അംബാനിയല്ല! സെക്യൂരിറ്റി ജീവനക്കാർക്കായി കോടികൾ വില വരുന്ന എസ്‌യുവി വാങ്ങി ശതകോടീശ്വരൻ
ശതകോടീശ്വരന്‍ എന്നുകേൾക്കുമ്പോഴേ ഇന്ത്യക്കാർക്ക് മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് മുകേഷ് അംബാനിയുടേതോ അല്ലെങ്കിൽ ഗൗതം അദാനിയുടേതോ ആവും അല്ലേ. എന്നാൽ പൂനാവാല കുടുംബവും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലുള്ള പ്രമുഖരാണ്. ഇതിൽ ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്ന യോഹാൻ പൂനവാലയെ വണ്ടിഭ്രാന്തൻമാർക്കെല്ലാം സുപരിചിതമാണ്. ഇദ്ദേഹത്തിന്റെ സഹോദരനും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയുമായ അദാർ പൂനാവാലയും വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ഒരു മിടുക്കനാണേ. 'വാക്സിന്‍ രാജകുമാരന്‍' എന്ന് വിളിക്കപ്പെടുന്ന അഡാര്‍ തന്റെ യാത്രകൾക്ക് അകമ്പടിയേകുന്ന സെക്യൂരിറ്റി വാഹന നിരയിലേക്ക് പുത്തനൊരു ആഡംബര എസ്‌യുവി വാങ്ങിയിരിക്കുകയാണ്.
മറ്റേതുമല്ല, കോടികൾ വില വരുന്ന ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിയാണ് തന്റെ അകമ്പടി വാഹന നിരയിലേക്ക് അഡാര്‍ പൂനവാല ചേർത്തിരിക്കുന്നത്. 2011-ലാണ് അഡാര്‍ പൂനാവാല പിതാവില്‍ നിന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വം ഏറ്റെടുത്തത്. തുടർന്ന് കൊവിഡ്-19 മാഹാമാരിയിൽ നിന്നും രാജ്യത്തെ കരകയറ്റാൻ കോവോവാക്സ് വാക്സീൻ വികസിപ്പിച്ചതും ഇതേ കമ്പനിയായിരുന്നു.

ഇനി പുത്തൻ വാഹന വിശേഷങ്ങളിലേക്ക് വന്നാൽ അഡാർ പൂനാവാല തന്റെ സുരക്ഷാ വാഹന വ്യൂഹത്തിലേക്ക് ഒരു മാറ്റ് ബ്ലാക്ക് ലാൻഡ് റോവർ ഡിഫൻഡറാണ് വാങ്ങിയിരിക്കുന്നത്. 7 കോടി വിലയുള്ള ബെന്റ്ലി ബെന്റേഗ EWB ആഡംബര കാറിന് അകമ്പടിയേകാനായാണ് ബോളിവുഡ് സിനിമകളിൽ പോലും പ്രത്യക്ഷപ്പെടുന്ന ഡിഫൻഡറിനെ അഡാർ നിയമിച്ചിരിക്കുന്നത്. ഡിഫൻഡർ എസ്‌യുവിയുടെ 110 X വേരിയന്റാണ് ശതകോടീശ്വരൻ സ്വന്തമാക്കിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഗാർഡുകളാണ് ഈ എസ്‌യുവിയിൽ സഞ്ചരിക്കുന്നതും. 518 bhp കരുത്തിൽ പരമാവധി 625 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള വലിയ 5.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന അഡാർ പൂനാവാലയുടെ ഡിഫൻഡർ 110 X എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

സൂപ്പർചാർജ്‌ഡായിട്ടുള്ള ഈ എഞ്ചിൻ സ്റ്റാൻഡേർഡായി തന്നെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഡിഫൻഡറിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി എസ്‌യുവിയുടെ ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ പോലുള്ള നൂതന സവിശേഷതകളെല്ലാം കോർത്തിണക്കിയാണ് വണ്ടി ഒരുക്കിയിരിക്കുന്നത്.
ഇതുകൂടാതെ വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ഫീച്ചറുകൾ, മെറിഡിയനിൽ നിന്നുള്ള പ്രീമിയം സ്പീക്കർ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, ഒരു ബട്ടണിൽ തൊടുമ്പോൾ ഉയർത്താവുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ തുടങ്ങിയ ഫീച്ചറുകളും അഡാർ പൂനാവാല വാങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ആഡംബര എസ്‌യുവിയിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ സമ്മാനിച്ചിട്ടുണ്ട്.
കരുത്തുള്ളതും ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ലാൻഡ് റോവർ ഡിഫൻഡർ പണികഴിപ്പിച്ചിരിക്കുന്നത്. ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ലാൻഡ് റോവർ ഡിഫൻഡറിന് കഴിയുമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും എസ്‌യുവിക്കായി കൊടുത്തിട്ടുണ്ട്.
ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയുടെ അടിസ്ഥാന കാര്യങ്ങളാണ്. ഡിഫന്‍ഡര്‍ 110 മോഡലിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 5,018 mm നീളവും 2,008 mm വീതിയും 1,967 mm ഉയരവും 3,022 mm നീളമുള്ള വീല്‍ബേസുമാണുള്ളതെന്നും ലാൻഡ് റോവർ പറയുന്നു.


Click it and Unblock the Notifications








