെ ആദ്യ ശമ്പളം ഒരു അസൈൻമെൻ്റിന് 5,000 രൂപയായിരുന്നു. പിന്നീട് ഒരു ചിത്രത്തിന് 2 കോടിയിലധികം രൂപയാണ് ഗ്ലാം ഡോൾ ഈടാക്കിയിരുന്നത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 49 കോടി രൂപയോളം താരം സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. അങ്ങനെ പൈസയ്ക്ക് പഞ്ഞമില്ലാത്ത രാകുലിന്റെ പക്കലുള്ളത് ആരും കൊതിക്കുന്ന ആഡംബര കാറുകളാണ്.

മെർസിഡീസ് ബെൻസ് GLE 350d, മെർസിഡീസ് ബെൻസ് മെയ്ബാക്ക് S500,മെർസിഡീസ് മെയ്ബാക്ക് GLS600, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വമ്പൻ ആഡംബര കാറുകളാൽ സമ്പന്നമാണ് താരത്തിന്റെ ഗരാജ്. എന്നാൽ ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയൊരു എസ്‌യുവി കൂടി കടന്നുവന്നതായാണ് വിവരം. എന്നാൽ ലക്ഷ്വറി കാറൊന്നുമല്ല കേട്ടോ. എംജി ഗ്ലോസ്റ്റർ എന്ന പ്രീമിയം എസ്‌യുവിയാണ് രാകുല്‍ പ്രീത് സിംഗ് പുതുതായി കൂടെക്കൂട്ടിയിരിക്കുന്ന മോഡൽ.
ഗ്ലാമർ താരം ജിമ്മിൽ പോയി തിരിച്ചുവന്ന് ഗ്ലോസ്റ്ററിൽ കയറുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ വൈറ്റ് കളർ ഓപ്ഷനാണ് രാകുൽ തെരഞ്ഞെടുത്തിരിക്കുന്നത്. ജിമ്മിലേക്കുള്ള ചെറിയ യാത്രകൾക്കെല്ലാം ഇനി ഈ എസ്‌യുവിയായിരിക്കും നായിക ഉപയോഗിക്കുകയെന്നാണ് വിവരം. ആറ്, ഏഴ് സീറ്റർ ഓപ്ഷനിൽ എംജി ഗ്ലോസ്റ്റർ വാങ്ങാനാവും. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 47.06 ലക്ഷം മുതൽ 53.30 ലക്ഷം രൂപ വരെയാണ് ഗ്ലോസ്റ്ററിന് വരുന്ന ഓൺ-റോഡ് വില.

പ്രീമിയം ഫുൾ-സൈസ് എസ്‌യുവി ആയതിനാൽ തന്നെ ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും ഫീച്ചറുകളും എംജി ഗ്ലോസ്റ്റർ വാഗ്ദാനം ചെയ്യുന്നുമുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ആംബിയൻ്റ് ലൈറ്റിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള പ്രീമിയം ഡാഷ്‌ബോർഡ്, ഡ്യുവൽ പാൻ സൺറൂഫ്, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഡ്രൈവ് മോഡുകൾ, 12-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ് പോലുള്ള സവിശേഷതകളെല്ലാം മോഡലിന്റെ പ്രത്യേകതകളാണ്.
കഴിഞ്ഞില്ല, ഇതിനു പുറമെ ലംബർ അഡ്ജസ്റ്റ്‌മെൻ്റ്, സീറ്റ് മെമ്മറി ഫംഗ്‌ഷൻ, വെന്റിലേറ്റഡ് സിറ്റുകൾ, PM 2.5 എയർ പ്യൂരിഫയർ, ഓട്ടോ-ഡിമ്മിംഗ് IRVM, 360-ഡിഗ്രി ക്യാമറ, 12-സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം, 30+ ഫീച്ചറുകളുള്ള ADAS ടെക്, കണക്റ്റഡ് കാർ ടെക്‌നോളജി എന്നീ ആധുനിക ഫീച്ചറുകളാലും എംജി ഗ്ലോസ്റ്റർ സമ്പന്നമാണ്. ഇന്ത്യയിൽ ലെവൽ 1 ADAS ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യ മാസ് മാർക്കറ്റ് എസ്‌യുവി കൂടിയാണിത്.

സിംഗിൾ ടർബോ അല്ലെങ്കിൽ ഡ്യുവൽ ടർബോ ഉള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. ഇതിൽ ആദ്യത്തേത് 163 bhp പവറിൽ പരമാവധി 375 Nm torque ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 218 bhp കരുത്തിൽ ഏകദേശം 480 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിൽ സ്റ്റാൻഡേർഡായി വരുന്നത്.
ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കുന്ന 2WD അല്ലെങ്കിൽ 4WD കോൺഫിഗറേഷനും എംജി ഗ്ലോസ്റ്ററിലുണ്ട്. വിവിധ തരം പ്രതലങ്ങളിൽ മികച്ച ഓഫ്-റോഡ് ശേഷി കൈവരിക്കുന്നതിനായി ഒന്നിലധികം ടെറൈൻ മോഡുകളും വാഹനത്തിലുണ്ട്. ട്വിൻ-ടർബോ പതിപ്പിൽ മാത്രമാണ് 4X4 ഡ്രൈവ്‌ട്രെയിൻ സംവിധാനം എംജി വാഗ്ദാനം ചെയ്യുന്നത്. അധികം വൈകാതെ തന്നെ ഫുൾ-സൈസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








