രണ്ടാവിവാഹം കഴിഞ്ഞത് അടുത്തിടെ, ലക്ഷങ്ങൾ പൊടിച്ച് എസ്‌യുവി വാങ്ങി മിനിസ്ക്രീനിലെ കോൺസ്റ്റബിൾ മഞ്ജു
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് സ്വാതി നിത്യാനന്ദ്. മഴവില്‍ മനോരമയിലെ ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി സീരിയലുകൾക്ക് പുറമെ സിനിമയിലും മുഖംകാണിച്ചിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ സ്വാതിയെ കൂടുതൽ ആളുകൾ അറിയുന്നത് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ആയിട്ടാവും അല്ലേ. ജീവിതത്തിലെ സുന്ദര നിമിഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരിലേക്ക് എത്തിക്കാനും താരം ഒട്ടും മടിക്കാറില്ല. നിലവിൽ കോൺസ്റ്റബിൾ മഞ്ചു എന്ന സൂര്യ ടിവിയിലെ സീരിയലിലെ നായികയാണ് കക്ഷി.
ഈ പരമ്പരയിലെ ക്യാമറമാൻ വിഷ്‌ണു സന്തോഷുമായുള്ള സ്വാതി നിത്യാനന്ദിന്റെ വിവാഹവും ഈയടുത്ത് നടന്നിരുന്നു. ഇരുവരുടേയും രണ്ടാം വിവിഹമായിരുന്നതിനാൽ ഇതിനെപ്പറ്റിയുള്ള ചൂടൻ ഗോസിപ്പ് വാർത്തകളും അങ്ങിങ്ങായി പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നും മുഖവുരയ്ക്കെടുക്കാതെ ഇരുവരും സന്തോഷമായി മുമ്പോട്ട് പോവുകയാണ്. ഇതിനു പിന്നാലെ ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റ സന്തോഷത്തിലാണ് സ്വാതി.

മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു വാഹനം വാങ്ങിയിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരം. മറ്റേതുമല്ല മാരുതി സുസുക്കിയുടെ ഹൈബ്രിഡ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയാണ് സ്വാതിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പുത്തൻ വാഹനം വാങ്ങിയ വിവരം ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് താരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം തന്റെ 25-ാം പിറന്നാൾ ആഘോഷിച്ചതും പുത്തൻ വണ്ടിക്കൊപ്പമായിരുന്നു.
എല്ലാ ഫീച്ചറുകളുമുള്ള ഗ്രാൻഡ് വിറ്റാരയുടെ ടോപ്പ് എൻഡ് വേരിയന്റ് തന്നെയാണ് സ്വാതി നിത്യാനന്ദ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. 11.42 ലക്ഷം മുതൽ 20.68 ലക്ഷം രൂപ വരെ വരുന്ന എസ്‌യുവിയുടെ ടോപ്പ് മോഡലിന് ഇൻഷുറൻസും റോഡ് ടാക്‌സും എല്ലാമായി ഏകദേശം 24 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വിലയാവുക. ഹൈബ്രിഡ് ടെക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ആയതിനാൽ സ്വാതിക്ക് ഈസിയായി വണ്ടി കൊണ്ടുനടക്കാനാവും.
ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രകളെല്ലാം ഇനി ഗ്രാൻഡ് വിറ്റാരയിലായിരിക്കും. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിച്ച ഈ തട്ടുപൊളിപ്പൻ മോഡൽ 2022-ലാണ് പുറത്തിറങ്ങുന്നത്. വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഗ്രാൻഡ് വിറ്റാര ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ മൈലേജാണ് മാരുതി പറയുന്നത്.
9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് എൻ്റർടൈൻമെൻ്റ് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് ഡോക്ക്, വെൻ്റിലേറ്റഡ് സീറ്റുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം, സൺറൂഫ്, 8-വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, PM 2.5 ഡിസ്‌പ്ലേയുള്ള ഓട്ടോ പ്യൂരിഫൈ, പുതിയ എൽഇഡി ക്യാബിൻ ലൈറ്റുകൾ, റിയർ ഡോർ സൺഷേഡുകൾ പോലുള്ള അനേകം ഫീച്ചറുകളാൽ സമ്പന്നമാണ് സ്വാതിയുടെ ഗ്രാൻഡ് വിറ്റാര.

സേഫ്റ്റിയും കക്ഷി പുലിയാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസും ഇബിഡിയും ഉള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയെല്ലാം മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഭാഗമാണ്.
1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഹൃദയം. ഇതിൽ ഹൈബ്രിഡാണ് സ്വാതിയുടെ പോർച്ചിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവരം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കും.
അതേസമയം eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 113 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകാനും യോഗ്യമാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ടാറ്റ കർവ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എർക്രോസ് തുടങ്ങിയവയുമായാണ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ മത്സരം.


Click it and Unblock the Notifications








