തൊട്ട് തൊട്ട് പേസും സുല്‍ത്താന, സ്വപ്‌നസുന്ദരിയുടെ യാത്രകൾക്ക് പുതിയൊരു കൂട്ട്; പൊടിച്ചത് ലക്ഷങ്ങൾ
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമ അടക്കിവാണിരുന്ന താരസുന്ദരിയായിരുന്നു സിമ്രാന്‍. മോഡേൺ വസ്ത്രത്തിലും ട്രഡീഷനൽ സാരിയിലും കോളിവുഡ് ഭരിച്ച സുന്ദരി ഇന്നും തമിഴർക്ക് പ്രിയപ്പെട്ടവളാണ്. അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ ബംബർ ഹിറ്റ് ചിത്രങ്ങളിലും സിമ്രാന് തിളങ്ങാനായിരുന്നു. നിർമാതാവ് ദീപക് ബാഗയുമായുള്ള കല്യാണത്തിന് പിന്നാലെ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് പോയപ്പോൾ ഫാൻസെല്ലാം വലിയ നിരാശയിലായിരുന്നു. എന്നാൽ തിരിച്ചുവരവിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കാൻ നടിക്കാവുന്നതിലും ആരാധകർ ഹാപ്പിയാണ്. അഭിനയത്തിന് പുറമേ നിർമാതാവായും പിന്നണി ഗായികയായും കൊറിയോഗ്രഫറായുമൊക്കെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സിമ്രാൻ.
പുതിയ സിനിമകളെല്ലാം പണംവാരിയപ്പോൾ പ്രിയതാരത്തിന്റെ യാത്രകൾക്ക് കൂട്ടായി പുതിയൊരാള് കൂടി എത്തിയിരിക്കുകയാണിപ്പോൾ. മറ്റാരുമല്ല, എസ്‌യുവി പ്രേമികൾക്കിടയിൽ തരംഗമായി മാറിയ മഹീന്ദ്ര ഥാർ റോക്‌സാണ് സിമ്രാന്റെ പുതിയ കൂട്ട്. പുതിയ വണ്ടി വാങ്ങിയ വിവരം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കുടുംബത്തോടൊപ്പമാണ് 5-ഡോർ ഥാറിന്റെ ഡെലിവറി നടി സ്വീകരിച്ചത്.

ഡീലർഷിപ്പിൽ എത്തി വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതിന് പകരം സിമ്രാന്റെ വീട്ടിലെത്തിയാണ് മഹീന്ദ്ര ഡീലർഷിപ്പ് പുത്തൻ എസ്‌യുവി കൈമാറിയിരിക്കുന്നത്. ഭർത്താവിനും രണ്ട് ആൺമക്കൾക്കും ഒപ്പം സാധാരണ വേഷം ധരിച്ച് ഥാർ റോക്‌സിനെ സ്വീകരിക്കുന്ന താരറാണിയുടെ ചിത്രങ്ങളും ചർച്ചയായിട്ടുണ്ട്. അതിസുന്ദരിയായി ലൈംലൈറ്റിൽ പ്രത്യക്ഷപ്പെടുന്ന സിമ്രാൻ ഇത്രയും സാധാരണമായി വസ്ത്രം ധരിക്കുന്നത് പതിവ് കാഴ്ച്ചയല്ല എന്നതാണ് ഇതിന്റെ പിന്നിലുള്ള കാരണം.
വിളക്ക് കത്തിച്ച് മതപരമായ ആചാരങ്ങൾക്കൊപ്പമാണ് മഹീന്ദ്ര ഥാർ റോക്‌സിനെ വീട്ടിലേക്ക് വരവേറ്റിരിക്കുന്നതും. 5-ഡോർ എസ്‌യുവിയുടെ സവിശേഷമായ ബാറ്റിൽഷിപ്പ് ഗ്രേ കളർ ഓപ്ഷനാണ് സിമ്രാൻ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഏത് വേരിയന്റാണെന്നോ എഞ്ചിൻ ഓപ്ഷൻ ഏതാണന്നോ വ്യക്തമായിട്ടില്ല. നിലവിൽ 12.99 ലക്ഷം മുതൽ 23.39 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന റോക്‌സിന്റെ ടോപ്പ് വേരിയന്റാവാം താരം സ്വന്തമാക്കിയിരിക്കുക.

അങ്ങനെയെങ്കിൽ 30 ലക്ഷം രൂപയ്ക്ക് മുകളിൽ ഓൺ-റോഡ് വില പോയേക്കാമെന്നാണ് വിലയിരുത്തൽ. മെർസിഡീസ് ഇ-ക്ലാസ്, ഔഡി Q7, മെർസിഡീസ് സി-കാബ്രിയോലെറ്റ് തുടങ്ങിയ ഇടിവെട്ട് കാറുകൾ അരങ്ങുവാഴുന്ന സിമ്രാന്റെ ഗരാജിലെ പുത്തൻ അതിഥി അത്ര നിസാരക്കാരൻ ഒന്നുമല്ല. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് മഹീന്ദ്ര ഥാർ റോക്‌സ് വിപണിയിൽ എത്തുന്നത്.
6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ വരുന്ന എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp പവറിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം പെട്രോൾ ഓട്ടോമാറ്റിക് 177 bhp കരുത്തിൽ പരമാവധി 380 Nm torque വരെയും നൽകും. മറുവശത്ത് ഡീസൽ 4x4 മാനുവൽ 150 bhp, 330 Nm torque എന്നിങ്ങനെയാണ് നൽകുന്നത്.
4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഡീസൽ എഞ്ചിനിൽ മാത്രമേ കമ്പനി ഫോർവീൽ ഡ്രൈവ് സംവിധാനം ഒരുക്കിയിട്ടുള്ളൂ കേട്ടോ. ഡിസൈനിലേക്ക് നോക്കിയാൽ 6-പാക്ക് ഗ്രിൽ, ഉയർന്ന വേരിയന്റുകളിൽ 19 ഇഞ്ച് അലോയ് വീലുകൾ, സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, പില്ലർ-മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാമാണ് എസ്‌യുവിയെ കിടിലമാക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി സഹിതമുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ തുടങ്ങിയ ഗംഭീര ഫീച്ചറുകളെല്ലാം എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ESC, ലെവൽ 2 ADAS എന്നിവയുൾപ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകളും വാഹനത്തിന്റെ ഭാഗമാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മഹീന്ദ്രയുടെ ഥാർ റോക്‌സിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ പുത്തൻ കാറിന്റെ വരവ് ആരാധകരും ആഘോഷമാക്കുകയാണ്.


Click it and Unblock the Notifications








